- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോജ് തിവാരി ഇനി അധികാരത്തിന്റെ 'ക്രീസിൽ'; ബംഗാളിൽ മന്ത്രിപദവിയിൽ 'ഗാർഡെടുത്ത്' മുൻ ഇന്ത്യൻ ക്രിക്കറ്റർ; പുതിയ 'ഇന്നിങ്സിൽ' കായിക മന്ത്രിയായേക്കുമെന്ന് സൂചന; തൃണമൂൽ കോൺഗ്രസിന്റെ മുന്നണിപോരാളിയായി സഭയിലെത്തിയത് ശിവ്പൂർ മണ്ഡലത്തിൽ നിന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ മന്ത്രിപദത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റർ മനോജ് തിവാരി. നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂർ മണ്ഡലത്തിൽ മത്സരിച്ച മനോജ് തിവാരി 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂൽ കോൺഗ്രസ് മന്ത്രിമാരിൽ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ഇന്നിങ്സിൽ ബംഗാളിന്റെ കായിക മന്ത്രിയാകും തിവാരിയെന്നാണ് സൂചന.
2008 മുതൽ 2015 വരെയായി 12 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു. ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയടക്കം 287 റൺസടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. 119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 27 സെഞ്ച്വറിയടക്കം 8,752 റൺസാണ് സമ്പദ്യം.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പർജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എൽ ഫൈനലിൽ ഡ്വെയ്ൻ ബ്രാവോക്കെതിരെ കൊൽക്കത്തയെ കിരീടത്തിലെത്തിച്ച വിജയറൺ തിവാരിയുടെ ബാറ്റിൽനിന്നായിരുന്നു.
തിവാരിക്ക് പുറമെ മുൻ ഐ.പി.എസ് ഓഫിസർ ഹുമയൂൺ കബീർ, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാർഥ ചാറ്റർജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്റ, സുപ്രത മുഖർജി, മാനസ് രഞ്ജൻ, ഭൂനിയ, സൗമെൻ കുമാർ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധൻ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
രാജ്യത്തെ അധികാരശക്തികളോട് കൂട്ടുകൂടാൻ ക്രിക്കറ്റർമാരടക്കമുള്ള സെലിബ്രിറ്റികൾ തിരക്കുകൂട്ടുന്ന കാലത്താണ് മനോജ് തിവാരി എന്ന മുൻ ഇന്ത്യൻ താരം മതേതര നിലപാടുകളിൽ അടിയുറച്ച് നിന്നുകൊണ്ട് ബംഗാൾ രാഷ്ട്രീയത്തിൽ സജീവമായത്. മമത ബാനർജിക്കുപിന്നിൽ തൃണമൂലിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ട തിവാരി തിരഞ്ഞെടുപ്പിൽ ഐക്കൺ താരമായി പ്രചാരണ കാലയളവിൽ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങളൊക്കെ മികച്ച പ്രകടനങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ച മനോജ് തിവാരി ബംഗാളിന്റെ മന്ത്രിപദത്തിലും മികച്ച ഇന്നിങ്സ്കാഴ്ചവയ്ക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്