മുംബൈ: വിശ്വസുന്ദരിയും ലോകസുന്ദരിയുമൊക്കെയായാൽ സ്വാഭാവികമായും അടുത്ത ലക്ഷ്യം ബോളിവുഡാണ്. പക്ഷേ മാനുഷി ഛില്ലറിനെ അതിന് കിട്ടില്ല. എന്നാൽ ഒരു നടനാണെങ്കിൽ ഛില്ലർ തയ്യാർ. പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാൻ തത്കാലം ഉദ്ദേശമില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറയുകയാണ് ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ ഛില്ലർ.

ആമിർ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാൽ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമകൾ വെറും വിനോദോപാധികളല്ല, സാമൂഹികപ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം. അതുകൊണ്ട് ഈ സിനിമകളിലെ അഭിനം എനിക്ക് ഏറെ സംതൃപ്തി നൽകുമെന്ന് തോന്നുന്നു. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരിയായ റീത ഫാരിയയെ സന്ദർശിക്കുക എന്നതാണ് മറ്റൊരു ആഗ്രഹം.-മാനുഷി ഛില്ലർ മനസ്സ് തുറക്കുന്നത് ഇങ്ങനെയാണ്.

ഒരുപാട് സിനിമകൾ കാണുന്ന ആളല്ല ഞാൻ. പുസ്തകവായനയോടാണ് കൂടുതൽ പ്രിയം. വെല്ലുവിളി നിറഞ്ഞ സിനിമകൾ സൃഷ്ടിക്കുന്ന ആമിറിനോടാണ് എനിക്ക് കൂടുതൽ അടുപ്പം. എന്നാൽ, ഏറ്റവും പ്രിയപ്പെട്ട നടനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കുഴങ്ങും. നടികളിൽ പ്രിയങ്ക ചോപ്രയാണ് ഏറ്റവും പ്രിയപ്പെട്ട ആൾ-ഛില്ലർ പറഞ്ഞു.

ആത്മവിശ്വാസമാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് ദീപിക പദുക്കോണിനെതിരെയുള്ള ഭീഷണികൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഛില്ലർ പറഞ്ഞു. സ്ത്രീകൾക്ക് ഒരുപാട് പരിമിതികളുണ്ട്. ഒരു സ്ത്രീസൗഹൃദ സമൂഹമല്ല ഇത്. എങ്കിലും വ്യക്തികൾ എന്ന നിലയിൽ നമ്മൾ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതുണ്ട്-ഛില്ലർ പറഞ്ഞു.