ലയാളത്തിൽ വാർത്താ ചാനലുകളുടെ മൽസരത്തിൽ റിപ്പോർട്ടർ ടിവിക്ക് മുന്നേറ്റം. മഹാരാഷ്ട്ര ഹരിയാനാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം റിപ്പോർട്ടർ ടിവി ഒന്നാമതെത്തി. ചാനലിന്റെ ജനപ്രീതി അളക്കുന്ന ടാംറേറ്റിങ് സമ്പ്രദായമനുസരിച്ചുള്ള വിലയിരുത്തലിലാണ് കണക്കുകൾ വ്യക്തമായത്. ന്യൂസ് ചാനൽ രംഗത്ത് ഏഷ്യാനെറ്റിനുണ്ടായിരുന്ന അജയ്യത തകർത്ത് കഴിഞ്ഞ ഒരു മാസമായി മലയാള മനോരമയാണ് വാർത്താ ചാനലുകളിൽ മുന്നിൽ നിൽക്കുന്നത്. ഏഷ്യാനെറ്റ് തുടർച്ചയായി രണ്ടാംസ്ഥാനത്താണ്. എന്നാൽ ഈവന്റ് റിപ്പോർട്ടിംഗിൽ റിപ്പോർട്ടർ ചാനൽ ഇപ്പോഴും മുന്നിൽ തന്നെ നിൽക്കുന്നുവെന്ന് വേണം വിലയിരുത്താൻ സോളാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നുവന്നപ്പോൾ ഏറെ ശ്രദ്ധനേടിയ റിപ്പോർട്ടർ ടിവി ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരുന്നുവെന്നതാണ് കഴിഞ്ഞ ആഴ്ചകളിലെ ടാംറേറ്റിങ് വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര ഹരിയാനാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 19ാം തീയതി ഞായറാഴ്ചയാണ് സമീപകാലത്ത് ഏറ്റവും അധികം പേർ വാർത്താ ചാനലുകൾ കണ്ടത്. ഈ ദിവസം വലിയ മുന്നേറ്റമുണ്ടാക്കയത് റിപ്പോർട്ടർ ടിവിയാണ്. പ്രൈം ടൈം എന്നറിയപ്പെടുന്ന വൈകുന്നേരം ആറ് മണിമുതൽ പത്ത് മണിവരെ റിപ്പോർട്ടർ ഏറെ മുന്നിലാണ്. ഈ ദിവസം ഏറ്റവും കൂടുതൽ യുവാക്കൾ കണ്ട ചാനലും റിപ്പോർട്ടറാണ്. അതേസമയം തെരഞ്ഞെടുപ്പ്ഫലത്തെ വിശകലനം ചെയ്യുന്ന വാർത്താചർച്ചകളിലും റിപ്പോർട്ടർ തന്നെയാണ് മുന്നിൽ. ഏഷ്യാനെറ്റും മനോരമയും തൊട്ടുപിന്നിലായി നിൽക്കുന്നു.

അതേ സമയം മറ്റുദിവസങ്ങളിൽ മനോരമയും ഏഷ്യാനെറ്റുമാണ് ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. സോളാർ കേസിന് ശേഷം വാർത്താ ചാനലുകളിൽ പ്രേക്ഷകർ കുറഞ്ഞുവരുന്ന സാഹചര്യമാണുണ്ടായിരുന്നത്. എന്നാൽ വാർത്തകളുടെയും ചർച്ചകളുടെയുമടക്കം ന്യൂസ് ചാനലുകൾ വരുത്തിയിരിക്കുന്ന സമയമാറ്റം മൂലം ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.

ഏഷ്യാനെറ്റിലും റിപ്പോർട്ടർ ടിവിയിലും രാത്രി എട്ട് മണി മുതൽ ചർച്ചകൾ ആരംഭിച്ചുതുടങ്ങി. മാതൃഭൂമി, മനോരമ തുടങ്ങിയ ചാനലുകളിൽ ഇത് എട്ടരയാണ്. വാർത്താ ചാനലുകളുടെ പ്രൈംടൈം ഒമ്പത് മണിക്കാരംഭിക്കുന്നു എന്നസങ്കൽപ്പം ഇതോടെ മാറുകയാണ്. ചർച്ചകൾ തന്നെ വാർത്താ ചാനലുകളുടെ നട്ടെല്ലായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്. അതേ സമയം ഡെയ്‌ലി സറ്റയർ പരിപാടികളിലും ചാനലുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ടർ ടിവിയിലാണ് ആദ്യമായി ഡെമോക്രെയ്‌സി എന്ന പേരിൽ ദിവസേന സറ്റയർ പരിപാടി ആരംഭിച്ചത്. മറ്റുവാർത്താ ചാനലുകളും ആ വഴിക്ക് സഞ്ചരിക്കുന്നതായാണ് സൂചന. ഏഷ്യാനെറ്റ് രാത്രി 9.30ന് ചിത്രം വിചിത്രം എന്ന പേരിൽ സമാനമായ പരിപാടി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ചാനലുകൾ മൽസരത്തിനിറങ്ങുന്നതോടെ വ്യത്യസ്തമായതും ആളുകളെ ആകർഷിക്കുന്നതുമായ പരിപാടികൾ ചാനലുകളുടെ അണിയറയിൽ ഒരുങ്ങിത്തുടങ്ങിയെന്ന് വേണം കരുതാൻ.