തിരുവനന്തപുരം: തിരഞ്ഞെടുപ്പു കാലം അടുത്താൽ പിന്നെ മലയാള മനോരമ കടുത്ത സിപിഐ(എം) വിരുദ്ധ നിലപാടുമായി രംഗത്തെത്തുന്നത് പതിവ് സംഭവമാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പിലും മനോരമ നിലപാട് മാറ്റാതെ പതിവു പോലെ രംഗത്തുണ്ട്. കണ്ണൂരിൽ ഒരു ഫേസ്‌ബുക്കിൽ ഒരു കളിയാക്കൽ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ മനോരമ ഉണ്ടാക്കിയ വിവാദം ചെറുതല്ല. മാതാവിന്റെ സ്ഥാനത്ത് സരിതയുടെ ചിത്രം പതിച്ചത് ക്രൈസ്തവരെ അപമാനിക്കാൻ വേണ്ടിയാണെന്നും ഇത് മതസ്പർദ്ദ ഉണ്ടാക്കാൻ വേണ്ടി ആണെന്നുമാണ് പത്രം വാദിച്ചത്. ഇതിന്റെ പേരിൽ മനോരമയുടെ സമ്മർദ്ദത്തിന് ഒടുവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ അറസ്റ്റു ചെയ്യുകയും ഉണ്ടായി.

എന്നാൽ, ഇങ്ങനെ സിപിഐ(എം) വിരോധം പ്രകടിപ്പിക്കാൻ മുന്നിലുള്ള മനോരമക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുമോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന മറ്റൊരു ചോദ്യം. ഇതിന് കാരണമായത് മനോരമയിൽ പ്രസിദ്ധീകരിച്ച ഒരു കാർട്ടൂണാണ്. കേരളാ ഹൗസിലെ ബീഫ് റെയ്ഡിനെതിരെ കേരളത്തിലെ രാഷ്ട്രീയക്കാർ അതിശക്തമായി ഇടപെട്ട് ബീഫ് വിതരണം ഇന്നലെ പുനഃസ്ഥാപിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായുള്ള നിലപാട് ഏറെ ദേശീയ തലത്തിൽ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ മനോരമ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ് വിവാദമാകുന്നത്.

ബീഫിനെ സംരക്ഷിക്കുന്ന കേരള നേതാക്കളെ ബിഎസ്എഫിനോട് താരതമ്യം ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കാർട്ടൂണിൽ ബിഎസ്എഫ് എന്നതിനെ ബീഫ് സെക്യൂരിറ്റി ഫോഴ്‌സെന്നാണ് മനോരമ കാർട്ടൂണിസ്റ്റ് വിശേഷിപ്പിച്ചത്. ബീഫ് കറിയുമായി നിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംരക്ഷിക്കാൻ എന്ന നിലയിൽ നിൽക്കുന്ന പട്ടാള വേഷത്തിൽ രമേശ് ചെന്നിത്തലയും പിണറായി വിജയനും തോക്കുമേന്തി നിൽക്കുന്നതുമാണ് കാർട്ടൂണിസ്റ്റ് ചിത്രീകരിച്ചത്. ഇങ്ങനെ ചിത്രീകരിച്ചത് ജവാന്മാരെ അവഹേളിക്കലാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന വിവാദം.

കാർട്ടൂൺ വന്നതോടെ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചിലർ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. മനോരമയെ തെറിവിളിച്ചാണ് നിരവധി പേർ രംഗത്തെത്തിയത്. കാർട്ടൂണായി തന്നെ ഇതിനെ കാണുന്നതിനൊപ്പം മനോരമയ്‌ക്കെതിരെ ഈ കാർട്ടൂണിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുക്കണോ എന്ന ചോദ്യം പത്രത്തോട് തന്നെ ചിലർ ഉന്നയിക്കുന്നു. സരിതയെ മാതാവാക്കിയെന്ന മനോരമ പ്രചരണത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇക്കാര്യം ചിലർ ഉന്നയിച്ചത്.

ബീഫ് നിരോധനത്തെ അനുകൂലിക്കുന്നവരിൽ ചിലരാണ് ബിഎസ്എഫിനെ അവഹേളിച്ചെന്ന വാദവുാമയി രംഗത്തെത്തിയതും.