- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന് സൈബർ സേന ഉണ്ടോ? എകെജി സെന്ററിൽ സൈബർ പടയാളികൾ ഒത്തുചേരാറുണ്ടോ? സൈബർ ലോകത്ത് പ്രകോപനം സൃഷ്ടിച്ച് മനോരമ വാർത്ത; വാദപ്രതിവാദങ്ങൾ കൊഴുക്കുന്നു
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആരോപണങ്ങളെ പ്രതിരോധിക്കാനും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കാനും സൈബർ ലോകത്ത് ഒരു വിഭാഗം പ്രവർത്തകർ ഉണ്ട്. സിപിഐ(എം) മുതൽ എസ്ഡിപിഐ വരെയുള്ള പാർട്ടികൾക്ക് വേണ്ടി ഇങ്ങനെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ അനുഭാവികളായവർ തന്നെയാണ്. എന്നാൽ ഇങ്ങനെയുള്ള സംഘടിതമായ വിഭാഗം സൈബർ ലോകത്ത് പ്രവർ
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആരോപണങ്ങളെ പ്രതിരോധിക്കാനും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കാനും സൈബർ ലോകത്ത് ഒരു വിഭാഗം പ്രവർത്തകർ ഉണ്ട്. സിപിഐ(എം) മുതൽ എസ്ഡിപിഐ വരെയുള്ള പാർട്ടികൾക്ക് വേണ്ടി ഇങ്ങനെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ അനുഭാവികളായവർ തന്നെയാണ്. എന്നാൽ ഇങ്ങനെയുള്ള സംഘടിതമായ വിഭാഗം സൈബർ ലോകത്ത് പ്രവർത്തിക്കുന്നുണ്ടോ, പ്രത്യേകിച്ചും സിപിഎമ്മിൽ? സോഷ്യൽ മീഡിയയിൽ കൂടുതൽ ഇടപെടൽ നടത്താൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതിന് ഒരു സംഘടിത രൂപമുണ്ടോ എന്ന കാര്യം സംശയമാണ്. ഓരോ ജില്ലകളിലും മറ്റിടത്തും ഒക്കെയായി സിപിഐ(എം) ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രവർത്തകർ നിരവധി ഫേസ്‌ബുക്ക് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ വാദപ്രതിവാദങ്ങളും നടത്താറുണ്ട്. എന്തായാലും സൈബർ ലോകത്ത് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം സിപിഎമ്മിലെ സൈബർ പോരാളികളെയു കുറിച്ചാണ്.
സൈബർ ലോകത്തെ തട്ടിപ്പുകളെയും മറ്റു കാര്യങ്ങളെ കുറിച്ചും മലയാള മനോരമ ദിനപത്രത്തിൽ എഴുതിവരുന്ന പരമ്പരയുടെ ഭാഗമായി ഇന്ന് പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. സിപിഎമ്മിനെ പ്രതിരോധിക്കാനായി ഫേസ്‌ബുക്കിൽ പോരാളികളുണ്ടെന്നും ഇവർക്ക് ഒത്തുചേരാനായി തിരുവനന്തപുരത്തെ എ കെ ജി സെന്ററിൽ ഇടമുണ്ടെന്നും പറഞ്ഞാണ് മനോരമയിലെ വാർത്ത. സിപിഐ(എം) സൈബർ പോരാളികളുടെ പ്രവർത്തി പലപ്പോഴും അതിരുകടക്കുന്നു എന്ന ആക്ഷേപം പാർട്ടിയിലെ നേതാക്കൾക്ക് തന്നെ ഉണ്ടെന്നും മനോരമ വാർത്തയിൽ പറയുന്നു. സ്വാഭാവിമായ നിലപാടിൽ മനോരമയുടെ സിപിഐ(എം) വിരുദ്ധ വാർത്തയായി പ്രസിദ്ധീകരിച്ചപ്പോൾ ഇതിനെ എതിർത്തുക്കൊണ്ടാണ് സിപിഐ(എം) അനുഭാവികൾ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.
മനോരമ വാർത്തയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്:
''സോഷ്യൽ മീഡിയയിൽ പാർട്ടിയെ പ്രതിരോധിക്കാനായി സിപിഎമ്മിന് കേരളത്തിൽ ഒരു സേന തന്നെയുണ്ട്. സൈബർ കമ്മ്യൂൺ. എകെജി സെന്ററിൽ തന്നെ കമ്മ്യൂൺകാരിലെ നേതാക്കൾക്ക് ഒത്തുചേരാനായി ഇടമുണ്ട്. സൈബർ പടയാളികൾ ഈയിടെ കൂട്ടത്തോടെ ഒരു മാദ്ധ്യമപ്രവർത്തകനെതിരെ രംഗത്തിറങ്ങിയപ്പോൾ 'പ്രതിരോധം' ഇങ്ങനെയല്ല എന്നു പറഞ്ഞു ഫേസ്‌ബുക്കിൽ തന്നെ തിരുത്താനായി കേന്ദ്രകമ്മിറ്റി അംഗത്തിന് ഇടപെടേണ്ടിവന്നു.
പാർട്ടിയെ പ്രതിരോധിക്കുക എന്നാൽ ആരെയാണോ ഇരയായി കാണുന്നത് അവരെ ചീത്ത വിളിക്കുക, അവരുടെ കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കുക എന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും സൈബർ കമ്മ്യൂണിന്റെ ഇടപെടൽ എന്ന വിമർശനം പാർട്ടിക്കാർക്കിടയിൽ തന്നെയുണ്ട്.
വ്യാജപ്പേരുകളിലായി പാർട്ടിക്കുവേണ്ടി ഇടപെടുന്നവരും കമ്മ്യൂണിലുണ്ട്. നേതൃത്വം കൊടുക്കുന്നവർ തന്നെ മറ്റു പേരുകളിൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു. എന്നിട്ട് അവർ തന്നെ കമന്റും ലൈക്കും ഷെയറുമൊക്കെ ചെയ്ത് സംഭവം കൊഴുപ്പിക്കുന്നു. ഗൾഫ് നാടുകളിലുള്ള ചിലരും ഇതിൽ സജീവമാണ്. കേരളത്തിൽ പാർട്ടിക്കുവേണ്ടി ഒന്നും ചെയ്യാനാകാത്തതിന്റെ 'വിഷമം' ഇവർ ഇങ്ങനെ സോഷ്യൽമീഡിയയിൽ വിളയാടി തീർക്കുന്നു.
ആക്ടിവിസ്റ്റായ ഒരു വനിതയും അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. മറ്റു കക്ഷികളിൽ പെട്ടവർക്കും ഫേസ്‌ബുക്ക് സാന്നിധ്യമുണ്ടെങ്കിലും ഇതുപോലെ സംഘടിതമായ രൂപമില്ല.''
മനോരമ വാർത്ത പുറത്തുവന്നതോടെ ഇതിന്റെ സ്‌ക്രീൻഷോട്ടും ഫേസ്‌ബുക്കിലെത്തി. സിപിഐ(എം) സൈബർ കമ്മ്യൂണിൽ അടക്കം ഇതേക്കുറിച്ച് വിമർശനങ്ങൾ ഉയർന്നു. മനോരമയുടേത് വ്യാജവാർത്തയാണെന്നും കമ്മ്യൂണിസ്റ്റ് വിരോധനത്തിന്റെ ഉദാഹരണമാണെന്നും പറഞ്ഞാണ് വാർത്തക്കെതിരെ വിമർശനം ഉയർന്നത്. സിപിഐ(എം) വിരുദ്ധത ശരിക്കും നിഴലിക്കുന്നതാണ് മനോരമ വാർത്തയെന്നത് വ്യക്തമാണ്. സിപിഐ(എം) അനുകൂല ഫേസ്‌ബുക്ക് ഗ്രൂപ്പ് എന്നതു പോലെ തന്നെ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളും ബിജെപി അനുകൂല ഗ്രൂപ്പുകളും ഫേസ്‌ബുക്കിലുണ്ട്. തീവ്രമതമൗലികവാദം പുലർത്തുന്ന മറ്റൊരു വിഭാഗവും യുക്തിവാദികളായ ഒരു വിഭാഗം ആളുകളും സൈബർ ലോകത്തുണ്ട്. ഇവരെയൊക്കെ ഒഴിവാക്കി സിപിഎമ്മിനെ വിഷയത്തിലേക്ക് വലിച്ചിഴച്ചതു തന്നെ കമ്മ്യൂണിസ്റ്റ് വിരോധനത്തിന്റെ തെളിവാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്.
സിപിഐ(എം) പ്രവർത്തകരുടെ നവമാദ്ധ്യമ ഇടപെടലുകൾ അടുത്തകാലത്ത് വിജയം കണ്ടിരുന്നു. സീമാസ് സമരവും സിപിഎമ്മിന്റെ ജൈവ പച്ചക്കറി വിഷയത്തിലും വൻവിജയം നേടികൊടുത്തതിന് കാരണം സൈബർ ലോകത്തെ സഖാക്കളുടെ ഇടപെടൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പാർട്ടിയുടെ ഇടപെടലിൽ രോഷം പൂണ്ടാണ് മനോരമയുടെ റിപ്പോർട്ടെന്നാണ് മറ്റു ചിലരുടെ വിമർശനം.
സോഷ്യൽ മീഡിയയിൽ സിപിഎമ്മിന് വേണ്ടി ഇടപെടുന്നതിൽ എകെജി സെന്ററിൽ നിന്നുള്ള ആഹ്വാനത്തിന് വേണ്ടി കാത്തുനിൽക്കാറില്ലെന്ന് മറ്റുള്ളവരും പ്രതികരിച്ചു. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ പിഎം മനോജ് അടക്കമുള്ളവർ ഈ വിഷയത്തിൽ മനോരമയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മനോരമ വാർത്ത പച്ചക്കള്ളമാണെന്നും അതിൽ അവർ മാപ്പുപറയാൻ തയ്യാറാകുന്നില്ലെന്നുമാണ് മനോജ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. 'വ്യാജ പേരിൽ എഴുത്തും' 'സൈബർ സേന 'യും 'എ കെ ജി സെന്ററിൽ കമ്യൂൺ മുറി'യും ഇല്ല. ഇത്തരം കഥ എഴുതി പത്രത്തിൽ കൊടുക്കുന്നതിലും ഉചിതം വല്ല ജോസി എന്നോ ജോയ്‌സി എന്നോ പേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ തുടർനോവൽ എഴുതുന്നതല്ലേയെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നു.
അടുത്തകാലത്ത് മനോരമയുടെ സിപിഐ(എം) വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മനോരമയുടെ ലേഖകൻ സുജിത്ത് നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഫേസ്‌ബുക്കിൽ ഉയർന്നത്. പാർട്ടി വിരുദ്ധ വാർത്തകൾ എഴുതുന്നു എന്ന കാര്യത്തിലായിരുന്നു ഈ ആക്രമണം. ഈ സാഹചര്യത്തിൽ കൂടിയാണ് മനോരമയുടെ വാർത്തയും അതിനെതിരായ വിമർശനം എന്നതും ശ്രദ്ധേയമാണ്.