മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗായി അനുപം ഖേർ എത്തുന്നു. ഒന്നാം യുപിഎ ഭരണകാലത്ത് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ദി അക്സിഡന്റൽ പ്രൈം മിനിസ്റ്റർ: ദി മേക്കിങ് ആൻഡ് അൺ മേക്കിങ് ഓഫ മന്മോഹൻ സിങ് എന്ന പുസ്തകത്തെ അധികരിച്ച് നിർമ്മിക്കുന്ന സിനിമയിലാണ് അനുപം ഖേർ മന്മോഹൻ സിംഗായി വേഷമിടുന്നത്.

മുൻ പ്രധാനമന്ത്രിയും സാന്പത്തിക വിദ്ഗദ്ധനുമായ ഡോ.മന്മോഹൻ സിംഗിന്റെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. മന്മോഹൻ സിംഗിന്റെ ജീവിതം അവതരിപ്പിക്കാൻ കഴിയുന്നതിൽ താൻ ആവേശഭരിതനാണെന്ന് അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിംഗിനെ പോലെ തലപ്പാവും താടിയും കണ്ണാടിയുമൊക്കെ ആയാവും അനുപം ഖേർ പ്രത്യക്ഷപ്പെടുക. ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും മന്മോഹനായി വേഷമിടാൻ താൻ തയ്യാറായി കഴിഞ്ഞെന്ന് ഖേർ കൂട്ടിച്ചേർത്തു.2018 ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.