തിരുവനന്തപുരം: മലയാളം മാധ്യമ രംഗത്തെ പ്രൊഫഷണലിസം എന്നു പറയുന്നതിന്റെ അവസാന വാക്ക് ഇപ്പോഴും മലയാള മനോരമ തന്നെയാണ്. അവിചാരിതമായി വീണു കിട്ടുന്ന വാർത്തകളെ എങ്ങനെ ഗംഭീരമാക്കി അവതരിപ്പിക്കാം എന്ന കാര്യത്തിൽ മനോരമ കഴിഞ്ഞേ ആരുമുള്ളൂ. ഈ പ്രൊഫഷണലിസത്തത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പത്രമാണ് ഇന്ന് പുറത്തിറങ്ങിയത്.

പൊതുവേ സി.പി.എം വിരുദ്ധത മുഖമുദ്രയാക്കി മലയാള മനോരമ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമപ്രവർത്തകരോടെ കലിയിളകി പറഞ്ഞ കടക്ക് പുറത്ത് പ്രയോഗം ശരിക്കും ആഘോഷമാക്കുകയായിരുന്നു അവർ. ഇന്നത്തെ മനോരമ പത്രം കണ്ടവരെല്ലാം ഞെട്ടിയത് ഒന്നാം പേജിലെ അരപേജ് നിറച്ച വാർത്തകളുടെ തലക്കെട്ട് കണ്ടാണ്. പിണറായിയുടെ കലിപ്പു ഡയലോഗിലെ പഞ്ച് മനസ്സിലാക്കിയാണ് പത്രം ഇന്ന് ഒന്നാം പേജ് തയ്യാറാക്കിയത്.

നാല് വാർത്തകൾക്കാണ് പിണറായിയുടെ കലിപ്പു ഡയലോഗ് മനോരമ വാർത്തയാക്കിയത്. എൽപിജി സബ്‌സിഡി പിൻവലിക്കുന്ന കാര്യമാണ് ഒന്നാം പേജിലെ പ്രധാന വാർത്ത. ഈ വാർത്തയ്ക്ക് എൽപിജി സബ്‌സിഡിയോട് കേന്ദ്രസർക്കാർ 'കടക്ക് പുറത്ത്' എന്ന തലക്കെട്ട് നൽകി. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് 'കടക്ക് പുറത്ത്' നൽകിയതും അക്രമങ്ങളോട് സിപിഎമ്മും ബിജെപിയും 'കടക്ക് പുറത്ത്' പറഞ്ഞുവെന്നും സമാധാന ചർച്ചയെ അധികരിച്ചു നൽകി. ഉത്തരാഖണ്ഡിലും ചൈനയുടെ കടന്നു കയറ്റമുണ്ടായി. ഇതിനോടും 'കടക്ക് പുറത്ത്' എന്നുള്ള തലക്കെട്ടാണഅ മനോരമ നൽകിയത്.

പത്രത്തിന്റെ ഇന്നത്തെ പുതിയ ചിന്തയും ഐഡിയയും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രോത്സാഹനം നൽകിയിട്ടുണ്ട്. ഒന്നാം പേജ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ. സി.പി.എം വിരുദ്ധർക്ക് വെറുതേ വടികൊടുക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തെളിവാണ് മനോരമയുടെ പത്രമെന്ന് ചിലർ ചൂണ്ടിക്കാട്ടി. എന്തായാലും ഇന്നത്തെ മലയാള മനോരമ  സോഷ്യൽ മീഡിയയുടെ ഇഷ്ടം വാരിക്കൂട്ടുകായണ്.