തിരുവനന്തപുരം: ജൂൺ മാസം അവസാനിക്കുമ്പോൾ കേരളത്തിൽ ലഭിച്ച മഴയിൽ വൻ കുറവെന്ന് കണക്കുകൾ. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് 2021ലേത് എന്നാണ് ഐഎംഡിയുടെ കണക്കുകൾ പറയുന്നത്. പ്രവചിച്ച മഴയിൽ നിന്ന് 36% കുറവാണ് ജൂൺമാസത്തിൽ ലഭിച്ച മഴ. ജൂൺ ഒന്നുമുതൽ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ജൂണിൽ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്റർ ആണ്.

ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 മില്ലിമീറ്റർ) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. 2013 ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റർ മഴ ആണ് ജൂൺ മാസത്തിൽ മാത്രം പെയ്തത്.

എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്,( 50% കുറവ് ) ജില്ലകളിൽ ആണ് ഏറ്റവും കുറവ്. ഇന്ത്യയിൽ ഇതുവരെ 182.9 മില്ലി മീറ്റർ മഴ കിട്ടി 10% അധികമാണ് ഇത്. കിട്ടേണ്ടത് 166.9 mm. കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ ഉള്ള 37 സംസഥാനങ്ങളിൽ 25 ലും സാധാരണ / സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു .കേരളം ഉൾപ്പെടെ ഉള്ള 11 സംസ്ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.

കാലവർഷക്കാറ്റിന്റെ കുറവാണ് കേരളത്തിൽ മഴകുറയാൻ പ്രധാനകാരണം എന്നാണ് കാലവസ്ഥ നിരീക്ഷകർ പറയുന്നത്. ജൂണിന്റെ ആദ്യഘട്ടത്തിൽ ന്യൂനമർദ്ദങ്ങൾ മൂലം കേരളത്തിൽ കാര്യമായ മഴ ലഭിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഉണ്ടായില്ല. അതേ സമയം കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ ജൂൺ, ജുലൈ മാസങ്ങളിൽ മഴ കുറവയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ പിന്നീട് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വലിയതോതിലുള്ള മഴ ലഭിക്കാറുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.