ന്യൂഡൽഹി: കാർഷികോത്പന്നങ്ങളുടെ താങ്ങുവില നിലനിർത്താനായില്ലെങ്കിൽ മുഖ്യമന്ത്രി പദവി രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 'ഹരിയാനയിൽ താങ്ങുവില തുടരാൻ തന്നെയാണ് തീരുമാനം. ആരെങ്കിലും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടർ രാഷ്ട്രീയം ഉപേക്ഷിക്കും.' - അദ്ദേഹം പറഞ്ഞു.

ഡൽഹി-ഹരിയാന-പഞ്ചാബ് അതിർത്തികളിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷക പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് ഹരിയാണയിൽ മുനിസിപ്പൽ കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കും സഖ്യകക്ഷിയായ ജെജപിക്കും സോനിപത്തിലും അംബാലയിലും തോൽവിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. കർഷക സമരം തിരഞ്ഞെടുപ്പിനെ ബാധിച്ചതായി അംബാലയിൽ നിന്നുള്ള ബിജെപി. എംഎൽഎ അസീം ഗോയൽ അഭിപ്രായപ്പെട്ടിരുന്നു.

മൂന്ന് മേയർ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് വിജയിക്കാനായത്. അംബാല, പഞ്ച്കുള, സോനിപത് നഗരങ്ങളിലേക്കുള്ള മേയർ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചകുലയിൽ ബിജെപി കഷ്ടപ്പെട്ട് വിജയിച്ചപ്പോൾ സോനിപതിലും അംബാലയിലും യഥാക്രമം കോൺഗ്രസും ഹരിയാന ജൻ ചേത്ന പാർട്ടിയും (എച്ച്ജെസിപി) മേയർ സ്ഥാനങ്ങൾ നേടി.

ആദ്യമായാണ് മൂന്ന് നഗരങ്ങളിലെ മേയർ തസ്തികകളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് വർഷം മുൻപ് ഹരിയാനയിലെ അഞ്ച് നഗരങ്ങളിൽ നടന്ന മേയർ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ ഭരണമുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരിച്ചടിയായി. 2018 ൽ ഹിസാർ, കർണാൽ, പാനിപ്പത്ത്, റോഹ്തക്, യമുനാനഗർ എന്നിവിടങ്ങളിൽ നടന്ന മേയർ തിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചിരുന്നത്. ഈ വർഷം നവംബറിൽ സോനിപത്തിലെ ബറോഡ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടിരുന്നു. സീറ്റ് കോൺഗ്രസ് സീറ്റ് നിലനിർത്തുകയും ചെയ്തു.