കോഴിക്കോട്: 'വീട് നിർമ്മിച്ചു തരാൻ തയ്യാറായ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്' ജീവിതാരംഭത്തിൽ തന്നെ തനിച്ചായി പോയപ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി തന്നവർക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദിയാണ് മനുഷയെന്ന 13-കാരിയുടെ ഈ വാക്കുകൾ. 2019-ലെ പ്രളയത്തിൽ മാവൂർ മണക്കാട് ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ മരിച്ച് ഒറ്റപ്പെട്ടുപോയ മനുഷയ്ക്ക് എറണാകുളം ഞാറക്കൽ സ്വദേശി മൂഞ്ഞോലി ജിജു ജേക്കബാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വീട് നിർമ്മിച്ച് നൽകിയത്. സിനിമാ സംവിധായകൻ ജിബു ജേക്കബിന്റെ സഹോദരനാണ് ജിജു. പൂർത്തിയായ വീടിന്റെ താക്കോലും രേഖകളും ജില്ലാ കലക്ടർ സാംബശിവ റാവു, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ ജിജു ജേക്കബ് മനുഷക്ക് കൈമാറി. മാവൂർ പഞ്ചായത്തിലെ 18-ാം വാർഡിലെ ആറ് സെന്റ് സ്ഥലത്ത് മൂന്ന് ബെഡ്റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവയടങ്ങിയതാണ് വീട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൈദ്യുതിയും വെള്ളവും ഒരുക്കിയത്.

മനുഷയുടെ അച്ഛൻ മൈസൂർ മാണ്ഡ്യ സ്വദേശി രാജു 2019 ആഗസ്റ്റിൽ ചെറൂപ്പ മണക്കടവ് ദുരിതാശ്വാസ ക്യാമ്പിൽ രക്തസമ്മദ്ദം അധികരിച്ചാണ് മരിച്ചത്. ചെറൂപ്പ അയ്യപ്പൻകാവിന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് ഭൂമിയിൽ പ്ലാസ്റ്റിക് ടെന്റിനകത്തായിരുന്നു ഇവരുടെ ജീവിതം. ശക്തമായ മഴയിലും കാറ്റിലും ഇത് നിലംപൊത്തിയതോടെ ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തെരുവോരങ്ങളിൽ സർക്കസ് അവതരിപ്പിച്ചായിരുന്നു രാജുവും കുടുംബവും കഴിഞ്ഞിരുന്നത്. രാജുവിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. കായിക രംഗത്തും മിടുക്കിയായ മനുഷ മണക്കാട് ജി.എം.യു.പി സ്‌കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിയാണ്. ക്യാമ്പിൽ നിന്ന് മാറിയ ശേഷം മാവൂർ കണ്ണിപറമ്പിലെ വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മനുഷയുടെ വിവരങ്ങൾ അറിഞ്ഞ ജിജു ജേക്കബ് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം 2019 ഓഗസ്റ്റ് 15 നാണ് കോഴിക്കോട്ടെത്തിയത്. മനുഷയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത ആലപ്പുഴ തുമ്പോളി സ്വദേശിയും ജിജുവിനൊപ്പം എത്തിയിരുന്നു. എന്നാൽ മുതിർന്ന സഹോദരങ്ങൾ സംരക്ഷിക്കാനുള്ളതിനാൽ മാനുഷയെ നിയമപരമായി ദത്തു നൽകാനാവില്ലെന്നറിഞ്ഞതോടെ സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകാമെന്ന് ജില്ലാ കലക്ടർ സാംബശിവറാവുവിന് രേഖാമൂലം ഉറപ്പു നൽകുകയായിരുന്നു.

കോവിഡ് അടച്ചു പൂട്ടലിന് മുമ്പ് തന്നെ വീട് നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും താക്കോൽ കൈമാറാൻ കഴിഞ്ഞിരുന്നില്ല. സ്ഥലം കണ്ടെത്തുന്നതിനും വീട് നിർമ്മാണത്തിനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, മുൻവാർഡ് മെമ്പർ, നാട്ടുകാർ എന്നിവരുടെയും സഹായവുമുണ്ടായി. രണ്ടു സഹോദരങ്ങളാണ് മനുഷക്കുള്ളത്. ഇതിൽ ശ്രീനിവാസനെന്ന സഹോദരനും കുടുംബവുമായിരിക്കും മനുഷക്കൊപ്പം വീട്ടിൽ താമസിക്കുക.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ടി. രഞ്ജിത്ത്, ജില്ലാ ടി.ബി ഓഫീസർ ഡോ. പി. പി പ്രമോദ്കുമാർ, യു. എ ഗഫൂർ, മനുഷയുടെ സഹോദരൻ ശ്രീനിവാസൻ, ജിജു ജേക്കബിന്റെ ഭാര്യ ലിൻസി, മകൻ ജേക്കബ് ഷോൺ തുടങ്ങിയവർ പങ്കെടുത്തു.