പൂണെ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളി മഹാരാഷ്ട പൊലീസിന്റെ പിടിയിലായതായി റിപ്പോർട്ടുകൾ. എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളിയെ പൂണെയിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് മലയാളം വാർത്താചനലുകൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കൊപ്പം ഇസ്മയിൽ എന്ന മാവോയിസ്റ്റും അറസ്റ്റിലായെന്നാണ് പൊലീസ് ഭാഷ്യം. കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ സഹോദരനാണ് ഇസ്മയിൽ. ഇരുവരേയും രഹസ്യകേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അടിയന്തിരാവസ്ഥക്കാലം മുതൽ തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നയാളാണ് ഇദ്ദേഹം.1970ൽ കോഴിക്കോട് കായണ്ണയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായ മുരളി 40 വർഷമായി ഒളിവിലാണ്. ഉത്തരേന്ത്യയിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിവന്ന മുരളി, അജിത് എന്ന പേരിൽ മാവോയിസത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളജിൽ വിദ്യാർത്ഥി ആയിരിക്കെ പഠനം ഇടയ്ക്കു വച്ച് നിർത്തി നാടുവിടുകയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നക്‌സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി.

പിന്നീട് നക്‌സൽബാരി എന്ന സംഘം രൂപീകരിച്ചു. പിളർപ്പുണ്ടായപ്പോൾ, നക്‌സലായ കെ.വേണുവിനൊപ്പം നിന്നു. പിന്നീട്, മാവോയിസ്റ്റുകൾ വീണ്ടും ലയിച്ചതോടെ മുരളി കണ്ണമ്പള്ളി നക്‌സൽബാരിയുടെ മുഖ്യനേതൃത്വം വഹിച്ചു. രാജന്റെ സഹപാഠിയായിരുന്ന മുരളി ഇടക്കുവച്ച് പഠനമുപേക്ഷിച്ച് പൂർണമായും സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജൻ പഠിച്ച കോഴിക്കോട് ആർ.ഇ.സി (എൻ.ഐ.ടി) യിൽ സിപിഐ (എം.എൽ) പ്രസ്ഥാനത്തിന്റെ മുഖ്യനേതാവായിരുന്നു.

കേരളത്തിലെ നക്‌സൽ പ്രസ്ഥാനങ്ങളുടെ രണ്ടാം ഘട്ടത്തിൽ സജീവസാന്നിധ്യമായിരുന്നു മുരളി കണ്ണമ്പിള്ളി. ഇതുവരെ പുറംലോകത്തുവരാതെ ഒളിവിൽ പ്രവർത്തിച്ചയാളായിരുന്നു അദ്ദേഹം. എൺപതുകളുടെ ആദ്യം നക്‌സൽ പ്രസ്ഥാനം പിളർന്നപ്പോൾ കെ.വേണു വിഭാഗത്തിനൊപ്പം നിന്നു. പിന്നീട് നക്‌സൽ പ്രസ്ഥാനങ്ങൾ ലയിച്ചതിനു ശേഷം കണ്ണമ്പിള്ളിയായിരുന്നു സംഘടനയുടെ മുഖ്യ നേതാവ്. എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായിരുന്നു.