കൊച്ചി: കൊച്ചി സെൻട്രൽ പൊലീസ് 'പിടികിട്ടാപ്പുള്ളി'യായി പ്രഖ്യാപിച്ച മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ പൊലീസ് സ്‌റ്റേഷന് മുന്നിലെത്തി. ഇന്നലെ വൈകുന്നേരം 5. 40തോടെയായിരുന്നു സംഭവം. എന്നാൽ 'പിടികിട്ടാപ്പുള്ളി'യായി പ്രഖ്യാപിച്ച വ്യക്തി സ്റ്റേഷൻ പരിസരത്ത് എത്തിയിട്ടും പൊലീസ് അറസ്റ്റു ചെയ്യാൻ ശ്രമിക്കുകയോ മറ്റോ ചെയ്തില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്! പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല. കൊച്ചി മേയർ ടോണി ചമ്മണിയുടെ വിദേശയാത്രയെ കുറിച്ചുള്ള വാർത്തയ്ക്ക് കമന്റിട്ടിന്റെ പേരിൽ പൊലീസ് പിടികിട്ടാപ്പുള്ളിയെന്ന കാണിച്ച് പ്രസ് റീലിസ് ഇറക്കിയ നിരക്ഷനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

തന്റെ പിടികിട്ടാപ്പുള്ളിയാക്കിയ അധികാരികൾക്ക് മറുപടിയായി പൊലീസ് സ്‌റ്റേഷന്റെ മുന്നിൽ നിന്ന് സെൽഫ് പടം എടുത്താണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് താൻ പിടികിട്ടാപ്പുള്ളിയല്ലെന്ന് നിരക്ഷരൻ പ്രഖ്യാപിച്ചത്. പടത്തിനൊപ്പം അദ്ദേഹം ഇട്ട കമന്റ് ഇങ്ങനെയാണ്: 'തിരഞ്ഞ് നടക്കുന്നവരെ തിരഞ്ഞ് ചെന്നപ്പോൾ........(തീയതി: 14 ജനുവരി 2015, സമയം: 17:40.) അവരെങ്ങാനും ഇനി കടപ്പുറത്ത് തിരയെണ്ണാൻ പോയിരിക്കുകയാണോ?'

കൊച്ചി സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ നിന്നും ഏതാനും വാര അകലെ താമസിക്കുന്ന മനോജ് രവീന്ദ്രനെ പിടികിട്ടാപ്പുള്ളിയാക്കിതിൽ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. താൻ പൊലീസ് സ്‌റ്റേഷനിൽ വന്നിരുന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തന്റെ ബ്ലോഗിൽ ഇതേക്കുറിച്ച് വിവരിച്ചിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെയയിരുന്നു അദ്ദേഹത്തെ പൊലീസ് 'പിടികിട്ടാപ്പുള്ളിയാക്കിയത്. ഇതോടുള്ള പ്രതിഷേധമായിരുന്നു ഈ സെൽഫി ചിത്രം. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതും.