വീഴ്ചയുടെ ആഘാതം, അത് സ്വയംകൃതാനർഥമായാലും പരഹിതപ്രേഷിതപ്രവർത്തനമായാലും, എത്രമാത്രമുണ്ടെന്നു അറിഞ്ഞ മനുഷ്യനാണു പി.പി. മുകുന്ദൻ അഥവാ മുകുന്ദേട്ടൻ. ഔപചാരിതകൾ തീരെയില്ലാത്ത മനുഷ്യനാണു അദ്ദേഹം. മനസ്സു പറയുന്നത് കേൾക്കും. മനസ്സിനൊപ്പം നിൽക്കും. ആ മനസ്സാണു ഇപ്പോൾ നാം കാണുന്നത്.

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദിലീപിനുവേണ്ടി ദോഷപരിഹാരം നടത്തി തന്റെ സ്‌നേഹവും സൗഹൃദവും കറയില്ലാതെ മുകുന്ദേട്ടൻ തെളിയിച്ചു. അതാണു യഥാർഥ മനസ്സ്. വീണു പോകുന്നവനെ അവിടെയിട്ടു ചവിട്ടാൻ നിൽക്കാതെ, ഇത്തിരി കാരുണ്യം പകരുക എന്നതാണു അഭികാമ്യം.

കൊലപാതകം ചെയ്തു വന്നവനേയും സ്‌നേഹിക്കാൻ കഴിയുന്നിടത്ത് ലോകം പുതിയ പ്രകാശത്തിലേക്ക് കടക്കുന്നു. കൊന്നവന്റെ കുടുംബത്തോട് ക്ഷമിക്കാൻ കഴിയുമോ എന്ന അവസാന ചോദ്യത്തിൽ പരിപാടി ആരംഭിക്കുന്ന, നടക്കാതെ പോയ എന്റെ ഒരു ടെലിവിഷൻ ആശയം ഇപ്പോൾ മനസ്സിൽ ഓടിയെത്തുന്നു.

ഒറ്റപ്പെട്ടവന്റെ വേദന മുകുന്ദേട്ടനു നന്നായറിയാം. വാഴുന്നവനു ''കീ ജയ്'' വിളിക്കുവനേയും വീഴുന്നവനെ ചവിട്ടി ഒതുക്കുന്നവനേയും ഇക്കാലമത്രയും അദ്ദേഹം തന്റെ നേർക്കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് മുകുന്ദേട്ടനെ കണ്ടപ്പോൾ, അദ്ദേഹത്തിനു ഒരു മാറ്റവും കണ്ടില്ല. സിംഹത്തിന്റെ ശൗര്യവും വാൽസല്യവും അതേപടി.

വേദനിക്കുന്നവന്റെ കൂടെ നിൽക്കുക എന്ന മുകുന്ദേട്ടന്റെ മനസ്സിനു അഭിവാദ്യങ്ങൾ. ഇപ്പോൾ ഓർമ വരുന്നത് ഒരു ബൈബിൾ വചനമാണു: ''മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ.'' (മത്തായി 7:12)

(മനോജ് മനയിൽ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)