പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ സ്വദേശി മനു വർഗീസ് കുളത്തുങ്കൽ ആണ് ലോക റെക്കോർഡിന് അർഹനായത്. കോവിഡ് കാലഘട്ടത്തിൽ 28 അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്നും ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വിവിധ സംഘടനകളിൽ നിന്നും 53 ഓൺലൈൻ കോഴ്‌സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനാണ് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിന്റെ അംഗീകാരം ലഭിച്ചത് . ഇന്നലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.ഇ. പി ജോൺസനിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി . 2020 ഏപ്രിൽ നാല് മുതൽ മുതൽ 2021 ഓഗസ്റ്റ് 25 വരെയുള്ള കാലഘട്ടത്തിലാണ് കോഴ്‌സുകൾ ചെയ്തത് .

ജോലിക്ക് ശേഷമുള്ള ഒഴിവു സമയമാണ് വായനയ്ക്കും പഠനത്തിനുമായി നീക്കിവെക്കുന്നത് . വിദ്യാഭ്യാസം, ആരോഗ്യം ,തൊഴിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠനത്തിന് മുഖ്യമായും ആധാരമാക്കിയത്. അമേരിക്കൻ ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിൽ നിന്നും' ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ', അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിൽ നിന്നും 'കുടിയേറ്റക്കാരുടെ മാനസികപ്രശ്‌നങ്ങൾ' ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും 'സാമ്പത്തിക സന്തുലിതാവസ്ഥ ' ലോകാരോഗ്യ സംഘടനയിൽ നിന്നും 'കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ', 'വാക്‌സിനുകളുടെ ഉപയോഗം' , യുഎഇയിലെ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും 'ഓൺലൈൻ അദ്ധ്യാപനം 'മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിൽ നിന്നും' കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം 'ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്നും 'വ്യക്തിത്വ വികസനം' യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിൽ നിന്നും 'പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം' ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും' മാറുന്ന ലോകത്തെ പ്രതീക്ഷകളും പ്രചോദനവും', ലണ്ടൻ ഈ- ലേണിങ് കോളേജിൽനിന്നും 'കസ്റ്റമർ സർവീസ്' ലണ്ടൻ കിങ്‌സ് കോളേജിൽനിന്നും 'ബിസിനസ് മാനേജ്‌മെന്റ് 'തുടങ്ങിയവ ഇതിലുൾപ്പെടും. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ഇൽ നിന്നും ലോജിസ്റ്റിക്‌സ് &സപ്ലൈ ചെയിനിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ വിഷയത്തിൽ യുഎഇയിൽ നിന്നും പ്രൊഫഷണൽ സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

എഡ്യൂക്കേഷണൽ സൈക്കോളജിയിൽ ഡിപ്ലോമയും ഓൺലൈനായി നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വോളണ്ടിയർ ആയും പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് കൗൺസിൽ, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ,ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ, ലാൻ കാസ്റ്റർ യൂണിവേഴ്‌സിറ്റി, Macquaire യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ,RMIT യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ, ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യൂണിസെഫ്,InforMEA (United nations Environmental law and conventions portal) , UNITAR,UN കുടിയേറ്റ സംഘടന, അന്താരാഷ്ട്ര മാരിടൈം സംഘടന (IMO)എന്നിവിടങ്ങളിൽ നിന്നുള്ള കോഴ്‌സുകളും ഇതിലുൾപ്പെടും .

ഫസ്റ്റ് എയ്ഡ് ,ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഓൺലൈൻ കോഴ്‌സ് ഡിസൈൻ എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്‌സുകളും ചെയ്തിട്ടുണ്ട്. പഠിച്ച വിഷയങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ജോലിത്തിരക്കുകൾക്കിടയിൽ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും വായനയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടിയശേഷമാണ് പ്രവാസ ലോകത്തേക്ക് ചേക്കേറിയത്. അദ്ധ്യാപകനായും മാധ്യമപ്രവർത്തകനായും നാട്ടിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുഎഇയിലെ സാമൂഹിക -സാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ സജീവമാണ് . യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്‌സ് വിഭാഗത്തിലാണ് ജോലി. ഭാര്യ ജിഷ മനു മെഡിക്കൽ ഇൻഷുറൻസ് സൂപ്പർവൈസർ ആണ്. മക്കൾ : ഡാരൻ( വിദ്യാർത്ഥി, എമിറേറ്റ്‌സ് നാഷണൽ സ്‌കൂൾ ഷാർജ), ഡാൻ .

മരുപ്പച്ച തേടിയുള്ള ജീവിത യാത്രയിൽ വായനയും പഠനവും കൈവിടാതെ പ്രവാസ ലോകത്ത് ശ്രദ്ധേയനായി മാറുകയാണ് ഇദ്ദേഹം . ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്ന്റെയും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്ന്റെയും അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.