- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളവായി കൊലക്കേസ് പ്രതിയാക്കിയാൽ അവൻ തകർന്നുപോകുമെന്ന് ലീഗുകാർക്ക് അറിയാമായിരുന്നു; തിരഞ്ഞെടുപ്പ് നാളിൽ അവരവനെ മർദ്ദിച്ചു; മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗെന്ന് മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ അമ്മ; രതീഷ് ആത്മഹത്യ ചെയ്തത് തന്നെ ആണെന്ന് എംവി ജയരാജൻ
കണ്ണൂർ: തന്റെ മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ആണെന്ന ആരോപണവുമായി മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ അമ്മ. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേർത്തത്. കളവായി പ്രതി ചേർത്തതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തത്. ഇതിന് കാരണക്കാരായ ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി.ജി.പിക്ക് പരാതി നൽകി.
തിരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി രതീഷ് പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർത്തതിൽ മകൻ ആകെ പ്രയാസത്തിലായിരുന്നു. കളവായി കൊലക്കേസിൽ പ്രതിയാക്കിയാൽ അവൻ മാനസിക സംഘർഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഗൂഢാലോചന നടത്തി പ്രതിചേർക്കുകയായിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രതീഷിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അന്യായമായി കൊലക്കേസിൽ പ്രതിചേർത്തതിൽ മനംനൊന്താണ് രതീഷ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് ലീഗ് പ്രവർത്തകർ രതീഷിനെ മർദ്ദിച്ചിരുന്നു. രതീഷിന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ ലീഗാണെന്നും ജയരാജൻ ആരോപിച്ചു.
'രതീഷിന്റെ മാതാവ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. തന്റെ മകൻ പോളിങിന് ശേഷം വീട്ടിലെത്തിയിരുന്നെന്നും വീട്ടിൽ വന്ന മകൻ പറഞ്ഞത് ലീഗുകാർ തന്നെ മർദ്ദിച്ചെന്നും ദേഹമാസകലം വേദനയുണ്ടെന്നും രതീഷ് പറഞ്ഞതായി അവർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. മർദ്ദിച്ചതിന് ശേഷം അവിടെയുണ്ടായ ഒരു കൊലപാതകകേസിൽ തന്നെ പ്രതിയാക്കി എന്നാണ് വാർത്തകൾ വരുന്നതെന്നും അതുകൊണ്ടുതന്നെ തനിക്കിപ്പോൾ വീട്ടിൽ കഴിയാനാവില്ലെന്ന് വളരെ സങ്കടത്തോടുകൂടിയാണ് മകൻ പറഞ്ഞത് എന്നും മാതാവ് പരാതിയിൽ പറയുന്നു.
രതീഷിന്റെ മരണത്തിന് ഉത്തരവാദികൾ അന്യായമായി കേസിൽ പ്രതിയാക്കിയ ലീഗുകാരാണ്. രതീഷിനെ മർദ്ദിച്ച ലീഗുകാരാണ് യഥാർത്ഥത്തിൽ ആത്മഹത്യയ്ക്ക് കാരണക്കാർ. ഈ ആളുകളുടെ പേരിൽ നടപടിയെടുക്കുകയാണ് വേണ്ടത് എന്നാണ് ഇപ്പോൾ രതീഷിന്റെ മാതാവ്, മകന്റെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന മാതാവ് പരാതിയിൽ പറയുന്നത്', എംവി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
രതീഷിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം പൊലീസ് നടത്തുകയാണ് വേണ്ടത്. നാട്ടിൽ സമാധാനമുണ്ടാവണമെന്നാണ് സിപിഐഎം ആഗ്രഹിക്കുന്നത്. സമാധാനയോഗം ബഹിഷ്കരിച്ചുകൊണ്ട് അത് ചെയ്യാൻ കഴിയില്ല. യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു. എൽഡിഎഫിനും സർക്കാരിനും സിപിഐഎമ്മിനുമെതിരായ രാഷ്ട്രീയ പ്രചാരകവേലയാണ് യുഡിഎഫിപ്പോൾ നടത്തുന്നത്. മൻസൂറിന്റെ കൊലയാളികളെയും അറസ്റ്റ് ചെയ്യണം, വിലാപയാത്രയ്ക്കിടെ അക്രമം നടത്തിയവർക്കെതിരെ നടപടിയും സ്വീകരിക്കണം. ഇതാണ് നാട്ടിൽ സമാധാനമുണ്ടാക്കാനായി ചെയ്യേണ്ടത്. യോഗം ബഹിഷ്കരിച്ചവർ ജില്ലാ ഭരണകൂടം കൊണ്ടുവരുന്ന സമാധാന പരിപാടികളോട് സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ നാലാംപ്രതി ശ്രീരാഗ് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നെന്നും ജയരാജൻ പറഞ്ഞു. 'രതീഷും ശ്രീരാഗും മരണപ്പെട്ട നിലയിൽ കണ്ടെത്തിയെന്നാണ് മാധ്യമവാർത്ത. ശ്രീരാഗ് മരിച്ചെന്ന വാർത്ത വന്നത് ഏപ്രിൽ 12ന് ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ, 11ാം തിയതി തന്നെ ശ്രീരാഗ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡ് ചെയ്യപ്പെടുകയും തലശ്ശേരി സബ്ജയിലിൽ കഴിയുകയുമാണ്. തലശ്ശേരി സബ്ജെയിലിൽ കഴിയുന്ന ശ്രീരാഗ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വാർത്ത. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രസ് കൗൺസിൽ നടത്തണം. ഇതുപോലൊരു വാർത്ത വരാൻ ഇടയായതിനെക്കുറിച്ച് പൊലീസും അന്വേഷണം നടത്തണം', എംവി ജയരാജൻ പറഞ്ഞു.
രതീഷ് മരിക്കുന്നതിന് തൊട്ടുമുൻപ് വരെ കേസിലെ നാലം പ്രതിക്കൊപ്പമായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് എംവി ജയരാജന്റെ പ്രതികരണം. ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കേസിലെ നാലു പ്രതികളാണ് ചെക്യാട് ഭാഗത്ത് ഒരുമിച്ചുണ്ടായിരുന്നത്. എങ്കിലും ശ്രീരാഗ് ആണ് കൂടുതൽ സമയവും രതീഷിനൊപ്പമുണ്ടായിരുന്നതെന്ന് സൈബർ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന രതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ ഏറെ ദുരൂഹത ഉണർത്തുന്നതാണ്. ഇതേത്തുടർന്ന് റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രതീഷ് തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു.ഏപ്രിൽ ഒൻപതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. കൊലപാതകത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു മരണം. മൻസൂർ വധക്കേസിൽ രണ്ടാം പ്രതിയാണ് രതീഷ്.
മറുനാടന് മലയാളി ബ്യൂറോ