നരേന്ദ്ര മോദിയുടെ 'മൻ കി ബാത്തി'ന്റെ നേട്ടം ആകാശവാണിക്ക്; പ്രധാനമന്ത്രിയുടെ സഹായത്തോടെ നഷ്ടപ്രതാപത്തിലേക്ക് സർക്കാർ സ്ഥാപനത്തിന്റെ കുതിപ്പ്; 108 സെക്കൻഡ് പരസ്യത്തിന് ലഭിച്ചത് 25 ലക്ഷം രൂപ
ന്യൂഡൽഹി: ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോ മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ ഏക വിജ്ഞാന ഉപകരണം. വാർത്തകൾ അറിയാനും വിനോദപരിപാടികൾക്കും ആകാശവാണിയെയാണ് എല്ലാ ജനങ്ങളും ആശ്രയച്ചിരുന്നത്. എന്നാൽ, സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ വിസ്മൃതിയിലേക്കു മറയുകയായിരുന്നു ഓൾ ഇന്ത്യ റേഡിയോ എന്ന സർക്കാർ സ്ഥാപനം. ഇപ്പോഴിതാ നഷ്ടപ്രതാപം വീണ്ടെടുക
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോ മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ ഏക വിജ്ഞാന ഉപകരണം. വാർത്തകൾ അറിയാനും വിനോദപരിപാടികൾക്കും ആകാശവാണിയെയാണ് എല്ലാ ജനങ്ങളും ആശ്രയച്ചിരുന്നത്. എന്നാൽ, സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ വിസ്മൃതിയിലേക്കു മറയുകയായിരുന്നു ഓൾ ഇന്ത്യ റേഡിയോ എന്ന സർക്കാർ സ്ഥാപനം.
ഇപ്പോഴിതാ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആകാശവാണിക്ക് അവസരം ഒരുങ്ങിയിരിക്കുന്നു. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ആകാശവാണിയെന്ന മാദ്ധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പുതിയ പ്രതീക്ഷ സർക്കാരിന്റെ ഈ സ്ഥാപനത്തിനു കൈവന്നത്.
പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' എന്ന പരിപാടി ആകാശവാണിക്ക് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞായറാഴ്ചത്തെ പരിപാടിക്ക് വളരെ മുമ്പുതന്നെ 25 ലക്ഷം രൂപയാണ് പരസ്യദാതാക്കളിൽ നിന്ന് ആകാശവാണിക്ക് ലഭിച്ചത്.
മൻ കി ബാത്തിന്റെ പ്രചാരണത്തിനായി മാനേജ്മെന്റിനു മുന്നിൽ തങ്ങൾ നിർദ്ദേശം സമർപ്പിച്ചിരുന്നതായി ഓൾ ഇന്ത്യ റേഡിയോയിൽ പരസ്യവിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം ഉന്നതോദ്യോഗസ്ഥർ അംഗീകരിച്ചതോടെയാണ് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന പരിപാടിയായി മൻ കി ബാത്ത് മാറിയത്.
സർക്കാർ സ്ഥാപനങ്ങളായ ആകാശവാണിയും ദൂരദർശനും വീണ്ടും പഴയ പ്രതാപത്തിലെത്തണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്. ജനങ്ങളുമായി സംവദിക്കാൻ ആകാശവാണി തന്നെ തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായാണ്. കൂടുതൽ പേരിലേക്ക് എത്തും എന്ന വസ്തുതയും മൻ കി ബാത്തിനായി ആകാശവാണി തെരഞ്ഞെടുക്കാൻ കാരണമായിരുന്നു.
റേഡിയോയിലെ ഒരു ബ്ലോക്ക് ബസ്റ്റർ ഷോ ആയി മാറാനുള്ള എല്ലാ ചേരുവയും മൻ കി ബാത്തിനുണ്ടെന്നാണ് പരസ്യരംഗത്തെ പ്രമുഖരുടെ അഭിപ്രായം. വിവിധ മേഖലകൾ സ്പർശിക്കുന്ന ബ്രാൻഡുകളാണ് മൻ കി ബാത്തുമായി ഇപ്പോൾ സഹകരിക്കുന്നത്. ടിവിക്കും അച്ചടി മാദ്ധ്യമങ്ങൾക്കും എത്താൻ ആകുന്നതിലധികം പേരിലേക്ക് റേഡിയോക്ക് എത്താൻ കഴിയുന്നു എന്നതും മൻ കി ബാത്തിനെ സൂപ്പർ ഹിറ്റാക്കുന്നു.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ തത്സമയ വിവരണത്തിനേക്കാൾ പരസ്യ നിരക്ക് മൻ കി ബാത്തിനാണെന്നതും പരിപാടിയുടെ ജനപ്രീതിയെ കുറിക്കുന്നുണ്ട്. പരിപാടിയുടെ ഇടയ്ക്കുള്ള പത്തുസെക്കൻഡ് പരസ്യത്തിന് രണ്ടുലക്ഷത്തിലേറെയാണ് ലഭിച്ചത്. എന്നാൽ വെറും 10,000 മുതൽ 15,000 വരെയാണ് പ്രധാന ക്രിക്കറ്റ് മത്സരങ്ങളുടെ വിവരണങ്ങൾക്കു പോലും ലഭിക്കുന്നത്.
105 സെക്കൻഡ് പരസ്യത്തിനായി മാറ്റിവച്ചപ്പോൾ 25 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്. ആകാശവാണി 240 ചാനലുകളിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇവയിലെല്ലാം മൻ കി ബാത്ത് തത്സമയം കേൾപ്പിക്കുന്നുണ്ട്. 14 പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തും മോദിയുടെ പ്രസംഗം ആകാശവാണി ജനങ്ങളിലെത്തിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രാദേശിക തലത്തിൽ വെവ്വേറെ പരസ്യദാതാക്കളെ കണ്ടെത്തി വരുമാനത്തിൽ ഇനിയും വർധനയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആകാശവാണി.
Graphic courtesy: Economic Times