ഒരു വള്ളിപോയാൽ

ശിവനും ശവമാകും സാർ!
=========================
പരമശിവന്റെ പര്യായങ്ങളിലൊന്ന് കാലകാലൻ എന്നാണ്. എന്നുപറഞ്ഞാൽ കാലന്റെയും കാലൻ എന്ന്. ഈ പേരുവന്നത് മൃതപ്രായനായ മാർക്കണ്ഡേയൻ എന്ന പതിനാറുകാരനെ സാക്ഷാൽ ശിവൻ കാലന്റെ പിടിയിൽനിന്നും രക്ഷിച്ചെടുത്തപ്പോഴാണ്. മൃതപ്രായനായ പയ്യനാകട്ടെ പ്രാർത്ഥിച്ച് കെട്ടിപ്പിടിച്ചത് ശിവലിംഗത്തിലും. സാങ്കേതികാർത്ഥത്തിൽ മൃതമായവനെപ്പോലും അയിത്തമില്ലാതെ രക്ഷിച്ചെടുക്കാൻ ശ്രമിച്ച അതേ ദേവൻ കുടികൊള്ളുന്ന എറണാകുളം ശിവക്ഷേത്രത്തിന്റെ പരിസരത്തിൽ ഒരു പാവപ്പെട്ട കലാകാരന് അൽപ്പനേരം അന്ത്യനിദ്രകൊള്ളാൻ സമ്മതിക്കാത്ത, ആചാരമാണെന്നു ആക്രോശിച്ച നവഹിന്ദുഭക്തിവാദികളെക്കണ്ട് സത്യത്തിൽ ഈ നാട്ടിൽ ഹിന്ദുവായി ജീവിക്കാൻ പേടിതോന്നുന്നുണ്ട്.

അക്കാദമി ആർട്ട് ഗാലറി ഒരു ക്ഷേത്രത്തിന്റെ പരിസരത്തായിപ്പോയത് ആരുടെ കുറ്റമാണ് സാർ? അന്തരിച്ച പ്രശസ്ത കലാകാരൻ അശാന്തന്റെ ഭൗതികദേഹം എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിലെ അക്കാദമി ആർട്ട് ഗാലറിയിൽ സമാനമനസ്‌കർക്ക് അന്ത്യോപചാരമർപ്പിക്കാൻ സമ്മതിക്കില്ലെന്ന ഫത്വയുമായി ഇറങ്ങി കോമരങ്ങളെപ്പോലെ ഉറഞ്ഞാടിയ അമ്പലവാസികളെക്കണ്ടപ്പോൾ 'ഇനി അമ്പലങ്ങൾക്ക് തീ കൊളുത്താം' എന്ന വിടിയുടെ പ്രസിദ്ധവചനം ഓർമയിൽ പുഴുക്കളായി അരിച്ചുനടക്കുന്നു.

എന്തിനാണ് സാർ ഇത്രമാത്രം ശൗര്യം? നിർധനനായി ജനിച്ച്, നിർധനനായി മരിച്ച അശാന്തൻ എന്ന കലാകാരന് കൂട്ടുണ്ടായിരുന്നത് കല മാത്രമായിരുന്നു. നിങ്ങൾക്കറിയാമോ, ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ച് ഇരിക്കപ്പിണ്ഡങ്ങളായി മാറിയ പൗരോഹിത്യം മൂന്നും അഞ്ചും നേരങ്ങളിൽ അന്നവും ജലവും ഊട്ടുന്ന എറണാകുളത്തപ്പൻ കലയുടെ രാജാധിരാജനാണെന്ന്. അങ്ങനെയാണ് സാറേ, മൂപ്പർക്ക് നടരാജൻ എന്ന പേരു കിട്ടിയത്. അല്ലാതെ നടവരവിൽ ഏറ്റവും കൂടുതൽ പണം കിട്ടുന്ന ദേവനായതുകൊണ്ടല്ല നടരാജൻ എന്ന പേരുവന്നത്. ആ കലാകാരമൂർത്തി അധിവസിക്കുന്ന (സംശയമുണ്ട്) എറണാകുളം ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുതന്നെ നിങ്ങളൊക്കെ ഉറഞ്ഞാടുന്നതുകാണുമ്പോൾ ഭാരതീയസംസ്‌കൃതിയുടെ ആണിക്കല്ലായി ഭക്തി ഉദയം കൊള്ളുന്നത് ഞാനടക്കമുള്ളവർ രോമാഞ്ചംവന്നു നോക്കിനിൽക്കുന്നുണ്ട്. അത്രമാത്രം അസഹിഷ്ണുക്കളും മൊരടന്മാരുമാണെങ്കിൽ നിങ്ങൾ ആർട്ടുഗാലറിക്കടുത്തുനിന്നും ശിവക്ഷേത്രം ഏതെങ്കിലും ഊഷരഭൂമിയിലേക്കു പറിച്ചുനടുന്നതായിരിക്കും നല്ലത്.

പലരും പറയുന്നതുപോലെ ദളിതനായതുകൊണ്ടൊന്നുമായിരിക്കില്ല ക്ഷേത്രവൈതാളികർ ഉറഞ്ഞുതുള്ളിയത്. കാരണം അവർക്ക് ഇന്നാട്ടിലെ ഏതെങ്കിലും കലാകാരനെ അറിയാമോ? തലച്ചോറിൽ അമേധ്യവും മനസ്സിൽ കുഷ്ഠവുമായി നടക്കുന്ന അമ്പലക്കമ്മറ്റിക്കാർ, സംക്രാന്തിയറിയാത്ത കാട്ടുകോഴികളാണ്. മണ്ണിനും ചാണകത്തിനും കൊള്ളാത്ത നിങ്ങളുടെ പേക്കൂത്തിൽ അപമാനിക്കപ്പെടുന്നത് ഒരു വലിയ സമൂഹമാണെന്ന് മറന്നുപോകരുത്.

ഈശാവാസ്യത്തിലെ പ്രസിദ്ധമായ മന്ത്രമാണ് 'ഭസ്മാന്തം ശരീരം' എന്നത്. 'വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം
ഓം ക്രതോസ്മരകൃതംസ്മരകൃതോസ്മരകൃതംസ്മര'
എന്നാണ് പൂർണരൂപം. പ്രാണൻപോയ ദേഹം ഭസ്മമായിത്തീരുന്ന വലിയൊരു തത്വപ്രകാശനമാണ് സാർ ഈ മന്ത്രം ഉൾക്കൊള്ളുന്നത്. ഭസ്മാഭിഷിക്തസ്വരൂപനായ ശിവൻ ഇരുന്നരുളുന്ന ക്ഷേത്രസിൽബന്ധികളായ നിങ്ങൾതന്നെ ഉറഞ്ഞുതുള്ളണം, എങ്കിലേ കാര്യങ്ങൾക്ക് ഒരു പരിണാമഗുസ്തിയുണ്ടാവൂ.

ക്ഷേത്രോപജീവികളായ ഹിന്ദുസമൂഹം കാലംചെല്ലുന്തോറും അമ്പലത്തിന്റെ പേരിൽ എന്തു ചെറ്റത്തരത്തിനും മടിക്കില്ലെന്ന വളരെ മനോഹരമായൊരു സൂചന നിങ്ങൾ തരുന്നുണ്ട്. പ്രാണൻവിട്ടുപിരിഞ്ഞ ഒരു ദേഹത്തോട് ഇങ്ങനെ അധമരായി പെരുമാറാൻ നിങ്ങളുടെ ക്ഷേത്രഭജനം സഹായിക്കുന്നുമുണ്ട് എന്നും കരുതേണ്ടി വരും.

എന്നാൽ മറ്റു പ്രമുഖരുടെ ശവങ്ങൾക്ക് ദർബാർഹാൾ ഗ്രൌണ്ടിലേക്ക് പ്രവേശനം ഉണ്ടെന്നതോർക്കുമ്പോൾ അശാന്തന്റെ ദളിത് വ്യക്തിത്വം പ്രമാണിമാരായ അമ്പലക്കമ്മറ്റിക്കാർക്ക് അയിത്തം ഉൽപ്പാദിപ്പിച്ചോ എന്നും സംശയിക്കണം.

ഒരുകാര്യം ഓർമിക്കുന്നതു നന്നാവും. ഒരു വള്ളിപോയാൽ ശിവനും ശവമാകും സാർ