തിരുവനന്തപുരം: മനോരമ ന്യൂസ് ചാനൽ ഇപ്പോൾ സർക്കാരിനെതിരെ എന്ന പ്രതീതി സൃഷ്ടിക്കാൻ ഒരുങ്ങുകയാണോ? വല്ലാത്തൊരു തലവേദന തന്നെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ചാനൽ സൃഷ്ടിച്ചിരിക്കുന്നത്.

മനോരമ ന്യൂസ് മേക്കർ പുരസ്‌കാരമാണ് ഉമ്മൻ ചാണ്ടി സർക്കാരിനു തലവേദനയാകുന്നത്. മാദ്ധ്യമപ്രവർത്തകരെ കാണുന്നതിനും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തിയ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായ ഡോ. ജേക്കബ് തോമസ് ഈ വർഷത്തെ വാർത്തയിലെ താരം പട്ടികയിൽ ഉൾപ്പെട്ടതാണ് സർക്കാരിനെ പുലിവാലു പിടിപ്പിച്ചിരിക്കുന്നത്.

ന്യൂസ് മേക്കറിന്റെ അന്തിമപട്ടികയിൽ ഉൾപ്പെട്ടാൽ ജേക്കബ് തോമസിന് ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടി വരും. അപ്പോൾ വിലക്കുകൾ ഇതിനു വിലങ്ങുതടിയാകുമോ എന്ന കാര്യമാണ് ചർച്ചയാകുന്നത്. ബാർ കോഴക്കേസ് ഉൾപ്പെടെയുള്ളവയിൽ കെ എം മാണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി നിലകൊണ്ട മലയാള മനോരമയും ഇതോടെ പുലിവാൽ പിടിച്ച സ്ഥിതിയിലായിരിക്കുകയാണ്.

നേരത്തെ വാർത്താസമ്മേളനം നടത്താനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ, കൈരളി ടിവിയുടെ ജെബി ജംഗ്ഷൻ എന്നീ പരിപാടികളിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് ഒരുമാസമായി മറുപടി നൽകിയിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്ന മാദ്ധ്യമസ്ഥാപനം എന്നറിയപ്പെടുന്ന മനോരമ ചാനലിൽ തന്നെ സംസാരിക്കാനുള്ള അവസരം ജേക്കബ് തോമസിനു കൈവന്നിരിക്കുന്നത്. അവസാനവട്ട പട്ടികയിൽ ഉൾപ്പെട്ടാൽ ചാനൽ ക്യാമറകൾക്കു മുന്നിൽ ജേക്കബ് തോമസിന് സംസാരിക്കേണ്ടി വരും. ഇതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ മനോരമയുടെ നിലപാട് എന്താകും എന്നതിനെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മനോരമയിലെ തന്നെ മാദ്ധ്യമപ്രവർത്തകൻ ജാവേദ് പർവേഷാണ് ഫേസ്‌ബുക്കിലൂടെ ഈ ചർച്ചയ്ക്കു തുടക്കമിട്ടത്.

ജേക്കബ് തോമസ് ഉൾപ്പെടെ പത്തു പേരാണ് ഇപ്പോൾ മനോരമ ന്യൂസ് മേക്കർ പട്ടികയിൽ ഉള്ളത്. ഇതിൽ നിന്ന് അന്തിമ പട്ടികയിലുള്ളവരെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരുടെ എസ്എംഎസ് വോട്ടിങ്ങിലൂടെയാണ്. ജേക്കബ് തോമസ് അവസാന പട്ടികയിൽ എത്തിയാൽ പാറ്റൂർ കേസ്, ബാർ കോഴക്കേസ്, ഫ്‌ളാറ്റ് വിവാദം എന്നീ കാര്യങ്ങളിൽ ചാനൽ പ്രതിനിധികൾ ചോദിച്ചില്ലെങ്കിലും പ്രേക്ഷകർ ചോദ്യം ചോദിക്കാൻ ഇടയുണ്ട്. ഇക്കാര്യത്തിനു ജേക്കബ് തോമസ് മറുപടി പറഞ്ഞാലും പറയാതിരുന്നാലും വിവാദങ്ങൾക്കു പഞ്ഞമുണ്ടാകില്ല. ഇത് സർക്കാരിനും മുഖ്യമന്ത്രിക്കും തലവേദന സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.

ജേക്കബ് തോമസിന് പുറമെ ബാർ കോഴക്കേസ് ആരോപണം ഉന്നയിച്ച ബിജു രമേശ്, ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച കേരള വർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്ത്, സർക്കാർ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയ ഡോ. ടി കെ ജയകുമാർ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മൂന്നാർ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ലിസി സണ്ണി, നടൻ നിവിൻ പോളി, കെ എസ് ശബരീനാഥൻ എംഎൽഎ, നീന്തൽതാരം സജൻ പ്രകാശ്, എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ എന്നിവരാണ് ആദ്യ പത്ത് പേരുടെ പട്ടികയിലുള്ളത്. ഇതിൽ നിന്ന് നാലുപേരെയാണ് എസ്എംഎസ് വോട്ടിന്റെ അടിസ്ഥാനത്തിലൂടെ അന്തിമ പട്ടികയിലേക്കു തിരഞ്ഞെടുക്കുക. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതിന് മുഖ്യമന്ത്രിയുടെ വരെ രോഷത്തിന് കാരണമായ ജേക്കബ് തോമസ് ഈ പട്ടികയിൽ ഉൾപ്പെടാൻ സാധ്യത ഏറെയാണ് എന്നതാണ് ചാനലിനും മുഖ്യമന്ത്രിക്കും പുലിവാലാകുന്നത്.

ചട്ടലംഘനം നടത്തിയതിന് ഏതാനും ഫ്‌ളാറ്റുകൾക്ക് അനുമതി നൽകാത്തതാണ് തന്നെ സ്ഥലം മാറ്റാൻ കാരണമെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. ബാർ കോഴക്കേസിൽ കോടതിവിധിയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ഇദ്ദേഹത്തിനെതിരെ സർക്കാർ രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ജനങ്ങൾക്കെതിരെ നിലപാട് എടുത്തതിന് പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദം ആളിക്കത്തിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഒരു പരാതി പോലും സർക്കാരിന് ലഭിച്ചില്ലെന്ന് പിന്നീട് തെളിഞ്ഞു. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാൻ ശ്രമിച്ചതിനെതിരെ ചട്ടപ്രകാരം പത്രസമ്മേളനം നടത്താൻ അനുമതി തേടി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസണിന് അപേക്ഷ നൽകിയിരുന്നു. മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ, മുൻ അഡീ. ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ എന്നിവർക്ക് സമാന സാഹചര്യത്തിൽ പത്രസമ്മേളനം നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ജേക്കബ് തോമസിന് ഈ അനുമതി നിഷേധിക്കുകയായിരുന്നു. സത്യം പുറത്തുവരുന്നതിന് സർക്കാർ തടയിടുകയാണെന്ന് വിമർശനവും ഇതേ തുടർന്ന് ഉണ്ടായി. പിന്നീട് മാദ്ധ്യമപ്രവർത്തകർ അഭിമുഖത്തിന് ആവശ്യപ്പെട്ട പ്രകാരം ജോണി ലൂക്കോസ് അവതരിപ്പിക്കുന്ന മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ, ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന കൈരളി ടി വിയുടെ ജെബി ജംഗ്ഷൻ എന്നിവയിൽ പങ്കെടുക്കുന്നതിനും അദ്ദേഹം അപേക്ഷ നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും ഈ അപേക്ഷ സർക്കാർ പരിഗണിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് നിനച്ചിരിക്കാതെ ജേക്കബ് തോമസ് ജനങ്ങളെ അഭിമുഖീകരിക്കാൻ അവസരം വന്നിരിക്കുന്നത്.

ഇതിനാണ് പുലിവാൽ പിടിക്കുക എന്ന് മലയാളത്തിലും catching the tiger by the tail എന്ന് ഇംഗ്ലീഷിലും പറയുന്നത്. ഈ വർഷത്തെ വാർ...

Posted by Javed Parvesh on Tuesday, November 24, 2015