വാർത്തകളും ചർച്ചകളുമല്ലാതെ പ്രതിദിന പരിപാടികൾ മലയാളംന്യൂസ് ചാനലുകളിൽ അധികം കാണാൻ കഴിയുമായിരുന്നില്ല. ഒരുമണിക്കൂർ നീളുന്ന ഒമ്പത് മണിചർച്ചയാണ് വ്യത്യസ്തമായ അനുഭവമായി മലയാളികൾക്ക് മുന്നിൽ ആകെ ഉണ്ടായിരുന്നത്. എന്നാൽ മലയാളത്തിലെ ആറ് ന്യൂസ് ചാനലുകളും ഒരേ അച്ചിൽ സമാന പപ്പടം എന്ന മോഡലിൽ ചർച്ചയും വാർത്തകളും വിളമ്പുന്നത് സാധാരണ പ്രേക്ഷകരെ മടുപ്പിക്കുന്നുവെന്ന തിരിച്ചറിവിനെ തുടർന്ന് പരിപാടികളിൽ സമൂലമായ മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് മനോരമന്യൂസ് രംഗത്തെത്തി.

സമയക്രമത്തിൽ മാറ്റം വരുത്തിയതിനൊപ്പം ന്യൂസ് ചാനലിന്റെ പ്രൈംചർച്ചാ നേരമായ ഒമ്പത് മണിക്ക് പ്രതിദിന വിശകലനപരിപാടി ആരംഭിച്ചുകൊണ്ടാണ് പുതിയ ചാനൽമൽസരത്തിന് മനോരമ തട്ടൊരുക്കിയിരിക്കുന്നത്. പറയാതെ വയ്യ എന്ന പ്രതിവാര രാഷ്ട്രീയ വിശകലനപരിപാടിയാണ് ഇന്നലെ മുതൽ പ്രതിദിനമാക്കിയിരിക്കുന്നത്. റിപ്പോർട്ടറിലെ ഡെമോക്രെയ്‌സി, ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം എന്നീ പ്രതിദിന ആക്ഷേപഹാസ്യ പരിപാടികൾ ഉണ്ടാക്കിയ നേട്ടം ഉൾക്കൊണ്ടുകൊണ്ട് ആ സാധ്യത കൂടി ഉപയോഗപ്പെടുത്താനാണ് മനോരമയുടെ ലക്ഷ്യം. എന്നാൽ ആക്ഷേപഹാസ്യപരിപാടികളിൽ നിന്ന് തെല്ല് മാറി നടന്നുകൊണ്ട് വാർത്താവിശകലനം നടത്തുകയാണ് പറയാതെ വയ്യ.

നേരത്തെ ആഴ്ചയിലൊരിക്കൽ മാത്രമാണ് വിനോദമുൾക്കൊള്ളിച്ചുള്ള വാർത്താധിഷ്ടിത പരിപാടികൾ മലയാളം വാർത്താ ചാനലുകളിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ ഏറ്റവും ജനപ്രിയമായത് രാഷ്ട്രീയ വിശകലനപരിപാടിയായ ആക്ഷേപഹാസ്യപംക്തികളാണ്. നാടകമേ ഉലകം, പൊളിട്രിക്‌സ് ധിംതരികിട തോം, തിരുവാ എതിർവ്വാ തുടങ്ങി പ്രതിവാര രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടികളിൽ നിന്ന് വ്യത്യസ്തമായി റിപ്പോർട്ടർ ചാനൽ ആദ്യത്തെ പ്രതിദിന സറ്റയർ പരിപാടി ആരംഭിക്കുകയായിരുന്നു. പിന്നീട് ഏഷ്യാനെറ്റും ഈ വഴി പിന്തുടർന്നു, ചിത്രംവിചിത്രവുമായി. എന്നാൽ ഇപ്പോൾ മനോരമ ന്യൂസും ചില വ്യത്യാസങ്ങളോടെ രംഗത്തുവരികയാണ്. പറയാതെ വയ്യ എന്ന പ്രതിവാര രാഷ്ട്രീയ വിശകലനപംക്തിയെ പ്രതിദിന പരിപാടിയാക്കി മാറ്റിക്കൊണ്ടാണ് അവർ തിങ്കളാഴ്ച മുതൽ പുതിയ അങ്കത്തിന് പുറപ്പെട്ടിരിക്കുന്നത്. രാത്രി ഒമ്പത് മണിക്ക് സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മൂന്ന് അവതാരകരുണ്ട്. നേരത്തെ രാജീവ് ദേവരാജ് അവതരിപ്പിച്ചുകൊണ്ടിരുന്ന പരിപാടി ഇനി മുതൽ ജോണി ലൂക്കോസ്, പ്രമോദ് രാമൻ എന്നിവർ കൂടി ചേർന്നാണ് അവതരിപ്പിക്കുക.

ജോണിലൂക്കോസിന്റെ ആദ്യലക്കം ഇന്നലെ സംപ്രേഷണം ചെയ്തുകഴിഞ്ഞു. ആക്ഷേപഹാസ്യ പരിപാടികളുടെ ഭാഷാസ്വഭാവത്തിൽ തന്നെയാണ് പരിപാടിയെങ്കിലും സിനിമാസംഭാഷണങ്ങൾ ഉപയോഗിച്ചുള്ള ക്ലിപ്പിംഗുകളും മിക്‌സിംഗുകളും പറയാതെ വയ്യയിൽ ഇല്ല. ദൃശ്യങ്ങൾ കാണിക്കേണ്ടിടത്ത് മ്യൂസിക്കാണ് ഉപയോഗിക്കുന്നത്. ഒമ്പത് മണിക്ക് വാർത്താ ചർച്ചകൾ കണ്ട് ശീലിച്ചവരെ പുതിയ ശീലത്തിലേക്ക് മാറ്റിയത് ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിന്റെ തീരുമാനം ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മനോരമ അവതരിപ്പിക്കുന്ന പുതിയ സമയക്രമം. ഏഷ്യാനെറ്റിന്റെ വഴിയിൽ എട്ട മണിക്ക് മുഖ്യവാർത്താ ചർച്ചാപരിപാടി മനോരമയും തുടങ്ങുന്നു. കൗണ്ടർപോയിന്റെ ഇന്നലെ മുതൽ എട്ട് മണിക്കാണ്.

ഓരോ ദിവസത്തെയും പ്രധാനപ്പെട്ട മൂന്ന് സംഭവങ്ങളെയെങ്കിലും വിശകലനം ചെയ്യാനാണ് പറയാതെ വയ്യ ഒരുങ്ങുന്നത്. ശ്രീനാരായണഗുരുവിനെ കുരിശിൽ തറച്ച വിവാദവും തൃശൂർ കോൺഗ്രസ്സിലെ ഗ്രൂപ്പ് കൊലപാതകവും മമ്മൂട്ടിയുടെ പിറന്നാളുമാണ് ജോണിലൂക്കോസ് ഇന്നലെ വിശകലനത്തിനെടുത്തത്. സിപിഐഎമ്മിനെയും കോൺഗ്രസ്സിനെയും ഒരുപോലെ വിമർശിക്കാൻ ആദ്യ രണ്ട് സംഭവങ്ങളും ഉപയോഗിച്ചപ്പോൾ നായകടിയേറ്റ് പരിക്കേറ്റ ബാലനെ സഹായിച്ച മമ്മൂട്ടിയെ പിറന്നാൾ ദിനത്തിൽ പ്രശംസിക്കാനും മറന്നില്ല. ദുൽഖർസൽമാന്റെ പിറന്നാൾ ആശംസ അതുപോലെ കാണിക്കുകയും ചെയ്തു.

രാഷ്ട്രീയ വിശകലനത്തിൽ വ്യത്യസ്തമായ പരീക്ഷണം എന്ന സാധ്യതയെ പറയാതെ വയ്യ ഉപയോഗപ്പെടുത്തുന്നു. അതേ സമയം ചാനലുകളുടെ നിലവാരപ്രഖ്യാപനം എന്ന മാതൃകയിൽ സംഭവങ്ങളെ വിശകലനം ചെയ്യുന്നത് പ്രേക്ഷകർക്ക് താൽപര്യമുള്ള കാര്യമാണ്. നിലപാട് പറയുന്നത് മുതിർന്ന മാദ്ധ്യമപ്രവർത്തകരാകുമ്പോൾ അതും ശ്രദ്ധനേടും. ഫലത്തിൽ മലയാളം ന്യൂസ് ചാനലുകളിൽ രാത്രി ഒമ്പത് മണിക്കാരംഭിക്കുന്ന സാമൂഹ്യവിശകലനം പത്തര വരെ നീളും എന്നർത്ഥം. ഇനി മുതൽ ഒമ്പതിന് മനോരമയിൽ പറയാതെ വയ്യ കഴിഞ്ഞാൽ ഒമ്പതരയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിൽ ഗോപീകൃഷ്ണനും ലല്ലുവും അവതരിപ്പിക്കുന്ന ചിതം വിചിത്രകാണാം. അതുകഴിഞ്ഞാൽ പത്ത് മണിക്ക് റിപ്പോർട്ടർ ടിവിയിൽ കെവി മധു അവതരിപ്പിക്കുന്ന ഡെമോക്രെയ്‌സിയുമായി. ഒന്നരമണിക്കൂർ വ്യത്യസ്തനിലപാടുകൾ ആറിയാം എന്നതും കൗതുകം തന്നെ.