ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്ന് ഗോൾഡൻ സൺഡേ. ഭാരദ്വാഹനത്തിലും ഷൂട്ടിങിലുമാണ് ഇന്ത്യ ഇന്ന് സ്വർണ വേട്ട നടത്തിയത്. ഇതിന് പുറമേ ഷൂട്ടിങിലും ഭാരദ്വാഹനത്തിലും ഓരോ വെങ്കല മെഡലും ഇന്ത്യ ഇന്ന് കരസ്ഥമാക്കി.

ഭാരദ്വാഹനത്തിൽ 69 കിലോഗ്രാം വിഭാഗത്തിൽ പൂനം യാദവും ഷൂട്ടിംഗിൽ 16കാരി മനു ഭേകറാണ് ആറാം സ്വർണം നേടിയത്. പൂനത്തിന്റെ നേട്ടത്തോടെ ഗോൾഡ്കോസ്റ്റിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമായി. 69 കിലോഗ്രാമിൽ ആകെ 222 കിലോഗ്രാമുയർത്തിയാണ് പൂനം യാദവ് സ്വർണം നേടിയത്. സ്നാച്ചിൽ 100 കിലോഗ്രാമും ക്ലീനിലും ജെർക്കിലും 122 കിലോഗ്രാമുമാണ് താരം ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ സാറാ ഡേവിസ് വെള്ളിയും ഫിജിയുടെ അപോലോനിയ വൈവൈ വെങ്കലം നേടി.

പൂനം സ്വർണ മെഡൽ സ്വന്തമാക്കി മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മനു ഭാക്കറിലൂടെ ഗോൾഡ്‌കോസ്റ്റിൽ വീണ്ടും ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയത്. ഷൂട്ടിംഗിലെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭേകറിന്റെ നേട്ടം. ഇന്ത്യയുടെ തന്നെ ഹീന സിധുവിനാണ് വെള്ളിമെഡൽ. 94 കിലോ ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂറിന് വെങ്കലം ലഭിച്ചു. 351 കിലോ ഉയർത്തിയാണ് വികാസ് മെഡൽ സ്വന്തമാക്കിയത്.

പാപുവ ന്യൂ ഗിനിയ താരം സ്റ്റീവൻ കരിയാണ് ഈ ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. ഗെയിംസിൽ ആറുസ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡൽനേട്ടം പതിനൊന്നായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ രവികുമാറിന് വെങ്കലം ലഭിച്ചു. ബോക്‌സിംഗിൽ ഇന്ത്യയുടെ മേരികോം സെമിഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചു. വനിതകളുടെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ കടക്കുകയും ചെയ്തു.