- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി ചിത്രം ഏതാണ്ട് വ്യക്തമായത് മാർച്ച് 16ന്; സർവ്വേ നടന്നത് ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് മുമ്പ് നടന്ന കണക്കെടുപ്പ്; നേമത്ത് മുരളീധരന്റെ എൻട്രിയും ഉറപ്പിക്കാനായില്ല; ശബരിമല വിഷയം 43 ശതമാനം പേരും പരിഗണിച്ചിട്ടും തുടർ ഭരണം! മനോരമ സർവ്വേയെ തള്ളാൻ ബിജെപിയും കോൺഗ്രസും സിപിഎമ്മും
കൊച്ചി: കേരളത്തിൽ മത്സര ചിത്രം തെളിഞ്ഞത് മാർച്ച് 16നാണ്. കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ പല മണ്ഡലത്തിലും നിശ്ചയിക്കാൻ വൈകിയതു കാരണമായിരുന്നു അത്. കഴക്കൂട്ടത്ത് ബിജെപിയുടെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എന്ന് ഉറപ്പിക്കുന്നത് മാർച്ച് 17ന്. നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എത്തുന്നതും ഒരു ദിവസം മുമ്പ്. അതിനും ദിവസം മുമ്പേ മനോരമ സർവ്വേ എടുത്തു. ആ സർവ്വേയിലാണ് സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിക്കുന്നത്.
ആറന്മുളയിൽ സിപിഎമ്മിന് വമ്പൻ വിജയമാണ് മനോരമ പ്രവചിക്കുന്നത്. എന്നാൽ സർവ്വേ നടക്കുമ്പോൾ സ്ഥാനാർത്ഥി ചിത്രത്തിൽ ശിവദാസൻ നായരുടെ പേര് ഉറപ്പിച്ചിട്ടില്ല. ബിജെപിക്കും ആരാണ് മത്സരിക്കുന്നതെന്ന് അറിയില്ല. അങ്ങനെ നടന്ന സ്#വ്വേ. ഇതിലാണ് തുടർഭരണ പ്രഖ്യാപനം. അതുകൊണ്ട് തന്നെ ഈ സർവ്വേ ഫലത്തെ ബിജെപിയും കോൺഗ്രസും കാര്യമായെടുക്കന്നില്ല. എൽഡിഎഫിന് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കാം എന്നാണ് സർവ്വേ ഫലം. യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റാണ് സർവേ സൂചിപ്പിക്കുന്നത്. എൻഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. പ്രവചനത്തിൽ 3% വരെ വ്യത്യാസം ഉണ്ടായേക്കാം. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപായിരുന്നു സർവേ നടത്തിയത്.
സർവേ നടത്തിയത് ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയാണ്. അതുകൊണ്ട് തന്നെ ആർക്കും മത്സര ചിത്രം വ്യക്തമല്ല. അതിനാൽ സാമ്പിളുകളിൽ കൃത്യത വരില്ലെന്നതാണ് വസ്തുത. എൽഡിഎഫ് 43.65%, യുഡിഎഫ് 37.37%, എൻഡിഎ 16.46%, മറ്റു കക്ഷികൾ 2.52 ശതമാനം എന്നിങ്ങനെയാണ് ലഭിക്കാൻ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് അനുകൂലമായ സാധ്യതകൾ. പൂഞ്ഞാറിൽ മൂന്ന് മുന്നണികൾക്കും പുറത്തുള്ള സ്ഥാനാർത്ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയാകാൻ യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സർവേയിൽ പങ്കെടുത്ത 39 ശതമാനം പേർ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മൻ ചാണ്ടിയാണ് രണ്ടാമത്. കെ.കെ.ശൈലജയെ 12 ശതമാനവും രമേശ് ചെന്നിത്തലയെ 11 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ 5 ശതമാനവും വി.മുരളീധരനെ 3 ശതമാനവും പിന്തുണച്ചു. പ്രമുഖരായ ആറു നേതാക്കാളുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാൾ വരണം എന്ന് നാലു ശതമാനം വോട്ടർമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎമ്മിന് പകുതിയിൽ അധികം വോട്ട് കിട്ടുന്നുവെന്നതാണ് വസ്തുത.
ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്ന 43% പേരുണ്ട്. 33% അങ്ങനെ കരുതുന്നില്ല. എന്നാൽ ഇത് സർവ്വേ ഫലത്തിൽ തെളിയുന്നുമില്ല. സോളർ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭൂരിഭാഗം പേരും കരുതുന്നു. രാഷ്ട്രീയമില്ല എന്ന നിലപാടെടുത്തത് 22% മാത്രമാണ്. സർവേയിൽ പങ്കെടുത്ത 39% പേർ സ്വർണക്കടത്തു കേസിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായക്കാരാണ്. ഉത്തരവാദിത്തമില്ലെന്ന് 34% അഭിപ്രായപ്പെട്ടു. 27% വ്യക്തമായ നിലപാടെടുത്തില്ല. അതായത് സർവ്വേയിൽ പങ്കെടുത്ത പകുതിയിൽ ഏറെ പേരും ഇക്കാര്യത്തിൽ സർക്കാനൊപ്പം നിൽക്കുന്നില്ല. എന്നിട്ടും അത് അന്തിമ ഫലത്തെ സ്വാധീനിക്കുന്നില്ലെന്നതാണ് വസ്തുത.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്‌സ് മൂഡ് റിസർച്ച് (വി എംആർ) ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 27,000 വോട്ടർമാരെ നേരിൽക്കണ്ടാണ് അഭിപ്രായ സർവേ നടത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും ഫലസൂചനകൾ പ്രവചിക്കുന്ന ഏക സർവേയാണിത്. എന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് നടത്തിയ സർവ്വേയ്ക്ക് ശരിയായ ഫലം കണ്ടെത്താനാകില്ല.
ഇത് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാർട്ടികളും തിരിച്ചറിയുന്നു. നല്ല സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതാണ് പൊതുവേയുള്ള പ്രവണത. ഇങ്ങനെ കാര്യങ്ങൾ പോയാൽ ഈ സർവ്വേ ഫലം തെറ്റുമെന്ന് ഉറപ്പാണെന്ന് സിപിഎം പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും നിലപാടും. സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതി ശക്തമായ പോരാട്ടമെന്ന് മനോരമ ന്യൂസ്‌വി എംആർ അഭിപ്രായ സർവെ. വളരെ നേരിയ മേൽക്കൈ എൻഡിഎക്കുണ്ട്. 0.10 ശതമാനത്തിന്റെ മേൽക്കൈ മാത്രമാണത്. മാറി മറിഞ്ഞേക്കാം. സർവേ കാലയളവിലെ അഭിപ്രായപ്രകാരം യുഡിഎഫാണ് മൂന്നാം സ്ഥാനത്താണ്. കെ.മുരളീധരൻ സ്ഥാനാർത്ഥിയായി എത്തുന്നതിന് മുൻപാണ് ഈ സർവേ നടത്തിയത് എന്നത് ഏറെ പ്രധാനമാണ്-ഇതാണ് സർവ്വേ തന്നെ പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിൽ അതിശക്തമായ മൽസരമെന്നും സർവെ. മണ്ഡലത്തിൽ നേരിയ മേൽക്കൈ എൻഡിഎക്കാണെന്നും സർവെ പറയുന്നു. സിറ്റിങ് സീറ്റിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം. സ്ഥാനാർത്ഥി ചിത്രം തെളിയുംമുൻപാണിത്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം: കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് മുന്നിലെന്ന് സർവേ. സർവേ നടത്തിയ കാലയളവിൽ യുഡിഎഫിനും എൻഡിഎയ്ക്കും സ്ഥാനാർത്ഥി ആയില്ലെന്നത് പ്രത്യേകം ഓർക്കണം. ഈ കാലയളവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എൻഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്.
ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് കൂടി നോക്കാം. 45 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേർ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. വട്ടിയൂർകാവിൽ എൽഡിഎഫ് മുന്നിലെന്നാണ് സർവേ. അവിടെയും സർവേ കാലത്ത് യുഡിഎഫിന് സ്ഥാനാർത്ഥി ആയിട്ടില്ലെന്നും സർവ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി.
മറുനാടന് മലയാളി ബ്യൂറോ