- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ കേരളത്തെ ഞെട്ടിച്ച കിറ്റെക്സ് എംഡി സാബു എം ജേക്കബ്; കേരളത്തിലെ കോൺഗ്രസിന്റെ നവോന്മേഷമായ കെ സുധാകരൻ; മുസ്ലിംലീഗിനുള്ളിൽ നിന്ന് ലിംഗനീതിക്കായി ശബ്ദമുയർത്തിയ ഹരിത മുൻ നേതാക്കൾ; നേമത്ത് ഉജ്വലംവിജയംനേടി വിദ്യാഭ്യാസമന്ത്രിയായ വി ശിവൻകുട്ടി; മനോരമ ന്യൂസ്മേക്കർ അന്തിമപട്ടികയിൽ നാല് പേർ ഇവർ
കൊച്ചി: 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2021' തിരഞ്ഞെടുപ്പിന്റെ അന്തിമ പട്ടികയായി. രാഷ്ട്രീയവുമായി ബന്ധപ്പെട്ട നാല് പേർ തന്നെയാണ് ഇക്കുറി ന്യൂസ് മേക്കറിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കിറ്റെക്സ് എംഡി സാബു എം.ജേക്കബ്, 'ഹരിത' മുൻ നേതാക്കൾ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയിൽനിന്ന് കൂടുതൽ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ്മേക്കർ അന്തിമപട്ടികയിലിടം നേടിയത്.
എംഎസ്എഫിലും മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും കലാപക്കൊടിയുയർത്തിയാണ് 'ഹരിത' മുൻ ഭാരവാഹികൾ ഈ വർഷം വാർത്തകളിൽ ശ്രദ്ധേയരായത്. ലീഗിനുള്ളിൽ നിന്നു കൊണ്ട് ലിംഗനീതിക്കായി വാദിച്ച പെൺകുട്ടികളെ ലീഗ് രാഷ്ട്രീയം അംഗീകരിച്ചില്ലെങ്കിലും പൊതുസമൂഹത്തിന്റെ വലിയ പ്രസംസ നേടി. അതുകൊണ്ടാണ് ഇവർ ഈലിസ്റ്റിൽ ഇടംപിടിച്ചത്.
അതേസമയം നിക്ഷേപസൗഹൃദമല്ല കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷമെന്ന് വിമർശിച്ചും, ട്വന്റിട്വന്റി എന്ന പ്രസ്ഥാനത്തിലൂടെ മുന്നണികളെ വെല്ലുവിളിച്ചും സാബു എം.ജേക്കബ് ശ്രദ്ധേയനായി. സാബു ജേക്കബ് തെലുങ്കാനയിലേക്ക് കിറ്റെക്സ് കമ്പനി പറിച്ചു നടാൻ തീരുമാനിച്ചത് അടക്കം വലിയ വാർത്തകളാണ് 2021ൽ ഉണ്ടായത്. നേമത്ത് ഉജ്വലംവിജയംനേടി വിദ്യാഭ്യാസമന്ത്രിയായി വാർത്തകളിൽ നിറഞ്ഞ വി.ശിവൻകുട്ടിയെയും പ്രേക്ഷകർ ന്യൂസ്മേക്കർ അന്തിമപട്ടികയിലേക്ക് തിരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഗ്രൂപ്പുകളോട് കലഹിച്ച് കോൺഗ്രസിൽ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന കെ.സുധാകരൻ വാർത്തകളിലെ നിരന്തര സാന്നിധ്യമായി. കോൺഗ്രസിന്റെ നവോന്മേഷമാണ് ഇന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുമായി നേരിട്ടു ഏറ്റുമുട്ടിയ വാർത്താസമ്മേളനം അടക്കം സുധാകരനെ കോൺഗ്രസുകാരുടെ ഹീറോയാക്കി മാറ്റി. ഇനി അന്തിമ പട്ടികിയൽ ആരു വരുമെന്നാണ് അറിയേണ്ടത്.
ന്യൂസ്മേക്കർ അന്തിമപട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പിനെ നടനും സംരഭകനുമായ പ്രകാശ് ബാരെ, ഫിനാൻഷ്യൽ എക്സ്പ്രസ് മുൻ സീനിയർ അസി.എഡിറ്റർ സരിത വർമ, രാഷ്ട്രീയ നിരീക്ഷകനും പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനുമായ ഡോ.പി.അനിൽകുമാർ എന്നിവർ വിലയിരുത്തി. 'ഹരിത' നേതാക്കളുടെ തിരഞ്ഞെടുപ്പ് സാമൂഹികമാറ്റത്തിന് പ്രേക്ഷകർ നൽകുന്ന പിന്തുണയുടെ അടയാളമാണെന്ന് മൂന്നുേപരും പറഞ്ഞു.
വി.ഡി.സതീശൻ, പി.ആർ.ശ്രീജേഷ്, അനുപമ എസ്.ചന്ദ്രൻ, ആയിഷ സുൽത്താന എന്നിവർക്ക് പ്രേക്ഷക പിന്തുണകിട്ടണമെന്ന് ആഗ്രഹിച്ചിരുന്നതായി പ്രകാശ് ബാരെ പറഞ്ഞു. കേരളം കൂടുതൽ രാഷ്ട്രീയമായി ചിന്തിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയനേതാക്കൾക്ക് മുൻഗണന കിട്ടിയതെന്ന് ഡോ.അനിൽകുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ബലത്തോടെ കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ ശേഷിയുള്ളവരാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചതെന്ന് സരിത വർമ വിലയിരുത്തി. ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മുൻപന്തിയിലെത്തുന്ന വ്യക്തിയാണ് ന്യൂസ്മേക്കർ പുരസ്കാരം നേടുക.
മറുനാടന് ഡെസ്ക്