ഡബ്ലിൻ: രാജ്യം മഞ്ഞിന്റെ പിടിയിൽ അമർന്നതോടെ അയർലണ്ട് തണുത്തുവിറയ്ക്കുന്നു. റോഡുകളിലെല്ലാം മഞ്ഞുവീണ് യാത്രാ തടസം നേരിട്ടതോടെ എമ്പാടും ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം. വ്യാഴാഴ്ച രാത്രി മഞ്ഞുവീഴ്ചയുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് എങ്ങും യെല്ലോ അലർട്ട് നൽകിയിരുന്നു.

പ്രതീക്ഷിച്ചതു പോലെ തന്നെ വെള്ള പുതച്ച പുലരി എത്തിയതോടെ രാജ്യമെമ്പാടും ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. രാത്രി കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. കോണാട്ട്, അൾസ്റ്റർ, ലിൻസ്റ്റർ തുടങ്ങിയ മേഖലകളിൽ മൂന്ന് സെന്റിമീറ്ററോളം കനത്തിലാണ് മഞ്ഞുവീണിരിക്കുന്നത്. മഞ്ഞുവീണ് റോഡുകളെല്ലാം തെന്നിക്കിടക്കുകയാണ്. റോഡു യാത്ര ജാഗ്രതയോടെയല്ലെങ്കിൽ അപകടം പതിയിരിപ്പുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഡൊണീഗൽ, ലെറ്റർകെന്നി, ഡൊണീഗൽ ടൗൺ, ബുൻക്രാന, മിൽഫോർഡ് എന്നിവിടങ്ങളിലെ റോഡുകളിലുള്ള മഞ്ഞുപാളി അപകടം സൃഷ്ടിക്കും.

ഈ മേഖലകളിൽ കൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കാൻ ഗാർഡ മുന്നറിയിപ്പു നൽകുന്നു. കോ മൊണഗലിലും മഞ്ഞുവീഴ്ച ഏറെ ഗതാഗത തടസം സൃഷ്ടിച്ചിട്ടുണ്ട്. കൂട്ട്ഹില്ലിലുള്ള ആർ188, ന്യൂബ്ലിസിലേക്കുള്ള ത്രീമൈൽഹൗസിലുള്ള ആർ 189 എന്നീ റോഡുകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ട്. കോണാട്ടിലുള്ള ബോയ്ൽ, കോ റോസ്‌കോമൺ, മാനർഹാമിൽട്ടൺ, കോ ലീട്രിം, സ്ലൈഗോ ടൗണിനു ചുറ്റും എന്നിവിടങ്ങളിലും മഞ്ഞുമൂലമുള്ള അപകടം പതിയിരുപ്പുണ്ടെന്ന് ഗാർഡ വ്യക്തമാക്കുന്നു. കോ മയോയിലുള്ള വെസ്റ്റ് പോർട്ടിൽ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാറ്റിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്.  മൊണഗലിലുള്ള 1700-ഓളം വീടുകൾക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതേ കാലാവസ്ഥയായിരിക്കും ആഴ്ചാവസാനം വരെ തുടരുന്നതെന്നാണ് മെറ്റ് ഐറീൻ പറയുന്നത്. കൂടിയ അന്തരീക്ഷ താപനില മൂന്നു മുതൽ ആറു ഡിഗ്രി വരെയായിരിക്കുമെങ്കിലും കാറ്റുവീശുന്നതിനാൽ തണുപ്പിന്റെ ആധിക്യം നിലനിൽക്കും.