പത്തനംതിട്ട: ചിറ്റയം ഗോപകുമാർ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സിപിഐ പത്തനംതിട്ട ജില്ലാ. അസി. സെക്രട്ടറി മനോജ് ചരളേലിനെതിരെ നടപടിയെടുത്ത് പാർട്ടി. ജാതി അധിക്ഷേപം നടത്തിയ മനോജ് ചരളേലിനെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ്. സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് മനോജിനെതിരെ നടപടി എടുത്തതത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മനോജ് നടത്തിയ ജാതി അധിക്ഷേപത്തിന്റെ വാർത്ത മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്. മനോജ് വധുവുമായി സംസാരിക്കുന്ന വേളിയിൽ എംഎൽഎയെ ജാതീയമായി അധിക്ഷേപിക്കുന്ന വോയിസ് ക്ലിപ്പുകൾ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതാണ് മറുനാടൻ വാർത്തയാക്കിയത്.

സിപിഐ ജില്ലാ അസി. സെക്രട്ടറിയായ മനോജ് ചരളേലിന് ജാതി അധിക്ഷേപത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവു വരുന്ന അംഗത്വവും നഷ്ടമായിരുന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പദം വരെയെത്തിയിട്ടുള്ള മനോജ് ചരളേൽ വിവാദം ഉണ്ടാകുന്നതിന് മുൻപു വരെ പാർട്ടിയിലെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു. ഇപ്പോഴത്തെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ആ ടീമിലുൾപ്പെടാൻ മനോജിന് തുണയായത് മുന്മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ ലേബലായിരുന്നു. പികെവിയുടെ അനന്തരവളുടെ മകനെന്ന പരിഗണന മനോജിനും പാർട്ടി എന്നും നൽകിപ്പോന്നിരുന്നു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മനോജിനെ പരിഗണിച്ചത്.

ജാതി അധിക്ഷേപവിവാദം ഇത്ര കണ്ട് സമൂഹത്തെ സ്വാധീനിച്ചതോടെ പാർട്ടിയിൽ നിന്നും തന്നെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കയാണിപ്പോൾ. അതേസമയം, ഇത്രയൊക്കെ പുകിലുണ്ടായിട്ടും ഈ വിഷയത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎ നേരിട്ട് പരാതി നൽകിയിരുന്നില്ല. എന്നാൽ, പാർട്ടിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണഅ നടപടി. ഈ സംഭവത്തിൽ സോഷ്യൽ മീഡിയിൽ സിപിഐക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം മനസു കൊണ്ട് മനോജ് ചരളേലിന് ഒപ്പമായിരുന്നെങ്കിലും വിവാദം ശമിപ്പിക്കാൻ വേണ്ടിയാണ് കൈവിട്ടത്. അടൂർ നിയമസഭാമണ്ഡലത്തിൽ മത്സരിക്കുന്നതിനായി കൊട്ടാരക്കരയിൽ നിന്നും ചിറ്റയത്തെ കെട്ടിയിറക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിന്റെ കോട്ടയാക്കിയിരുന്ന മണ്ഡലത്തിൽ യാതൊരു വിജയപ്രതീക്ഷയുമില്ലാതെയാണ് 2010 ൽ കൊട്ടാരക്കരയിൽ നിന്നും ചിറ്റയം മത്സരിക്കാനെത്തിയത്. കോൺഗ്രസിന് എത്ര വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ഇവിടെ ചിറ്റയം പന്തളം സുധാകരനെ അട്ടിമറിച്ച് വെന്നിക്കൊടി നാട്ടിയത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാജുവിനെതിരേ 25,000 വോട്ടിന്റെ ഭൂരിപക്ഷം കൂടിയായതോടെ ചിറ്റയത്തെ പിടിച്ചാൽ കിട്ടാതായി. ഇത് അടൂരിലെ സിപിഐക്കാർക്ക് തിരിച്ചടിയായി. പാർട്ടി സെക്രട്ടറിയുടെ സഹോദരൻ അടക്കമുള്ള കരാറുകാർക്ക് എംഎൽഎ ഫണ്ടിൽ നിന്നുള്ള ജോലികൾ കിട്ടാതായി. അതേസമയം പാർട്ടി ജില്ലാകമ്മറ്റിക്ക് ചിറ്റയത്തോട് വലിയ താൽപര്യവുമുണ്ടായിരുന്നില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ കൊടിക്കുന്നിലിന് എതിരായി ചിറ്റയത്തെ മത്സരിപ്പിക്കാൻ സിപിഐ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ജാതി അധിക്ഷേപത്തിന്റെ പേരിൽ മനോജിനെതിരെ നടപിടി കൈക്കൊണ്ടിരിക്കുന്നത്.

പന്തളം പൂഴിക്കാട് ഗവ. സ്‌കൂളിലെ അദ്ധ്യാപികയായ യുവതിയാണ് ഫോൺ സംഭാഷണം പുറത്തു വിട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ ഈ യുവതിയുമായി മനോജ് ചരളേലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ആറന്മുള സത്രത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ രണ്ടു സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഉപാധ്യക്ഷൻ എന്നിവരൊക്കെ പങ്കെടുത്തിരുന്നു. ഏപ്രിലിലേക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മോതിരമാറ്റം കഴിഞ്ഞതിനു ശേഷം മനോജിനെപ്പറ്റിയുള്ള ചില രഹസ്യങ്ങൾ യുവതി മനസിലാക്കിയെന്നും അതുകൊണ്ട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് പറയുന്നത്.