കൊച്ചി: മനോരമ ഘട്ടം ഘട്ടമായാണ് പ്രീപോൾ സർവ്വേ പുറത്തു വിടുന്നത്. ആദ്യ ഘട്ടത്തിൽ കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാടും വന്നു പോയി. അതിലെ സൂചനകൾ സിപിഎമ്മിന്റെ തുടർഭരണ സാധ്യതകളാണ് പ്രവചിച്ചത്. ഇതോടെ മനോരമയും എൽഡിഎഫ് പക്ഷത്തായെന്ന വിലയിരുത്തലുകളും ചർച്ചകളും എത്തി. സർവ്വേയുടെ വിശ്വാസത്യതയെ വലതു കേന്ദ്രങ്ങൾ പോലും തള്ളിക്കളഞ്ഞു. ഇന്നലെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങൾ അവർ നടത്തി. മലപ്പുറവും പാലക്കാടും തൃശൂരും ഇടുക്കിയും ആയിരുന്നു ജില്ലകൾ. ഇവിടെ മനോരമയുടെ സർവ്വേ മുൻതൂക്കം പ്രവചിക്കുന്നത് യുഡിഎഫിനാണ്. ഇതോടെ ഇലക്ഷൻ ട്രൻഡ് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകളുടേതായി.

മലപ്പുറത്ത് മുസ്ലിം ലീഗ് വമ്പൻ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. മറ്റ് പ്രീപോൾ സർവ്വേയിൽ നിന്ന് വ്യത്യസ്തമായി ഓരോ മണ്ഡലത്തിലും ആർക്കാണ് മുൻതൂക്കമെന്ന് മനോരമ പ്രവചിക്കുന്നു. ആദ്യ ദിനത്തിൽ മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നായിരുന്നു സർവ്വേ ഫലം. അതു പോലെ പാലക്കാട്ടെ രണ്ട് സീറ്റിലും ബിജെപി കണ്ണുവയ്ക്കുന്നുണ്ട്. പാലക്കാട്ട് ഇ ശ്രീധരനാണ് മത്സരിക്കുന്നത്. മലമ്പുഴയിൽ കൃഷ്ണകുമാറും. രണ്ടിടത്തും ബിജെപി ജയിക്കില്ലെന്നാണ് മനോരമയുടെ സർവ്വേ പറയുന്നത്. അങ്ങനെ ആദ്യ ദിവസ സർവ്വേയിൽ പ്രതീക്ഷ കണ്ട സിപിഎമ്മും ബിജെപിയും രണ്ടാം ദിവസം നിരാശരായി. തൃശൂർ, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലെ 46 സീറ്റിൽ 32ഉം യുഡിഎഫിനാണ് സർവ്വേ നൽകുന്നത്.

മലപ്പുറത്ത് മുസ്ലിം ലീഗിന് മുന്നേറ്റം പ്രവചിക്കുമ്പോഴും ജയിക്കുന്നവരുടെ ഭൂരിപക്ഷം കുറയും. ഇടുക്കിയിലെ തൊടുപുഴയിൽ കേരളാ കോൺഗ്രസിന്റെ പിജെ ജോസഫിനും കഷ്ടി ജയമാണ് പ്രവചിക്കുന്നത്. അട്ടിമറികളാകും മലപ്പുറത്തെ പ്രത്യേകതയെന്നും പറയുന്നു. തൃശൂരിൽ സുരേഷ് ഗോപിയും ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസും ബിജെപിക്ക് വേണ്ടി ചലമുണ്ടാക്കില്ലെന്നും സർവ്വേ പറയുന്നു.

ചാലക്കുടിയും കൊടുങ്ങല്ലൂരും എൽഡിഎഫിനെന്ന് സർവേ

തൃശൂർ സർവേ : എൽഡിഎഫ്-8, യുഡിഎഫ് - 5, എൻഡിഎ-0 എന്നിങ്ങനെയാണ് വിജയസാധ്യത. തൃശൂർ വോട്ട് വിഹിതം: എൽഡിഎഫ് - 41.85 %, UDF - 37.14 %, എൻഡിഎ - 19.52 %, മറ്റുള്ളവർ - 1.49 %. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 4.71 ശതമാനം ലീഡുണ്ട്. തൃശൂരിലെ പുതുക്കാട് സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യതയെന്ന് മനോരമ ന്യൂസ്‌വി എംആർ സർവേ ഫലം. എൽഡിഎഫിന് യുഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡ്. ചാലക്കുടിയിൽ എൽഡിഎഫ് തന്നെ നിലനിർത്തുമെന്ന് സർവേ പറയുന്നു. കൊടുങ്ങല്ലൂരും സർവേ പ്രകാരം എൽഡിഎഫിന് തന്നെ വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ മികച്ച ശതമാനം ലീഡ് പ്രവചിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചാലക്കുടിയിൽ ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ: സർക്കാരിന് നല്ല റാങ്കിങ് ആണ്. 25 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 21 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് സർവേയിൽ പങ്കെടുത്ത 3 ശതമാനം അഭിപ്രായപ്പെട്ടു.

തൃശൂരിലെ ഒല്ലൂരിൽ യുഡിഎഫ് മുന്നിലെന്ന് സർവേ ഫലം. സാമാന്യം നല്ല മാർജിനിൽ മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം സാധ്യത കാണുന്നത്. തൃശൂർ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ആണ് മുന്നിൽ. നാട്ടിക സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ വലിയ ശതമാനം ലീഡെന്നും സർവേ. കയ്പമംഗലത്ത് സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. യുവ സ്ഥാനാർത്ഥി യുഡിഎഫിന് വരുംമുൻപാണ് സർവേ എന്നത് ശ്രദ്ധിക്കണം. ഇരിങ്ങാലക്കുടയിൽ സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. സിപിഎമ്മിലെ ആർ.ബിന്ദു മുന്നിലെന്ന് സർവേ ഫലം.

സിറ്റിങ് എംഎൽഎയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് തൃശൂരുകാരോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: വി എസ്.സുനിൽ കുമാറിന്റേത് വളരെ നല്ല പ്രകടനമാണെന്നാണ് പൊതു വിലയിരുത്തൽ. വളരെ മികച്ചതെന്ന് വിലയിരുത്തിയത് 45 ശതമാനം. 20 ശതമാനം മികച്ചതാണെന്ന് രേഖപ്പെടുത്തി. 30 ശതമാനം പേർ ശരാശരി മാർക്ക് നൽകി. മോശമെന്ന് 3 ശതമാനം പേരും അത്രതന്നെ ആളുകൾ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന് ഇരിങ്ങാലക്കുടക്കാരോട് ചോദ്യം. 48 ശതമാനം പേർക്ക് എൽഡിഎഫിനേയും 31 ശതമാനം പേർക്ക് യുഡിഎഫിനേയുമാണ് വിശ്വാസം. എൻഡിഎ 15 ശതമാനം. 6 ശതമാനം പേർക്ക് മറ്റുകക്ഷികളിലാണ് വിശ്വാസം എന്നാണ് ഉത്തരം.

ചേലക്കരയിൽ സർവേ പ്രകാരം യുഡിഎഫിന് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനു മേൽ വലിയ ശതമാനം ലീഡും പറയുന്നു സർവേ. പക്ഷേ സിപിഎമ്മിന്റെ താരസ്ഥാനാർത്ഥിയായ കെ.രാധാകൃഷ്ണന്റെ വരവോടെ മണ്ഡലചിത്രം മാറിയേക്കാം. കുന്നംകുളത്ത് സർവേ പ്രകാരം യുഡിഎഫിന് ആണ് വിജയസാധ്യത. സാമാന്യം ഭേദപ്പെട്ട മാർജിനിലാണ് മുന്നിലുള്ളതെന്നും സർവേ പറയുന്നു. ഗുരുവായൂരിൽ സർവേ പ്രകാരം യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. വലിയ മാർജിനിലല്ല മുന്നേറ്റം. മണലൂരിൽ പക്ഷേ സർവേ പ്രകാരം എൽഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയിൽ സർവേ പ്രകാരം യുഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുണ്ട്.

ഇടുക്കിയിൽ അഞ്ചും യുഡിഎഫിനെന്ന് സർവേ; രണ്ടിടത്ത് പോരാട്ടച്ചൂട്

മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേയിൽ ഇടുക്കിയുടെ ചിത്രം തെളിഞ്ഞപ്പോഴും പോരാട്ടച്ചൂട്. യുഡിഎഫ് - 5, എൽഡിഎഫ്-0, എൻഡിഎ-0. ഇടുക്കി വോട്ട് വിഹിതം ഇങ്ങനെ: യുഡിഎഫ് - 41.48 %, LDF - 35.46 %, എൻഡിഎ - 19.76 %, മറ്റുള്ളവർ - 3.30 %വോട്ട് വിഹിതത്തിൽ യുഡിഎഫിന് 6.02 ശതമാനം ലീഡ്. ദേവികുളത്ത്

യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മേൽക്കൈ ആണ് പ്രവചിക്കുന്നത്. എൽഡിഎഫിന് മേൽ 2.5 ശതമാനം മാത്രം നേരിയ ലീഡേ ഉള്ളൂ യുഡിഎഫിന്. ഉടുമ്പൻചോലയിൽ യുഡിഎഫിന് മേൽക്കൈയെന്ന് സർവേ പറയുന്നു. തൊടുപുഴയിൽ പിജെ ജോസഫ് കടുത്ത മൽസരം നേരിടുന്നു എന്നതാണ് ചിത്രം. യുഡിഎഫിന് ന് 0.7 ശതമാനം മാത്രം ലീഡാണ് ഇവിടെ. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പീരുമേട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ദേവികുളത്ത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നു. 39 ശതമാനം പേർ പങ്കില്ലെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. തൊടുപുഴയിൽ സിറ്റിങ് എംഎൽഎ പി.ജെ.ജോസഫിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്നതിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 8 ശതമാനം പേരും മികച്ചതാണെന്ന് 37.05 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 28.82 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 23 ശതമാനമാണ്. തീർത്തും മോശം എന്ന് 3.52 ശതമാനം.

പാലക്കാട് യുഡിഎഫിന്

താരമണ്ഡലമായ പാലക്കാട് യുഡിഎഫ് തന്നെ മുന്നിൽ. മലമ്പുഴയിലും പാലക്കാടും കടുത്ത മൽസരമെന്ന് സർവേ പറയുന്നു. മലമ്പുഴയിൽ എൽഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. രണ്ടാമത് യുഡിഎഫ് തന്നെ. എൻഡിഎ മൂന്നാമതെന്നും സർവേ പറയുന്നു. പാലക്കാട്ട് ത്രികോണമൽസരത്തിൽ യുഡിഎഫിന് നേരിയ മേൽക്കൈ എന്നാണ് പ്രവചനം. ജില്ലയിൽ മിക്കയിടത്തും കടുത്ത മൽസരമാണ് പ്രകടമാകുന്നത്. പാലക്കാട്ട് ഷാഫി പറമ്പിൽ എന്ന സിറ്റിങ് എംഎൽഎയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് 26 ശതമാനം പേരും മികച്ചതാണെന്ന് 29ശതമാനം പേരും രേഖപ്പെടുത്തി. ശരാശരി എന്നാണ് 36 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീർത്തും മോശം എന്ന് 1 ശതമാനം. തരൂർ മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെന്ന് സർവേ പറയുന്നു. നേരിയ മുൻതൂക്കമെന്നാണ് സൂചന.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാർജിനിലാണ് മുന്നേറ്റമെന്ന് സർവേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. അതും ഭേദപ്പെട്ട മാർജിനിൽ ആണ് മുന്നിലുള്ളത്. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32ശതമാനം പേർ വളരെ മികച്ചതെന്നും 37 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 22ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേർക്ക് എൽഡിഎഫിനെയാണ് വിശ്വാസം. എൻഡിഎയ്ക്ക് 15 ശതമാനം. 13 ശതമാനം പേർ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.

തൃത്താലയിൽ യുഡിഎഫിനാണ് മേൽക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സർവേ. പട്ടാമ്പി മണ്ഡലത്തിൽ പോരാട്ടചിത്രം തെളിയും മുൻപുള്ള സർവേയിൽ എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാർജിനിലാണ് മുന്നേറ്റം. ഷൊർണൂരിൽ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സർവേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്.

മലപ്പുറത്ത് ലീഗ്

മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ 15 സീറ്റും നേടി യുഡിഎഫ് വൻ ശക്തിയാകുമെന്ന് മനോരമന്യൂസ്‌വി എംആർ അഭിപ്രായ സർവേ പ്രവചനം. 48.22 ശതമാനം വോട്ടുകൾ യുഡിഎഫ് നേടുമെന്നും 39.15 ശതമാനം വോട്ട് എൽഡിഎഫും 9.34 ശതമാനം എൻഡിഎയും നേടുമെന്ന് സർവേ പ്രവചിക്കുന്നു. 2016ൽ 4 സീറ്റ് എൽഡിഎഫ് നേടിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് സർവേ പറയുന്നത്. തവനൂരിൽ കെ.ടി ജലീൽ വിജയം ആവർത്തിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. നിലമ്പൂർ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും പ്രവചനം.

കൊണ്ടോട്ടി മണ്ഡലത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സർവേ പ്രവചിക്കുന്നു. ഏറനാട്ടും യുഡിഎഫ് സ്ഥാനാർത്ഥി എളുപ്പത്തിൽ വിജയമുറപ്പിക്കുന്നുവെന്ന് സർവേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സർക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം.

നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ പറയുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ പിന്നിലെന്നാണ് സർവേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തിൽ സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി നല്ല നിലയിൽ മുന്നിലെന്ന് സർവേ പറയുന്നു. സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാർ പ്രതികരിച്ചത് ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 47 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേർ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.