- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശ്... വെള്ളാപ്പള്ളി... കോടിയേരി... നിവിൻ പോളി... ദീപ നിശാന്ത്... പറ്റിയ സ്ത്രീകളെ കണ്ടെത്താൻ മനോരമ നന്നെ കഷ്ടപ്പെട്ടു; ഇക്കുറി മുൻതൂക്കം ജേക്കബ് തോമസിന്
തിരുവനന്തപുരം: വീണ്ടും വാർത്തയിലെ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ശ്രമം മനോരമ ന്യൂസ് ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ ഫൈനലിസ്റ്റായ രാഹുൽ പശുപാലൻ ഓൺലൈൻ പെൺവാണിഭക്കേസിൽ കുടുങ്ങിയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണു പുതിയ പട്ടിക മനോരമ പുറത്തിറക്കിയിരിക്കുന്നത്. ഈവർഷം വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തികളിൽനിന്ന് മനോരമ ന്യൂസ് എഡിറ്
തിരുവനന്തപുരം: വീണ്ടും വാർത്തയിലെ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ശ്രമം മനോരമ ന്യൂസ് ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ ഫൈനലിസ്റ്റായ രാഹുൽ പശുപാലൻ ഓൺലൈൻ പെൺവാണിഭക്കേസിൽ കുടുങ്ങിയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണു പുതിയ പട്ടിക മനോരമ പുറത്തിറക്കിയിരിക്കുന്നത്.
ഈവർഷം വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തികളിൽനിന്ന് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്ത് വ്യക്തികളാണ് പ്രാഥമിക പട്ടികയിലുള്ളത്. ബിജു രമേശും വെള്ളാപ്പള്ളി നടേശനും കോടിയേരി ബാലകൃഷ്ണനും നിവിൻ പോളിയും ദീപ നിശാന്തുമൊക്കെ ഉൾപ്പെടുന്ന പത്തുപേരാണ് പട്ടികയിൽ.
ആദ്യപട്ടികയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാലുപേരാണു ഫൈനൽ റൗണ്ടിലെത്തുന്നത്. എസ്.എം.എസ്, ഓൺലൈൻ വോട്ടുകളിലൂടെ പ്രേക്ഷകർക്കു തെരഞ്ഞെടുപ്പിൽ പങ്കാളികളാകാനാകും.
പറ്റിയ സ്ത്രീകളെ കണ്ടെത്താൻ മനോരമ ഏറെ കഷ്ടപ്പെട്ടുവെന്നു തന്നെയാണ് പ്രാഥമിക പട്ടിക സൂചിപ്പിക്കുന്നത്. പത്തുപേരിൽ വെറും രണ്ടു പേർ മാത്രമാണ് സ്ത്രീകൾ. കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തും മൂന്നാറിലെ പെമ്പിള ഒരുമൈ പ്രതിനിധി ലിസി സണ്ണിയുമാണ് അവസാന പത്തിലെ പെൺമുഖങ്ങൾ.
ജേക്കബ് തോമസ്
നിയമം നടപ്പാക്കുന്നതിൽ കർശന നിലപാടെടുക്കുകയും പരസ്യപ്രതികരണത്തിലൂടെ സർക്കാരിനെ വെട്ടിലാക്കുകയും ചെയ്ത ഡിജിപി ജേക്കബ് തോമസിനാണ് ഇക്കുറി ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിയമപാലനത്തിനു കർശനമായ നിർദ്ദേശങ്ങൾ നൽകുകയും അതു നടപ്പാക്കുകയും ചെയ്തതോടെ സ്ഥാന ചലനം മാത്രമല്ല, സർക്കാരിന്റെ അതൃപ്തിക്കു കൂടി ജേക്കബ് തോമസ് പാത്രമായി. ഫ്ളാറ്റ് മാഫിയകളുടെ സമ്മർദത്തിനു വഴങ്ങാതെ സുരക്ഷയ്ക്കു മുൻഗണന നൽകിയപ്പോൾ സ്ഥാന ചലനമുണ്ടായി എങ്കിലും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുടെ നിർലോഭ പിന്തുണ ഈ ഉദ്യോഗസ്ഥനു ലഭിച്ചിരുന്നു.
ബിജു രമേശ്
സംസ്ഥാനരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാർകോഴക്കേസിനു കാരണക്കാരനായി എന്നതാണു ബിജു രമേശിനെ ന്യൂസ് മേക്കർ പട്ടികയിൽ എത്തിച്ചത്. ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലൂടെ ഈ വ്യവസായി വാർത്തയിൽ നിറഞ്ഞപ്പോൾ ഒടുവിൽ സംസ്ഥാന സർക്കാരിന് ധനമന്ത്രിയെത്തന്നെ നഷ്ടമാകുന്ന അവസ്ഥയാണു സംജാതമായത്. കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതിയുടെ കൂടി പരാമർശം വന്നതോടെ മന്ത്രിസ്ഥാനത്തു നിന്നു കെ എം മാണിക്കു രാജിവയ്‌ക്കേണ്ടി വന്നതു ബിജുവിനെ വാർത്താതാരത്തിന്റെ പ്രാഥമിക പട്ടികയിലെത്തിച്ചു.
ദീപ നിശാന്ത്
തൃശൂർ കേരള വർമ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്താണ് ഇക്കുറി പട്ടികയിൽ ഇടംപിടിച്ച രണ്ടു വനിതകളിൽ ഒരാൾ. തന്റെ വിദ്യാർത്ഥിയെക്കുറിച്ചുള്ള കുറിപ്പിലൂടെ നവമാദ്ധ്യമങ്ങൾ ശ്രദ്ധിക്കപ്പെട്ട ദീപ ബീഫ് ഫെസ്റ്റിന്റെ പേരിലാണ് വാർത്തകളിൽ നിറഞ്ഞത്. കലാലയത്തിൽ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ അതിനു പിന്തുണയുമായി ഈ അദ്ധ്യാപിക വന്നത് വിവിധ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നു. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതെയാണ് ദീപ അദ്ധ്യാപികയായത് എന്നുൾപ്പെടെ വിവിധ ആരോപണങ്ങൾ ഉയരുകയും ചെയ്തു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്കെല്ലാം തന്നെ മറുപടി നൽകാൻ ദീപയ്ക്കു കഴിഞ്ഞിരുന്നു.
ഡോ. ടി കെ ജയകുമാർ
സർക്കാർ മെഡിക്കൽ കോളജിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ടറാണു ടി കെ ജയകുമാർ. കോട്ടയം സർക്കാർ
ആശുപത്രിയിൽ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി അദ്ദേഹം
പൂർത്തീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ 35-40 ലക്ഷം രൂപാ
ചെലവ് വരുന്ന ഈ ശസ്ത്രക്രിയക്ക് വെറും രണ്ടുലക്ഷം രൂപയിൽ താഴെയാണ് ചെലവായത്. സ്വകാര്യ ആശുപത്രിയിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളൊക്കെ ആഘോഷമാക്കി കൊണ്ടാടിയ മാദ്ധ്യമങ്ങളൊന്നും സർക്കാർ ആശുപത്രിയിലെ നേട്ടത്തിന് അത്രത്തോളം പ്രാധാന്യം നൽകിയിരുന്നില്ല. എങ്കിലും ജനമനസുകളിൽ ഇടം നേടാൻ ഈ ഡോക്ടർക്കു സാധിച്ചു.
കോടിയേരി ബാലകൃഷ്ണൻ
പിണറായി വിജയനുശേഷം സിപിഐ(എം).സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ വാർത്തകളിൽ ഏറെ നിറഞ്ഞുനിന്ന വ്യക്തിയാണ്. സംസ്ഥാന സമ്മേളനവേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരെ പാർട്ടിയോടു ചേർത്തു നിർത്തി തുടർന്നു വന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ കോടിയേരി എന്ന സംസ്ഥാന സെക്രട്ടറിക്കു കഴിഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിളക്കമാർന്ന നേട്ടം കൊയ്യാനായത് കോടിയേരിയുടെ കിരീടത്തിലെ പൊൻതൂവലായി മാറി.
ലിസി സണ്ണി
മൂന്നാറിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയുടെ പ്രതിനിധി ലിസി സണ്ണിയാണു മനോരമ ന്യൂസ് മേക്കർ പുരസ്‌കാരത്തിലെ പ്രാഥമിക പട്ടികയിലെ രണ്ടാമത്തെ വനിതാ മുഖം. ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്നാർ സ്ത്രീ പ്രക്ഷോഭം ആദ്യ ഘട്ടത്തിൽ വിജയത്തിലേക്ക് എത്തിയപ്പോൾ ലിസി സണ്ണിയും മാദ്ധ്യമശ്രദ്ധയിലെത്തി. പെമ്പിളൈ ഒരുമൈ ഹിറ്റായപ്പോൾ തുടർന്ന് തെരഞ്ഞെടുപ്പിലും പ്രതിനിധികൾ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
നിവിൻ പോളി
പ്രേമം എന്ന സിനിമ സൂപ്പർ ഹിറ്റായതോടെയാണ് നിവിൻ പോളി എന്ന നടൻ സൂപ്പർ താര പദവിയിലേക്ക് എന്ന പ്രചാരണം ശക്തമായത്. ഒറ്റയ്ക്ക് ഒരു സിനിമ ഹിറ്റാക്കാമെന്ന തരത്തിലേക്കു നിവിന്റെ താരമൂല്യം ഉയർന്നു എന്ന പ്രചാരണം വരുന്നതിനിടെ തന്നെ ഇക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നിവിനെ തേടിയെത്തി.
കെ എസ് ശബരീനാഥൻ എംഎൽഎ
സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന അരുവിക്കരയിലെ സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസിന്റെ യാത്ര ഒടുവിൽ ചെന്നെത്തിയത് കാർത്തികേയന്റെ മകനായ ശബരിനാഥനിലാണ്. ഇടതുപക്ഷം ഒറ്റക്കെട്ടായി പോരാടിയിട്ടും അച്ഛനു പിന്നാലെ ശബരി തന്നെ അരുവിക്കരയുടെ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു.
സജൻ പ്രകാശ്
കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 9 മെഡലുകളോടെ കേരളത്തിന്റെ അഭിമാനമായി മാറിയ നീന്തൽ താരമാണ് സജൻ പ്രകാശ്. ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളത്തിന്റെ സജൻ പ്രകാശാണ്.
വെള്ളാപ്പള്ളി നടേശൻ
ബിജെപി മുന്നണിയിലേക്കുള്ള പ്രവേശനവും പുതിയ രാഷ്ട്രീയ പാർട്ടിയുമൊക്കെയായി വാർത്തകളിൽ നിറഞ്ഞ മറ്റൊരു വ്യക്തിയാണ് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു കാണുകവരെ ചെയ്ത വെള്ളാപ്പള്ളിയുടെ ഓരോ പ്രസ്താവനകളും മാദ്ധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.