പനാജി: ഗോവയിൽ മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി ഗവർണ്ണർ നിയമിച്ചു. അദ്ദേഹം ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചെറു കക്ഷികളുടെ പിന്തുണയാണ് പരീക്കറിന് തുണയാകുന്നത്.

ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണനേടിയ പരീക്കർ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ കണ്ടിരുന്നു. 40 അംഗ നിയമസഭയിൽ 22 അംഗങ്ങളുടെ പിന്തുണയാണ് ബിജെപി.ക്കുള്ളത്. മുഖ്യമന്ത്രിയാകാനായി പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. പരീക്കറിന്റെ അവകാശ വാദം അംഗീകരിച്ച് മന്ത്രിസഭ രൂപീകരിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടു. പതിനഞ്ച് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.

ഞായറാഴ്ചരാത്രി എട്ടോടെയാണ് മനോഹർ പരീക്കർ ഗോവ ഗവർണർ മൃദുല സിൻഹയെ കണ്ടത്. ബിജെപി.യുടെ 13 അംഗങ്ങൾക്ക് പുറമെ, മൂന്നംഗങ്ങൾ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയുടെയും എൻ.സി.പി.യുെട ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബിജെപി.ക്ക് ലഭിച്ചത്. ഇവരുടെ പിന്തുണക്കത്തുമായാണ് പരീക്കർ ഗവർണറെ കണ്ടത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഒപ്പമുണ്ടായിരുന്നു. ഈ ആവശ്യം പരിഗണിച്ച ഗവർണ്ണർ പരീക്കറിനെ മുഖ്യമന്ത്രിയായാൻ ക്ഷണിക്കുകയായിരുന്നു.

പാർട്ടി നിയമസഭാകക്ഷിയോഗം അദ്ദേഹത്തോട് നേതൃസ്ഥാനമേറ്റെടുക്കണമെന്ന് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. മുമ്പ് ഗോവയിൽ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനം ഏറ്റെടുക്കാനായി രാജിവെക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രബലമായ കത്തോലിക്കാസഭയുടേതടക്കം പിന്തുണയുള്ള നേതാവാണ് അദ്ദേഹം.ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 13 ബിജെപി. എംഎ‍ൽഎ.മാരിൽ ഏഴുപേരും കത്തോലിക്കാ വിഭാഗത്തിൽപെട്ടവരാണ്. ഈ സാഹചര്യത്തിലാണ് പരീക്കർ വീണ്ടും മുഖ്യമന്ത്രിയാകുന്നത്.

പരീക്കർ മുഖ്യമന്ത്രിയാവുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നായിരുന്നു ചെറിയ കക്ഷികളുടേയും നിലപാട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് ഒരു സ്വതന്ത്രനടക്കം 18 അംഗങ്ങളാണുള്ളത്. എന്നാൽ ചെറുകക്ഷികളാരും കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറല്ല. കുതിരക്കച്ചവടമാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.