ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് രംഗത്തെത്തി. മോദി നല്ല കച്ചവടവക്കാരനും ഇവന്റ് മാനേജരുമാണെന്ന് വിമർശിച്ച് മന്മോഹൻ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാറിന് സാധിച്ചിട്ടില്ലെന്നും വിമർശിച്ചു. യുപിഎ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പലതും എൻഡിഎ സർക്കാർ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണെന്ന് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച കച്ചവടക്കാരനും ഇവന്റ് മാനേജറും പ്രചാരണ വിദഗ്ദ്ധനുമാണ്. അതിനാൽ മുൻ സർക്കാരിന്റെ പദ്ധതികൾ പുതിയരൂപത്തിൽ അവതരിപ്പിച്ച് കൈയടി നേടുന്നുവെന്നും ഡൽഹിയിൽ ചേർന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപി ഭരണത്തിൽ അധികാരം ഒരാളിൽതന്നെ കേന്ദ്രീകരിക്കുകയാണ്. സദ്ഭരണത്തിന്റെ നായകനെന്ന് അവകാശപ്പെടുന്ന മോദി വർഗീയ വികാരം ഇളക്കിവിടാൻ സഹപ്രവർത്തകരെ അനുവദിക്കുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2014-15 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) വർദ്ധിക്കാൻ തുടങ്ങിയതായി കാണാൻ കഴിയുന്നു. ഇത് സന്തോഷം നൽകുന്ന കാര്യം തന്നെ. എന്നാൽ, ജി.ഡി.പിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് വിടുന്ന കണക്കുകളെ കുറിച്ച് പല ഭാഗത്ത് നിന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്ത് 7.5 ശതമാനം വാർഷിക സാമ്പത്തിക വളർച്ച നേടാനായിരുന്നു. സാമൂഹ്യ മേഖലകളിലെ ചിട്ടയായ പ്രവർത്തനം കൊണ്ടായിരുന്നു ഇത് മന്മോഹൻ പറഞ്ഞു.

കേന്ദ്രത്തിന്റെ ചരക്ക് സേവന നികുതി ബില്ലിനേയും മന്മോഹൻ വിമർശിച്ചു. ഇപ്പോഴത്തെ രൂപത്തിലുള്ള ബിൽ സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യില്ല. അതിനാൽ തന്നെ ബില്ലിനെ കോൺഗ്രസ് പാർലമെന്റിൽ എതിർത്തിരുന്നു. ബിൽ പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.