തൃശൂർ: പൊലീസ് ഐ.ജി: മനോജ് എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തിൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് എറണാകുളം വിജിലൻസ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്നും ഹെഡ്ക്വാർട്ടേഴ്‌സിൽ മേലധികാരിയായിരിക്കേ പർച്ചേസിൽ തിരിമറി നടത്തിയെന്നും സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും ആരോപിച്ച് പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരനാണു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ഡിസംബർ എട്ടിനാണ് അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ടത്.

ഇതുസംബന്ധിച്ച ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് എറണാകുളം സ്‌പെഷൽ സെൽ ഡിവൈ.എസ്‌പി: ബിജുജോർജ് തൃശൂർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. വിദേശയാത്ര നടത്തിയത് അനുമതിയോടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മറ്റ് ആക്ഷേപങ്ങളിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നു റിപ്പോർട്ടിൽ വിശദീകരിച്ചു. പത്തനംതിട്ട എസ്‌പിയായിരുന്ന രാഹുൽ ആർ നായരെ അഴിമതിക്കേസിൽ പിടിക്കപ്പെട്ടതിന്റെ തുടർച്ചയായാണ് മനോജ് എബ്രഹാമിനെതിരെ ആരോപണം ഉയർത്തിയത്. മനോജ് എബ്രഹാമിന്റെ ഇടപെടലിന്റെ ഫലമായാണ് ക്വാറികൾ തുറന്ന് കൊടുത്തതെന്ന് രാഹുൽ മൊഴി നൽകിയിരുന്നു.

പത്തനംതിട്ടയിൽ ക്വാറികൾ പ്രവർത്തിക്കാൻ ചട്ടംലംഘിച്ച് അനുമതി നൽകിയെന്നും പരാതിക്കാരൻ ആക്ഷേപമുന്നയിച്ചിരുന്നു. അതിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ കൊച്ചിയിലും പരിസരത്തും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു മുഖ്യപരാതി. അതേസമയം, ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട് മാർച്ച് ആദ്യം ഹാജരാക്കണമെന്നു വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. തുടർന്ന് ഹർജിക്കാരൻ കോടതിയെ വീണ്ടും സമീപിച്ചു. പ്രതിയുടെ ഇടപെടലിനെ തുടർന്നാണു കേസ് നീളുന്നതെന്നായിരുന്നു പരാതി. ഏപ്രിൽ 10 ന് ഐ.ജി നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.

മനോജ് ഏബ്രഹാമിനെതിരേ ക്വാറി ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിൽപ്പെട്ടിരുന്ന പത്തനംതിട്ട എസ്‌പിയായിരുന്ന രാഹുൽനായർ വിജിലൻസിനു മൊഴി നൽകിയതോടെയാണു കേസ് വിവാദമായത്. അടച്ചിട്ട ക്വാറികൾ തുറക്കാൻ ഐജി സമ്മർദം ചെലുത്തിയെന്നായിരുന്നു രാഹുൽ നായരുടെ മൊഴി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം പിന്നീട് ആഭ്യന്തരമന്ത്രിക്കു പരാതി നൽകി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. രാഹുൽ നായരുടെ മൊഴിയെത്തുടർന്ന് ഐജിക്കെതിരേ ചന്ദ്രശേഖരൻ നായർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി.

ഇതോടെ വിജിലൻസ് കേസിൽ മനോജ് എബ്രഹാം കുറ്റവിമുക്തനാകുമെന്നാണ് സൂചന. എന്നാൽ വിജിലൻസിന്റെ റിപ്പോർട്ട് തട്ടിപ്പാണെന്ന നിലപാടിലാണ് പരാതിക്കാരനായ ചന്ദ്രശേഖരൻ. രാഹുൽനായർ, മനോജ് എബ്രഹാമിനും എ.ഡി.ജി.പി ശ്രീലേഖക്കുമെതിരെ വിജിലൻസിന് മൊഴി നൽകിയിരുന്നു. അടച്ചിട്ട ക്വാറികൾ തുറക്കാൻ നിരവധി തവണ സമ്മർദം ചെലുത്തിയിരുന്നുവെന്നും ക്വാറി ഉടമകളുമായി മനോജ് എബ്രഹാമിന് ബന്ധമുണ്ടെന്നുമാണ് രാഹുൽ നായർ ആരോപിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

രാഹുൽ നായരുടെ മൊഴിയെ തുടർന്ന് മനോജ് എബ്രഹാമിനെതിരെ ചന്ദ്രശേഖരൻ നായർ നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയിരുന്ന ഹർജി കോടതി തള്ളിയിരുന്നു. ഒരേ ആവശ്യത്തിൽ രണ്ട് കോടതിയിൽ ഒരേ സമയം ഹർജി നൽകിയത് ഏറെ വിവാദമായിരുന്നു.