നോട്ട് അസാധുവാക്കലിനെതിരെ പല വിധത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന് യഥാർഥത്തിൽ ആഹ്ലാദം പകർന്നത് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ രാജ്യസഭയിലെ പ്രസംഗമാണ്. തീരെ ഗത്യന്തരമില്ലെങ്കിൽ മാത്രം സംസാരിക്കുന്ന മന്മോഹൻ സിങ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായത് നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങൾ അത്രയേറെ വലുതായതുകൊണ്ടാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

നോട്ട് അസാധുവാക്കലിനെ എതിർക്കുന്നവർക്ക് കിട്ടിയ ഏറ്റവും വലിയ ആയുധമായി മാറിയിരിക്കുകയാണ് മന്മോഹന്റെ ശാന്തഗംഭീരമായ പ്രസംഗം. സോഷ്യൽ മീഡിയയിൽ പ്രസംഗത്തിന്റെ പൂർണരൂപവും അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകളും അതിവേഗത്തിലാണ് പ്രചരിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ പേരുപറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയെ ന്യായീകരിച്ചുകൊണ്ടിരുന്ന ബിജെപി ക്യാമ്പിനും മന്മോഹന്റെ പ്രസംഗം വലിയ ആഘാതമായി മാറി.

പരുക്കൻ പ്രയോഗങ്ങളോ അനാവശ്യമായ വാക്കുകളോ പ്രയോഗിക്കാത്ത മന്മോഹൻ, നോട്ട് അസാധുവാക്കലിനെ സംഘടിത കൊള്ളയെന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രയോഗമാണ് ബിജെപിക്കെതിരെ ഇന്നലെമുതൽ ഏറ്റവും ശക്തമായി പ്രചരിക്കുന്നതും. മറ്റു വിമർശനങ്ങൾ പോലെയല്ല, മന്മോഹൻ സിങ്ങിന്റെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം കൽപിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു.

നോട്ട് അസാധുവാക്കലിനെതിരെ കാര്യമായ പ്രതിരോധം സംഘടിപ്പിക്കാൻ കഴിയാതിരുന്ന കോൺഗ്രസ്സിനും മന്മോഹന്റെ പ്രസംഗം പുതിയ ഊർജം പകർന്നിട്ടുണ്ട്. സാമ്പത്തിക ഉപദേഷ്ടാവ്, ഫിനാൻസ് സെക്രട്ടറി, ധനകാര്യ മന്ത്രി, ആസൂത്രണകമ്മീഷന്റെ ഡപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് മറ്റേത് പ്രതിഷേധത്തിനെക്കാളും മൂർച്ചയുണ്ടെന്ന് രാജ്യസഭാംഗമായ ജയ്‌റാം രമേശും പറയുന്നു. നോട്ട് അസാധുവാക്കൽ ചരിത്രപരമായ മണ്ടത്തരമാണെന്ന് മന്മോഹൻ സിങ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്രയും കാര്യമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നുവേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.