തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പലയിടത്തും രോഷം അലതല്ലുകയാണ്. കെ റെയിൽ അലൈന്മെന്റ് ഏറ്റവും അധികം ബാധിക്കുക ചങ്ങനാശ്ശേരിയിലെ നാട്ടാശ്ശേരിയും മല്ലപ്പള്ളിയും അടങ്ങുന്ന പ്രദേശത്താണ്. ഈ മേഖലയിൽ 400ലേറെ വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നതു കൊണ്ട് തന്നെയാണ് പദ്ധതിക്കെതിരെ രോഷം അലയടിക്കുന്നതും. എന്നിട്ടും കെ റെയിൽ പദ്ധതിയിൽ നിന്നും പിന്മാറാതെ നുണപ്രചരണങ്ങളുമായി മറുപടി നൽകുകയാണ് സർക്കാർ.

പദ്ധതിയെ ന്യായീകരിക്കാൻ പാർട്ടി നല്കിയ ക്ലാസുകളുമായി എത്തുന്നവർക്ക് പോലും ജനരോഷത്തെ നേരിടാൻ കഴിയാതെ സുല്ലിട്ടു പോകുന്ന അവസ്ഥയാണ്. പ്രദേശിക സിപിഎം നേതാക്കളും ഇക്കാരണങ്ങൾ കൊണ്ടു തന്നെ തികഞ്ഞ പ്രതിരോധത്തിലാണ്. ഇതിനിടെയും ന്യായീകരണത്തിന്റെ വിചിത്ര വാദങ്ങൾ കൊടുമ്പിരി കൊള്ളുന്നുണ്ട് താനും. അത്തരമൊരു ന്യായീകരണത്തിന്റെ മാരക വേർഷൻ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനൽ സംഘടിപ്പിച്ച ഒരു ചർച്ചയിലും കണ്ടു. എന്നാൽ ഈ ന്യായീകരണത്തെ അതേനാണയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചടുക്കുന്നതും കണ്ടും. ഇതോടെ സൈബറിടത്തിലാ താരമായി രാഹുൽ മാറുകയും ചെയ്തു.

മനോരമ ന്യൂസിന്റെ കെ റെയിൽ ജംഗ്ഷൻ എന്ന പേരിൽ നാട്ടാശ്ശേരിയിൽ നിഷ പുരുഷോത്തമൻ സംഘടിപ്പിച്ച പൊതു ചർച്ചയിലാണ് സംഭവം. കെ റെയിൽ സമരം ശക്തമായ മേഖലകളിലാണ് ചാനൽ ചർച്ച സംഘടിപ്പിച്ചത്. ചാനൽ ചർച്ചയിൽ കെ റെയിലിനെ അനുകൂലിച്ച് സിപിഎം നേതാവ് ജെയ്ക്ക് സി തോമസും എതിർത്ത് സംസാരിച്ചവരിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലുമാണ് ഉണ്ടായിരുന്നത്. ബിജെപിയിൽ നിന്ന് വിജിൻലാലും സമര സമിതി നേതാവ് മിനി ഫിലിപ്പും ചർച്ചയിൽ പങ്കെടുത്തു.

ചർച്ച ചൂടിപിടിച്ചപ്പോൾ കെ റെയിലിനെ പിന്തുണച്ചു കൊണ്ട് ഒരു വിദ്യാർത്ഥിനി സംസാരിക്കുകയായിരുന്നു. കെ റെയിൽ വരേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് അവർ സംസാരിച്ചത്. കെ റെയിൽ വന്നാൽ കോളേജിൽ പോയി വരാൻ എളുപ്പമാണെന്ന വാദമായിരുന്നു ഇവർ ഉന്നയിച്ചത്. എന്നാൽ, ഈ വാദത്തെ രാഹുൽ സമർത്ഥമായി പൊളിച്ചടുക്കി. എംസിഎ വിദ്യാർത്ഥിനിയാണ് അഞ്ച് മണിക്കൂർ യാത്ര ചെയ്യുമെന്നും വീടെടുത്ത് അവിടെ നിൽക്കാൻ പണമില്ലെന്നുമാണ് അവർ ഉന്നയിച്ച വാദം. ഈ വാദം പൊളിച്ചടുക്കുകയാണ് രാഹുൽ ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടി ഇങ്ങനെ: ഈ പദ്ധതി സർക്കാർ നിശ്ചയിച്ചതു പ്രകാരമാണെങ്കിൽ 64000 കോടിയാണ് ചെലവ്. അപ്പോൾ പദ്ധതി ബാധിക്കുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താൽ പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപ. അങ്ങനെയെങ്കിൽ ഒരു കിലോമീറ്ററിന് വെറും പത്തു രൂപ. 60 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ 600 രൂപ. തിരിച്ചു യാത്ര ചെയ്യണമെങ്കിൽ 600 രൂപ. മൊത്തം ഒരു 1200 രൂപ. 24000 രൂപ മുടക്കി കെ റെയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് 5000 രൂപയ്ക്ക് ഹോസ്റ്റൽ കിട്ടും. അത് എസ്എഫ്‌ഐ അറേഞ്ച് ചെയ്തില്ലെങ്കിൽ ഞങ്ങൾ അറേഞ്ച് ചെയ്യാം.

രാഹുലിന്റെ മറുപടിയോടെ പണി പാളിയെന്നറിഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർ ശബ്ദമുണ്ടാക്കുകയും ചെയ്തു. ഇതിനിനിടെ രാഹുലിനെതിരെ വെല്ലുവിളിക്കുകയും ചെയ്തു. ഇറങ്ങി വന്നാൽ കാണിച്ചു തരാം എന്ന വെല്ലുവിളി എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയപ്പോൾ പ്രസംഗപീഠത്തിൽ നിന്നും ഇറങ്ങിവന്ന് വെല്ലുവിളി സ്വീകരിക്കുകയായിരുന്നു. ഇങ്ങനെ മനോരമ ചർച്ചക്കിടെ രണ്ടിലേറെ തവണ പരിപാടി തടസ്സപ്പെടുകയും ചെയ്തു. ചർച്ചയിൽ വൻ സ്ത്രീപങ്കാളിത്തമാണ് ഉണ്ടായത്.

അതേസമയം ചർച്ചക്ക് ശേഷം സൈബറിടത്തിൽ താരമായത് രാഹുൽ മാങ്കൂട്ടത്തിലാണ്. കുട്ടിസഖാത്തിയെ കണ്ടംവഴി ഓടിച്ച് രാഹുൽ താരമായി എന്ന വിധത്തിൽ സൈബർ ഇടങ്ങളിലും താരമായി. രാഹുലിനെ സൈബർ ഇടത്തിൽ ആഘോഷിക്കുകയാണ് സൈബർ കോൺഗ്രസുകാർ.