- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിക്കലാശം കഴിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ ഒത്തുചേരലും ആഘോഷവും; സിപിഎം തകരുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ബിജെപിക്കാരൻ പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; അശോകൻ അതിരുവിട്ടപ്പോൾ ആദ്യം അടിച്ചത് മണിലാൽ; കൈയിൽ ഉണ്ടായിരുന്ന കത്തിക്ക് കുത്തി വീഴ്ത്തി പ്രതികാരം; മൺട്രോത്തുരത്തിൽ മണിലാലിന്റെ ജീവനെടുത്തത് 'രാഷ്ട്രീയം' തന്നെ
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു രാത്രി മൺറോതുരുത്തു കാനറ ബാങ്ക് കവലയിൽ രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടു നില്ക്കുകയായിരുന്നു മണിലാലും സുഹൃത്തുക്കളും. കൂട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും പ്രവർത്തകർ ഉണ്ടായിരുന്നു.
അശോകനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊട്ടികലാശം കഴിഞ്ഞു ആഘോഷത്തിനായി കരുതിയിരുന്ന മദ്യം എല്ലാവരും ഒരുമിച്ചു കഴിച്ചു. തുടർന്നു നടന്ന രാഷ്ട്രീയ ചർച്ചകളിൽ അശോകനും മണിലാലും തമ്മിൽ രൂക്ഷമായ വാദ പ്രതിവാദങ്ങൾ നടന്നു. സിപിഎം തിരഞ്ഞെടുപ്പിൽ തകരുമെന്നും ബിജെപി കേരളത്തിൽ വൻ നേട്ടം ഉണ്ടാക്കും എന്നൊക്കെയുള്ള അശോകന്റെ വാദങ്ങൾ രാഷ്ട്രീയ ചർച്ചയെ കയ്യാംകളിയിലേക്കു എത്തിച്ചു തുടർന്ന് അശോകൻ എല്ലാവരെയും അസഭ്യം പറയുകയായിരുന്നു.
അശോകന്റെ പ്രവർത്തികൾ അതിരു കടന്നതോടെ നാട്ടുകാരനും അകന്ന ബന്ധുവുമായ മണിലാൽ കയർത്തു സംസാരിക്കുകയും തർക്കം മൂത്തപ്പോൾ മണിലാൽ അശോകനെ അടിക്കുകയും ചെയ്തു. ഇതിനു ശേഷം തിരിഞ്ഞു നടന്ന മണിലാലിനെ പ്രതി പിന്നിൽ നിന്നു എത്തി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. നിലത്തു വീണ മണിലാലിനെ 2 വട്ടം കൂടി അശോകൻ നിലത്തിട്ടു കുത്തി. മറ്റുള്ളവർ ചേർന്നു അശോകനെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു.
രക്തംവാർന്നു ബോധം നഷ്ട്‌പ്പെട്ട മണിലാലിനെ അതുവഴി വന്ന കാറിൽ കയറ്റി കാഞ്ഞിരകോടു താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്നു പാലത്തറയിലെ എൻ.എസ് സഹകരണ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്തം ധാരാളം നഷ്ടപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്മ്പു ജീവൻ നഷ്ടമായി. മൃതദേഹം എൻ.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്നു ഒളിവിൽ പോയ പ്രതിയെ രാത്രി വൈകി ഈസ്റ്റ് കല്ലട പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തയിടെയാണ് ഡൽഹി പൊലീസിൽ നിന്നു വിരമിച്ചു അശോകൻ നാട്ടിൽ എത്തിയതു. അശോകന്റെ ഭാര്യ സമീപകാലത്താണ് ബിജെപി അംഗത്വം എടുക്കുന്നത്.
വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ(53) ആണ് മരിച്ചതു. രേണുകയാണ് മണിലാലിന്റെ ഭാര്യ മകൾ അരുണിമ. മൺറോതുരുത്തു എൽഡിഎഫ് ബൂത്തു ഓഫീസിനു സമീപമായിരുന്നു കൊലപാതകം.അശോകനൊപ്പം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ സത്യൻ കേസിലെ രണ്ടാം പ്രതിയാണ്. നെന്മേനി തെക്കു തുപ്പാശേരി വീട്ടിൽ അശോകൻ(55) വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യൻ(51) എന്നിവരാണ് അറസ്റ്റിൽ ആയതു.
കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വാക്കേറ്റത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഈസ്റ്റ് കല്ലട പൊലീസ് പറഞ്ഞു. അശോകൻ ബിജെപി അനുഭാവി മാത്രമാണെന്നും,ഇരുവരും ഒരുമിച്ചു മദ്യപിച്ചു ഉണ്ടായ തർക്കം ആണു കൊലപാതകത്തിൽ കലാശിച്ചെതെന്നും, കൊലപാതകത്തിനു ഒരുവിധ രാഷ്ട്രീയ കാരണങ്ങളും ഇല്ല എന്നും പൊലീസ് പറഞ്ഞു. മരിച്ചയാളും പ്രതിയും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ബിജെപി നേതൃത്വങ്ങൾ പറഞ്ഞു. പെട്ടെന്നുള്ള വികാരത്തിൽ സംഭവിച്ച കൊലപാതകത്തെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നു ബിജെപി ആരോപിച്ചു.
എന്നാൽ സിപിഎം വൃത്തങ്ങൾ പറയുന്നത് ദീർഘനാളായി പ്രാദേശികമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ കൊലപാതകത്തിൽ എത്തുകയായിരുന്നു എന്നാണ്. ആർഎസ്എസ് പദ്ധതിയിട്ടു നടപ്പിലാക്കിയതാണ് കൊലപാതകം എന്നു പ്രദേശിക സിപിഎം നേതാക്കൾ പറയുന്നു. വ്യക്തമായ ഗൂഢാലോചനയോടെ ആർഎസ്എസ് നടത്തിയ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊല്ലം ജില്ലയിലെ 5 പഞ്ചായത്തുകളിൽ സിപിഎം ഇന്നു ഹർത്താൽ നടത്തുകയാണ്.
ഉച്ചയ്ക്കു 1 മണി മുതൽ 4 മണിവരെയാണ് ഹർത്താൽ. കുണ്ടറ നിയോജക മണ്ഡലത്തിലെ മൺറോതുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാടു എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിക്കുക. സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ,കെ .സോമപ്രസാദ് എം പി ,എൻ നൗഷാദ് എംഎൽഎ എന്നിവർ ആശുത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.