ന്യൂഡൽഹി: കേരള തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷൻ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം 'കമ്യൂണിസ്റ്റ്' ആദ്യലക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു രൂക്ഷ വിമർശനം.

പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ അതേ നിലപാടാണു കേരളത്തിലെ സി.പി.എം സർക്കാരും പിന്തുടരുന്നത്. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്രാജിനെ സി.പി.എം നേതൃത്വം നഗ്‌നമായി പിന്തുണച്ചു.

ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണ്. യാഥാർഥ്യത്തിൽ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയാണ്. നക്‌സൽബാരിയിൽ '67ലുണ്ടായ വിപ്ലവത്തെ അടിച്ചമർത്താനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചരിത്രമാണു സിപിഎമ്മിനുള്ളത്.

ഭരണവർഗം കോൺഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സി.പി.എം നയമെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു. ഇതേസമയം, നിലമ്പൂരിൽ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് വധിക്കപ്പെട്ടതിനു ശേഷം സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ സമിതി കർണാടക സ്വദേശിയായ ബി.ജി.കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ചു സായുധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) കേരള പൊലീസിനു മുന്നറിയിപ്പു നൽകി.

നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയിലെ (പിഎൽജിഎ) തൊണ്ണൂറോളം പ്രവർത്തകർ വയനാട് വനമേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഐബിക്കു ലഭിച്ചിട്ടുള്ള വിവരം.

ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റു ക്യാംപിൽ സായുധ പരിശീലനം ലഭിച്ചിട്ടുള്ളവരാണു സംഘത്തിൽ. എകെ 47 തോക്കുകൾ, ഉഗ്ര സ്‌ഫോടക വസ്തുക്കൾ എന്നിവയും സംഘത്തിന്റെ പക്കലുണ്ട്. തമിഴ്‌നാട് സ്വദേശികളായ മണിവാസവൻ, കണ്ണൻ, കാർത്തിക്, കർണാടക സ്വദേശി ജയണ്ണ, ആന്ധ്ര സ്വദേശി ദീപക്, മലയാളികളായ സി.പി.ഇസ്മായിൽ, സി.പി.മൊയ്തീൻ, ലത, ജിഷ, സുന്ദരി തുടങ്ങിയവരാണു പിഎൽജിഎ വിഭാഗങ്ങൾക്കു നേതൃത്വം നൽകുന്നതെന്നും ഐബി അറിയിച്ചിട്ടുണ്ട്.

സംഘാംഗങ്ങൾ ഇടയ്ക്കു വനമേഖലയിൽ നിന്നു പുറത്തിറങ്ങി നഗരപ്രദേശങ്ങളിൽ ഒളിവിൽ കഴിയാൻ എത്താറുണ്ടെന്നും അനുഭാവികളുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നുമാണ് ഐബിക്കു ലഭിക്കുന്ന വിവരം.

പശ്ചിമഘട്ട മേഖലയിലെ സായുധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും 'കമ്യൂണിസ്റ്റ്' ആദ്യലക്കത്തിൽ അവകാശപ്പെടുന്നു. തമിഴ്‌നാട്ടിലെ ധർമപുരി വനമേഖലയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഉതൻഗരായിയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശിവൻ കൊല്ലപ്പെടുകയും രണ്ടു ഡസനിലധികം പ്രവർത്തകർ പിടിയിലാകുകയും ചെയ്തു.

തേനി കൊടൈക്കനാൽ മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റു നേതാവ് നവീൻ പ്രസാദ് കൊല്ലപ്പെട്ടു. അതിനു ശേഷമാണ് കേരള കർണാടക തമിഴ്‌നാട് സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷൻ വനമേഖല കേന്ദ്രമാക്കിയതെന്നും മുഖപത്രത്തിൽ വെളിപ്പെടുത്തുന്നു.