ന്യൂഡൽഹി: ഗോവയിൽ ബിജെപി സർക്കാരിനെ മറിച്ചിടാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തുടരുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. പരീക്കർ തുടരുമെങ്കിലും മന്ത്രിസഭ അഴിച്ചുപണിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം.

മനോഹർ പരീക്കറെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ സർക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പരീക്കർ ആശുപത്രിയിലായതോടെ ബിജെപി സർക്കാരിന്റെ സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങൾക്കു സർക്കാർ രൂപീകരിക്കാൻ മതിയായ ഭൂരിപക്ഷം ഉണ്ടെന്നുമാണ് കോൺഗ്രസ് അവകാശവാദം.

നാൽപത് അംഗ നിയമസഭയിൽ 16 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 14 സീറ്റു മാത്രമാണുള്ളത്. ഗോവ ഫോർവേർഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്ക് പാർട്ടി, എൻസിപി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചിരിക്കുന്നത്. നേരത്തെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് പരീക്കറിന് പകരം ഒരാളെ കണ്ടാത്താൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ, പ്രാദേശിക നേതാക്കൾ തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടർന്നാണ് പാർട്ടി നേതൃത്വത്തിന്റെ മനംമാറ്റം.

നിയമസഭ പിരിച്ചുവിടാതെ കോൺഗ്രസ് അവസരം നൽകണമെന്നായാരിന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബിജെപിയെ തുണയ്ക്കുന്ന ചില കക്ഷികൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവകാശവാദമുയർത്തി. ബിജെപിയുടെ സഖ്യകക്ഷി ആരായാലും അവർ പി്ന്തുണച്ചത് പരീക്കറിനെ മാത്രമാണ്. പരീക്കറിന് ചുമതല നിർവഹിക്കാൻ കഴിയാതെ വന്നതിനാൽ, ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഗോവ, മുംബൈ, ന്യുയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം പരീക്കർ ഇപ്പോൾ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.