- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്; സർക്കാരിനെതിരെ ഇടത് യുവജന സംഘടന
തിരുവനന്തപുരം: വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാർത്ഥ വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രദേശവാസികളും , കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ഏറ്റുമുട്ടൽ വ്യാജമാണെന്നും ഏകപക്ഷീയമായ പൊലീസ് നടപടിയാണ് ഉണ്ടായതെന്നുമുള്ള സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം അനിവാര്യമായി വന്നിരിക്കുകയാണ്. സർക്കാർ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
തമിഴ്നാട് സ്വദേശി വേൽമുരുകനാണ് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായി നടത്തിയ വെടിവെയ്പ്പിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വാദം. പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന മാനന്തവാടി എസ്ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് സംഘത്തിനും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലയുടെ വാർഷിക ദിനത്തിൽ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന് എതിരെ എഐവൈഎഫ് രംഗത്തുവന്നിരിക്കുന്നത്. മാവോയിസ്റ്റ് കൊലപാതങ്ങൾക്ക് എതിരെ പൊലീസിനെ വിമർശിച്ച് സിപിഐയും എഐവൈഎഫും രംഗത്തുവന്നിട്ടുണ്ട്.
മറുനാടന് ഡെസ്ക്