തിരുവനന്തപുരം: കർണ്ണാടകക്കാരിയായ ദേശീയ ഗെയിംസ് ഹൈജംപിൽ സ്വർണം നേടിയത് കേരളത്തിലെ പത്രങ്ങൾക്ക് ഒരു പ്രധാന വാർത്ത ആകേണ്ടതില്ല. കേരളത്തിന് വേണ്ടി മെഡൽ നേടുന്ന എല്ലാവരുടെയും പടങ്ങൾ പോലും കൊടുക്കാൻ സാധിക്കില്ലെന്നിരിക്കെ സഹനകുമാരിയുടെ ചിത്രങ്ങൾ ഒന്നല്ല, നാലെണ്ണമാണ് മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. മനോരമയുടെ ലക്ഷ്യം പക്ഷേ, മെഡൽ കിട്ടിയ താരത്തെ പ്രോത്സാഹിപ്പിക്കുക അല്ലെന്നും ഇക്കിളി ചിത്രത്തിലൂടെ വായനക്കാരെ ആകർഷിക്കുകയാണെന്നും ആരോപിക്കുകയാണ് സോഷ്യൽ മീഡിയ. മത്സരത്തിന് മുമ്പ് സഹനകുമാരി തുണി മാറുന്ന പലതരത്തിലുള്ള ചിത്രങ്ങളാണ് മനോരമയിൽ അച്ചടിച്ചു വന്നതും ഓൺലൈൻ വഴി വൻ പ്രചാരണം നടത്തിയതും.

ദേശീയ ഗെയിംസിനെ കുറിച്ചുള്ള അഴിമതി ആരോപണങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും ഇപ്പോൾ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടെന്നും മനോരമ പത്രം കഴിഞ്ഞദിവസം വാർത്തയെഴുതിയിരുന്നു. ഇതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സഹനകുമാരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെ വിമർശിക്കുന്നത്. രാജ്യത്തെ പ്രമുഖ വനിതാ അത്‌ലറ്റ് തുണിമാറുന്ന ചിത്രം കാണിച്ചാണോ പത്രം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ചോദ്യം.

തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഗെയിംസിൽ ഹൈജംപിൽ സ്വർണം നേടിയ രാജ്യാന്തര താരം കർണ്ണാടകയുടെ സഹനകുമാരിയുടെ വിവിധ പോസുകൾ എന്ന അടിക്കുറിപ്പോടെയായിരുന്നു മനോരമ ചിത്രം പ്രസിദ്ധീകരിച്ചത്. നാല് ചിത്രങ്ങൾ കൂട്ടി ഇണക്കിയായിരുന്നും ചിത്രം പ്രസിദ്ധീകരിച്ചത്. ആദ്യചിത്രത്തിൽ സഹന ജാക്കറ്റും പാന്റും കൂളിങ് ഗ്ലാസും ധരിച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിലാകട്ട, ഓവർകോട്ട് ഊരിമാറ്റി പാന്റിട്ടിരിക്കുന്നതാണ്. മൂന്നാമത്തെ ചിത്രത്തിൽ ജംപിന് തയ്യാറെടുത്തിരിക്കുന്നതാണ്. നാലാമത്തേത് കൈലി ധരിച്ചിരുക്കുന്നതും.

ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ വ്യക്തമായ കാര്യം ഇതാണ്. ഇവന്റ് നടക്കുമ്പോൾ മനോരമ ക്യാമറാമാന്റെ കണ്ണുകൾ സഹനയെ ചുറ്റിപ്പറ്റിയായിരുന്നു. ഇവർ ജംപ് ചെയ്യുന്ന ചിത്രത്തിന് പകരം നൽകിയതാകട്ടെ വായനക്കാരെ ഇക്കിളിപ്പെടുത്താൻ വേണ്ടിയുള്ളതുമായിപ്പോയി. ഈ ചിത്രങ്ങൾ പത്രത്തിലും ഓൺലൈനിലും ചിത്രങ്ങൾ വന്നതോടെ വസ്ത്രം മാറുന്ന ചിത്രങ്ങൾ മനോമര പ്രസിദ്ധീകരിച്ചുവെന്ന വിധത്തിൽ ശക്തമായ ആക്ഷേപമാണ് ഉയർന്നത്. മനോരമ ഓൺലൈൻ തന്നെ ഫേസ്‌ബുക്ക് പേജിൽ ചിത്രം ഇട്ടതോടെ കടുത്ത വിമർശനമാണ് നേരിട്ടത്. ചിത്രമെടുത്ത ഫോട്ടോഗ്രാഫറെയും അധിക്ഷേപിച്ച് നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകൾ പേജിൽ പ്രത്യക്ഷപ്പെട്ടു.

പുരുഷ അത്‌ലറ്റുകളുടെ ചിത്രം എന്തുകൊണ്ടാണ് മനോരമ ക്യാമറാമാന്റെ ശ്രദ്ധയിൽ പെടാത്തതെന്നാണ് പലരും ചോദിച്ചത്. മനോരമയുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് ചിത്രത്തിലൂടെ പുറത്തുവന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. വായനക്കാരെ വർദ്ധിപ്പിക്കാൻ വേണ്ടി മനോരമ ഇത്രയും തരംതാഴരുതെന്ന വിമർശനവും ചിലർ ഉന്നയിച്ചു. താൻ വസ്ത്രം മാറുന്ന ചിത്രങ്ങൾ പകർത്തി അനുവാദമില്ലാതെ പ്രദർശിപ്പിച്ചതിൽ സഹകുമാരിക്കും എതിർപ്പുണ്ടെന്നാണ് സൂചന. തന്റെ അതൃപ്തി ഇവർ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും അറിയുന്നു.

മനോരമയെ വിമർശിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ചിലത്:

അതേസമയം ഒരു ഫോട്ടോയുടെ പേരിൽ മനോരമയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ദേശീയ ഗെയിംസിലെ കായികതാരങ്ങളുടെ മികവിനെ പരിഗണിച്ച് വാർത്ത നൽകുന്നതിൽ മറ്റ് പത്രങ്ങളെയെല്ലാം മനോരമ കടത്തിവെട്ടിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ തുടക്കം മുതൽ തന്നെ വിവാദങ്ങളെ തഴഞ്ഞ് കായികതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു മലയാളത്തിന്റെ മുത്തശ്ശിപത്രം.