കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യു.എ.പി.എ.നിയമ പ്രകാരം ചാർജ്ജ് ചെയ്ത കേസുകളിൽ നാദാപുരം ഡി.വൈ.എസ്‌പി.കുറ്റപത്രം സമർപ്പിച്ചു. ഇപ്പോൾ റിമാന്റിൽ കഴിയുന്ന രൂപേഷിന് വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളുള്ളത്.

2014 ജനുവരി ഒന്നിന് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയ പാനോത്തും ജനുവരി 4 ന് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പന്നിയേരി കോളനിയിലും എത്തിയെന്നാണ് കേസ്. രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും സ്ഥലങ്ങൾ തൊട്ടടുത്താണ്. വയനാട് വനാതിർത്തിയുമായി ഏറെ ബന്ധമുള്ള സ്ഥലങ്ങളാണ് രണ്ടും. സമീപത്ത് തന്നെയാണ് കണ്ണൂർ വനത്തിന്റെ ഭാഗങ്ങളും.

രൂപേഷും മറ്റ് നാല് പേരും അടങ്ങുന്ന സായുധധാരികളായ സംഘം എത്തി കോളനിവാസികളെ ഭീഷണിപ്പെടുത്തുകയും ദേശവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തുവെന്നാണ് കേസ്. രൂപേഷിനെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. മറ്റ് നാല് പേരെയും ഇത് വരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പ് തമിഴ്‌നാട് പൊലീസാണ് രൂപേഷിനെ പിടികൂടിയത്.

നാദാപുരം പൊലീസ് സംഘം വൻ സുരക്ഷ ഒരുക്കി പന്നിയേരി,വായാട്,വലിയ പാനോം എന്നിവിടങ്ങളിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.തെളിവെടുപ്പ് സമയത്ത് മുദ്രാവാക്യം വിളികളോടെയാണ് രൂപേഷ് സ്ഥലത്തെത്തിയത്.അന്ന് വാട്സ് അപ്പ് വഴി രൂപേഷിന്റെ മുദ്രാവാക്യങ്ങൾക്ക് മലയോര മേഖലയിൽ വൻ പ്രചാരം ലഭിച്ചിരുന്നു.മലയോരത്തെ നിരവധി ആദിവാസികൾ മാവോവാദികളുടെ പ്രചരണത്തിൽ ആക്യഷ്ടരായെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

ഇതേ തുടർന്ന് വിലങ്ങാട് മലയോരം കേന്ദ്രീകരിച്ച് ഒരു പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.ഇതിനുള്ള റിപ്പോർട്ട് വളയം പൊലീസ് റൂറൽ എസ്‌പി.ക്ക് കൈമാറിയിരുന്നു. മാവോവാദി സാന്നിധ്യമുള്ള സ്ഥലത്ത് പൊലീസ് സ്റ്റേഷൻ നിർബന്ധമാണെന്ന നിലപാടിലായിരുന്നു ഉന്നത പൊലീസ് സംഘം.എന്നാൽ സർക്കാറിൽ നിന്നും അനുകൂലമായ നിലപാടല്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. നാദാപുരം ഡി.വൈ.എസ്‌പി.പ്രജീഷ് തോട്ടത്തിലായിരുന്നു ആദ്യ ഘട്ടത്തിൽ കേസന്യേഷിച്ചിരുന്നത്.ഡി.വൈ.എസ്‌പി.ഇ.സുനിൽകുമാർ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.