- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് സിപിഎം പ്രവർത്തകന്റെ മൊഴി; കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുള്ള ഷിനോസ്; പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം; ആക്രമിക്കപ്പെട്ട ഓഫീസുകൾ സന്ദർശിച്ച് എം വി ജയരാജനും പി ജയരാജനും
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരൻ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി പി എം പ്രവർത്തകന്റെ മൊഴി നൽകി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പൊലീസ് കസ്റ്റഡിയിലുള്ള ഷിനോസ് പറഞ്ഞു.
അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരൻ മൻസൂർ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിലുള്ള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൻസൂറിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ പാനൂർ മേഖലയിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
സി പി എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു.പെരിങ്ങത്തൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് ഓഫിസുകൾക്ക് തീയിട്ടു.പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവയും ആക്രമിച്ചു. കടകൾക്കും വീടുകൾക്കും നേരെയും ആക്രമണമുണ്ടായി. ഇതോടെ പാനൂർ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പാനൂരിനോട് ചേർന്നുള്ള ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി.കണ്ണൂരിൽ ജില്ലാ കളക്ടർ ഇന്ന് സമാധാനയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.
അതിനിടെ അക്രമമുണ്ടായ സിപിഎം പാർട്ടി ഓഫീസുകൾ സിപിഎം നേതാക്കൾ സന്ദർശിച്ചു. എം വി ജയരാജനും പി ജയരാജനുമാണ് ആക്രമിക്കപ്പെട്ട പാർട്ടി ഓഫീസുകൾ സന്ദർശിച്ചത്. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്.
അതേസമയം കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കാൽമുട്ടിൽ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്ന് പ്രാഥമിക പോസ്റ്റമോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറിൽ മൻസൂറിന്റെ കാൽമുട്ട് തകർന്നു. ശരീരത്തിൽ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാർന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാലിന് വെട്ടേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൻസൂറിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങൾ നടത്താൻ സാധിക്കുകയുള്ളുവെന്നും കമ്മീഷണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ