കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇന്ന് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഇന്നലെ രാത്രി ഒരാളെയും ഇന്ന് രാവിലെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അടക്കമുള്ളവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിന്റെ മൊഴി രേഖപ്പെടുത്തി. മൻസൂറിന്റെ ബന്ധുക്കളുടെയും മൊഴിയെടുത്തു. സംഭവത്തിന് ദൃക്സാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും മൊഴിയും എടുക്കുന്നുണ്ട്.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബെറിഞ്ഞതെന്നാണ് എഫ്‌ഐആറിലുള്ളത്.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ. ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന സ്ഥലത്തിനടുത്തുനിന്ന് നാട്ടുകാർക്കു കിട്ടിയ മൊബൈൽഫോൺ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇത് വിശദ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.

മൻസൂറിന്റെ കൊലപാതകത്തിനായി അക്രമികൾ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലായ പ്രതി ഷിനോസിന്റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു.

ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പാനൂർ കൊലക്കേസിൽ നിലവിലെ അന്വേഷണസംഘത്തെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മൻസൂറിന്റെ പാനൂരിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.