കോട്ടയം: മനോരമ സർവ്വേയും പ്രവചിക്കുന്നത് ഇടതു മുന്നണിക്ക് തുടർ ഭരണമോ? മൂന്നാ ഘട്ട സർവ്വേ പുറത്തു വരുമ്പോൾ ലഭിക്കുന്ന സൂചന. അതാണ്. മനോരമന്യൂസ് വി എം.ആർ അഭിപ്രായ സർവേയുടെ മൂന്നാം ഘട്ടത്തിൽ എൽ.ഡി.എഫിന് മുന്നേറ്റമെന്ന് പ്രവചനം. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിൽ 22 ഇടങ്ങളിൽ ഇടതുമുന്നണിക്കും 14 സീറ്റുകളിൽ യു.ഡി.എഫിനും സാധ്യതയെന്നാണ് സർവെഫലങ്ങൾ. ഒരു മണ്ഡലത്തിൽ മൂന്നു മുന്നണികൾക്കും വിജയിക്കാനാവില്ലെന്നും സർവെ വ്യക്തമാക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് ജില്ലകളിലെ 115 മണ്ഡലങ്ങളിലെ അഭിപ്രായ സർവെഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് 63 സീറ്റും യു.ഡി.എഫിന് 50 സീറ്റും എൻ.ഡി.എയ്ക്കും മറ്റുള്ളവർക്കും ഓരോ സീറ്റുകൾ വീതവുമാണ് ഇതുവരെ പ്രവചിക്കപ്പെട്ടത്. ഇനി ഇടതിന് തുടർഭരണത്തിന് വേണ്ടത് ഏഴിൽ അധികം സീറ്റ് മാത്രമാണ്. കൊല്ലത്തും തിരുവനന്തപുരത്തും ഈ സീറ്റുകൾ കിട്ടാനുള്ള കരുത്ത് സിപിഎമ്മിനും ഇടതുപക്ഷത്തിനുമുണ്ട്. അതുകൊണ്ട് തന്നെ തുടർഭരണം സാധ്യമാകുമെന്ന തരത്തിലേക്കാണ് സർവ്വേ പോകുന്നത്. ബിജെപിക്ക് പ്രതീക്ഷിക്കുന്ന നേട്ടം സർവ്വേ നൽകുന്നില്ല. തിരുവനന്തപുരത്ത് ബിജെപിക്കും പ്രതീക്ഷകൾ ഏറെയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ബിജെപി പിടിക്കുന്ന വോട്ടുകളാണ് വിധി നിർണ്ണയിക്കുക.

വികസനം, ജനക്ഷേമം, സുതാര്യഭരണം വാഗ്ദാനങ്ങളുടെ പട്ടികനിരത്തി ജന വിശ്വാസമാർജിക്കാനുള്ള പടക്കളത്തിലാണ് രാഷ്ട്രീയ കേരളം. വാഗ്ദാനങ്ങളും സ്ഥാനാർത്ഥികളും വരുംമുമ്പേ അനുഭവവും കാഴ്ചപ്പാടും ചേർത്തുവച്ച് കേരളജനത കോറിയിട്ട തിരഞ്ഞെടുപ്പ് സാധ്യതകളുടെ മൂന്നാംഘട്ടവും സർക്കാരിന് ആശ്വാസമേകുന്നതാണെന്ന് മനോരമ പറയുന്നു. പരമ്പരാഗത രാഷ്ട്രീയ ആഭിമുഖ്യം പ്രദർശിപ്പിക്കുമ്പോഴും കാമ്പുള്ള രാഷ്ട്രീയത്തെക്കൂടി മറക്കാത്ത എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിലെ സാധ്യതകളാണ് അഭിപ്രായ സർവെയുടെ മൂന്നാംഘട്ടത്തിൽ പുറത്തുവന്നത്. പൂഞ്ഞാറിൽ പിസി ജോർജിന് മുൻതൂക്കം നൽകുന്നതാണ് സർവ്വേ. ഇത് ശരിയായാൽ മൂന്ന് മുന്നണികളേയും വീണ്ടും എതിരിട്ട് പിസി എംഎൽഎയായി മാറും

എറണാകുളം

എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ എട്ടിടത്ത് യു.ഡി.എഫും ആറിടത്ത് എൽ.ഡി.എഫും എന്നാണ് സർവെഫലം. കടുത്ത മൽസരത്തിനൊടുവിൽ പെരുമ്പാവൂരിൽ യു.ഡി.എഫ് മുന്നിലെത്തും. 3.8 ശതമാനം മാത്രമാണ് പെരുമ്പാവൂരിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം. മണ്ഡലം നിലനിർത്താൻ അങ്കമാലിയിലും യു.ഡി.എഫിന് നേരിടേണ്ടിവരുന്നത് അഗ്‌നിപരീക്ഷയാണ്. 5.20 ശതമാനം വോട്ടുകളുടെ മേൽക്കൈയാണ് യു.ഡി.എഫിന് മണ്ഡലത്തിൽ പ്രവചിക്കപ്പെടുന്നത്. ആലുവ ഇക്കുറിയും യു.ഡി.എഫിനൊപ്പെന്നാണ് അഭിപ്രായസർവെ നൽകുന്ന സൂചന. മൽസരഫലം കേരളം ഉറ്റുനോക്കുന്ന കളമശേരിയിൽ എൽ.ഡി.എഫിന്റെ അട്ടിമറി മുന്നേറ്റവും സർവെയുടെ പ്രവചിക്കുന്നു.

കടുത്ത പോരാട്ടത്തിനൊടുവിൽ പറവൂർ മണ്ഡലത്തിലും യു.ഡി.എഫ് മുന്നിലെത്തും. എൽ.ഡി.എഫുമായുള്ള വോട്ടുവത്യാസം ഇവിടെ 3.5 ശതമാനം മാത്രമാണ്. വൈപ്പിൻ മണ്ഡലത്തിൽ എൽ.ഡി.എഫിന് തന്നെയാണ് മേൽക്കൈയെന്നാണ് സർവെ നൽകുന്ന സൂചനകൾ. കൊച്ചിയാണ് യു.ഡി.എഫ് മുന്നേറ്റം പ്രവചിക്കപ്പെടുന്ന മറ്റൊരു മണ്ഡലം. കടുത്ത രാഷ്ട്രീയ മൽസരത്തിൽ കേവലം 0.67 ശതമാനം വോട്ടുകളുടെ നാമമാത്രമായ വ്യത്യാസമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്.

ഉപതിരഞ്ഞെടുപ്പിലെ വിജയം ഭാഗ്യംകൊണ്ടാണെന്ന അപവാദം കേൾക്കേണ്ടിവന്ന യു.ഡി.എഫിന് എറണാകുളത്തുകാരുടെ പിന്തുണ ഒരിക്കൽക്കൂടി നേടി ആശ്വസിക്കാൻ വകയുണ്ടെന്ന് അഭിപ്രായസർവെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേവലം 4.3 ശതമാനം വോട്ടുകളുടെ മുൻതൂക്കം മാത്രമേ അവകാശപ്പെടാനുള്ളൂ എന്നത് മണ്ഡലത്തിലെ മൽസരത്തിന്റെ സ്വഭാവം വരച്ചിടുന്നു. ജില്ലയിൽ എൽ.ഡി.എഫ് അട്ടിമറി സ്വഭാവമുള്ള മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെടുന്ന രണ്ടാമത്തെ മണ്ഡലം തൃക്കാക്കരയാണ് . കുന്നത്തുനാട്ടിലും പിറവത്തും ഇത്തവണയും യു.ഡി.എഫ് മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ മൂവാറ്റുപുഴയിലും കോതമംഗലത്തും ഇടതുപക്ഷ മുന്നേറ്റമാണ് സർവെ പ്രവചിക്കുന്നത്. എറണാകുളം ജില്ലയിലാകെ എൽ.ഡി.എഫ് 43.42 ശതമാനവും യു.ഡി.എഫ് 42.01 ശതമാനവും എൻ.ഡി.എ 11.59 ശതമാനവും മറ്റുള്ളവർ 2.97 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സർവെയുടെ കണ്ടെത്തൽ.

കോട്ടയം

കേരള കോൺഗ്രസിന്റെ മുന്നണിമാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കപ്പെടുന്ന കോട്ടയത്ത് ഇടതുമുന്നണി വ്യക്തമായ ആധിപത്യം നേടുമെന്നാണ് അഭിപ്രായ സർവെയുടെ പ്രവചനം. ഒൻപത് സീറ്റുകളുള്ള ജില്ലയിൽ ആറിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് മറ്റുള്ളവരും മുന്നിലെത്തും . കടുത്ത രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്ന പാലായിൽ ഇക്കുറി ഇടതുമുന്നണി മുന്നിലെത്തുമെന്നാണ് സർവെയുടെ കണ്ടെത്തൽ. 0.57 ശതമാനത്തിന്റെ നേരിയ മേൽക്കൈ മാത്രമാണ് എൽ.ഡി.എഫിന് പ്രവചിക്കപ്പെടുന്നത്.

കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ അട്ടിമറി സ്വഭാവമുള്ള മുന്നേറ്റവും സർവെ പ്രവചിക്കുന്നു. വൈക്കവും ഏറ്റുമാനൂരും ഇടതുമുന്നണയിലുള്ള വിശ്വാസം ഇക്കുറിയും മുറുകെ പിടിക്കുമെന്നും അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പുതുപ്പള്ളിയും കോട്ടയവുമാണ് ജില്ലയിൽ യു.ഡി.എഫിന്റെ ബാലൻസ് ഷീറ്റിൽ മുന്നേറ്റം അടയാളപ്പെടുത്തുന്ന രണ്ട് മണ്ഡലങ്ങൾ. കോട്ടയത്ത് എൽ.ഡി.എഫുമായി 5.7 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസമാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും എൻ.ഡി.എയെയും നിരാകരിച്ച 2016 ലെ ചരിത്രം പൂഞ്ഞാർ മണ്ഡലം ഇക്കുറിയും ആവർത്തിക്കുമെന്നും സർവെ വ്യക്തമാക്കുന്നു. ജില്ലയിലാകെ എൽ.ഡി.എഫിന് 44.64 ശതമാനവും യു.ഡി.എഫിന് 32.17 ഉം എൻ.ഡി.എയ്ക്ക് 17.70 ശതമാനവും മറ്റുള്ളവർ 5.48 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സർവെയുടെ കണ്ടെത്തൽ.

ആലപ്പുഴ

ആലപ്പുഴയിലെ ഒൻപതിൽ അഞ്ച് മണ്ഡലങ്ങളിൽ എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും മുന്നിലെത്തുമെന്നാണ് അഭിപ്രായസർവെയുടെ കണ്ടെത്തൽ. അരൂരിൽ എൽ.ഡി.എഫ് മുന്നിലെത്തുമെന്നാണ് സർവെയുടെ കണ്ടെത്തൽ. ചേർത്തലയിലെ ഇടത് തേരോട്ടത്തിന് ഇക്കുറി വൻ മുന്നേറ്റത്തിലൂടെ യു.ഡി.എഫ് തടയിടുമെന്നും അഭിപ്രായസർവെ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴയിലാണ് മറ്റൊരു രാഷ്ട്രീയ അട്ടിമറി പ്രവചിക്കപ്പെടുന്നത്. കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിന് ഒടുവിൽ കേവലം 3.16 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസത്തിൽ ആലപ്പുഴ യു.ഡി.എപിനെ മുന്നിലെത്തിക്കുമെന്നും പ്രവചിക്കപ്പെടുന്നു. സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഒന്നാമതെത്തും. അതേസമയം ജില്ലയിലെ മറ്റൊരു വമ്പൻ അട്ടിമറിയിലൂടെ കുട്ടനാട്ടിൽ യു.ഡി.എഫ് മുന്നിലെത്തുമെന്നും അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയിൽ എൽ.ഡി.എഫിന് 42.2 ശതമാനവും യു.ഡി.എഫിന് 39.07 ശതമാനവും എൻ.ഡി.എയ്ക്ക് 16.45 ശതമാനവും മറ്റുള്ളവർക്ക് 1.28 ശതമാനവുമാണ് സർവെ പ്രവചിക്കുന്ന വോട്ടുവിഹിതം.

പത്തനംതിട്ട

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നേടിയ സമ്പൂർണ ആധിപത്യം എൽ.ഡി.എഫ് ഇക്കുറിയും ആവർത്തിക്കുമെന്നാണ് അഭിപ്രായ സർവെയുടെ കണ്ടെത്തൽ. തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ മണ്ഡലങ്ങൾ ഇടതുപക്ഷത്തിന് രാഷ്ട്രീയ ഹൃദയത്തിൽ ഇടമൊരുക്കുമെന്നാണ് സർവെയുടെ കണ്ടെത്തൽ. ജില്ലയിൽ സമഗ്രാധിപത്യ സ്വഭാവം കാട്ടുമ്പോഴും അടൂർ മണ്ഡലത്തിൽ കടുത്ത പരീക്ഷണമാണ് ഇടതുമുന്നണി നേരിടുന്നത്. 4.5 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. കോന്നിയിൽ യു.ഡി.എഫിനും എൻ.ഡി.എയും വോട്ടുവിഹിതത്തിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്തുമെന്ന നിരീക്ഷണവും അഭിപ്രായസർവെ പങ്കുവയ്ക്കുന്നു.

എൽ.ഡി.എഫിന് 45.81 ശതമാനം, യു.ഡി.എഫിന് 33.43 ശതമാനം , എൻ.ഡി.എ 20.57 ശതമാനം, മറ്റുള്ളവർ 0.19 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടുവിഹിതത്തെക്കുറിച്ചുള്ള സർവെയുടെ പ്രവചനം.

തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ളതും വോട്ടർമാരെ സ്വാധീനിക്കാനിടയുള്ളതുമായ കാതലായ ചില വിഷയങ്ങളിലും വോട്ടർമാരുടെ അഭിപ്രായം സർവെയിലൂടെ പുറത്തുവന്നു. സർക്കാരിന്റെ പ്രവർത്തനം എങ്ങനെയെന്ന ചോദ്യത്തിന് വളരെ നല്ലതെന്ന് 17 ശതമാനവും നല്ലതെന്ന് 35 ശതമാനവും ശരാശരിയെന്ന് 31 ശതമാനവും മോശമെന്ന് 13 ശതമാനവും വളരെ മോശമെന്ന് നാലുശതമാനവും പേർ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ നല്ലതെന്ന് 8 ശതമാനവും നല്ലതെന്ന് 25 ശതമാനവും ശരാശരിയെന്ന് 41 ശതമാനവും മോശമെന്ന് 18 ശതമാനവും വളരെ മോശമെന്ന് 8 ശതമാനവും പേർ അഭിപ്രായമറിയിച്ചു.

സാമൂഹ്യക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ എൽ.ഡി.എഫാണ് നല്ലതെന്ന് 47 ശതമാനം വോട്ടർമാർ അഭിപ്രായപ്പെട്ടു. യു.ഡി.എഫിനെ 40 ശതമാനവും എൻ.ഡി.എയെ 10 ശതമാനവും മറ്റുള്ളവരെ മൂന്ന് ശതമാനവും വോട്ടർമാർ പിന്തുണച്ചു. ജോസ് കെ.മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് 42 ശതമാനംപേരും അഭിപ്രായപ്പെട്ടു. നഷ്ടമുണ്ടാക്കില്ലെന്ന് 26 ശതമാനവും അറിയില്ലെന്ന് 32 ശതമാനവും പേർ പ്രതികരിച്ചു.