- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്സൽ അങ്കിൾ എന്റെ അച്ഛനെ വിട്ടയയ്ക്കണമെന്ന് വിതുമ്പിയ മകൾ രാഘവിക്ക് ഇനി ചിരിക്കാം; ഛത്തീസ്ഗഡിൽ സിആർപിഎഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ മാവോയിസ്റ്റുകൾ വിട്ടയച്ചു
ന്യൂഡൽഹി:ഛത്തീസ്ഗഢിലെ ബിജാപ്പൂരിൽ മാവോയിസ്റ്റുകളുടെ കയ്യിൽ അകപ്പെട്ട സിആർപിഎഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സിആർപിഎഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് 22 ജാവന്മാർ വീരമൃത്യു വരിച്ച ഏറ്റുമുട്ടലിനിടെയാണ് മാവോയിസ്റ്റുകൾ രാകേശ്വറിനെ ബന്ദിയാക്കിയത്. ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ജവാനെ വിട്ടയക്കാൻ മാവോയിസ്റ്റുകൾ ഉപാധികൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവ സർക്കാർ അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല. ബിജാപ്പൂരിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. മാവോയിസ്റ്റുകളുമായി മധ്യസ്ഥ ചർച്ചക്ക് പത്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാധ്യമപ്രവർത്തകരും മധ്യസ്ഥരോടൊപ്പം മാവോവാദികളുമായുള്ള സംഭാഷണത്തിൽ പങ്കെടുത്തു
സുക്മ ജില്ലയിലെ സുക്മ-ബൈജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് ഏപ്രിൽ മൂന്നിന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കോബ്ര യൂനിറ്റ്, സിആർപിഎഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
നേരത്തെ ജവാനെ വിട്ടയ്ക്കാൻ മാവോയിസ്റ്റുകൾ ഉപാധികൾ മുന്നോട്ടുവച്ചിരുന്നു. തങ്ങളുമായി സന്ധി സംഭാഷണത്തിന് സർക്കാർ ഒരുസംഘത്തെ അയച്ചാൽ, രണ്ടുദിവസത്തിനകം ജവാനെ വിട്ടയയ്ക്കാമെന്നായിരുന്നു മാവോയിസ്റ്റുകളുടെ വാഗ്ദാനം. ജവാന്റെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. വെടിയേറ്റ രാകേശ്വർ സിങ്ങിന് ചികിത്സ നൽകിയെന്നും മെച്ചപ്പെട്ടുമെന്നും മാവോയിസ്റ്റുകൾ അറിയിച്ചിരുന്നു.
ഉപാധികൾ മുന്നോട്ടുവച്ചാൽ കടുത്ത അക്രമങ്ങളിൽ ഏർപ്പെടുന്ന മാവോയിസ്റ്റുകളുമായി ചർച്ച സാധ്യമല്ലെന്ന നിലപാടിലാിരുന്നു സർക്കാർ.
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുമായി നടന്ന ഏറ്റുമുട്ടലിൽ 22 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ രാകേഷ് സിങിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ഭരണകൂടം സത്യസന്ധമായല്ല പെരുമാറുന്നത് എന്നും രണ്ടുപേജുള്ള ഹിന്ദിയിലെഴുതിയ കത്തിൽ മാവോയിസ്റ്റുകൾ കുറ്റപ്പെടുത്തിയിരുന്നു.
രാഘവിക്ക് ഇനി അച്ഛനെ കാണാം
പിതാവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സൈനികൻ രാകേശ്വർ സിങ് മൻഹയുടെ അഞ്ചുവയസുകാരി മകൾ രംഗത്തെത്തിയിരുന്നു. നക്സൽ അങ്കിൾ എന്റെ പിതാവിനെ വിട്ടയക്കണമെന്ന് വിതുമ്പി കൊണ്ടിരിക്കുന്ന വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായിരിരുന്നു. രാകേശ്വറിന്റെ അഞ്ച് വയസ്സുകാരിയായ മകൾ രാഘവിയാണ് വീഡിയോയിൽ ഉള്ളത്.
'പപ്പയെ ശരിക്കും മിസ് ചെയ്യുന്നു. അച്ഛനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. നക്സൽ അങ്കിൾ ദയവായി എന്റെ അച്ഛനെ ഒന്നും ചെയ്യരുത്. അദ്ദേഹത്തെ വീട്ടിലേക്ക് പോകാൻ അനുവദിക്കണണമെന്ന് രാഘവി വീഡിയോയിൽ പറയുന്നു. രാഘവിയുടെ അമ്മയും അമ്മാവനുമെല്ലാം വീഡിയോയിൽ സമീപത്തിരുന്ന് കരയുന്നത് കാണാം.
രാകേശ്വറിന്റെ മകൾ മാത്രമല്ല ഏഴ് വയസ്സുകാരൻ മരുമകൻ ആകാശും അമ്മാവനെ കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്. അമ്മാവാ, നിങ്ങൾ മീഡിയയിൽ നിന്നല്ലേ, എന്റെ അമ്മാവൻ എവിടെയുണ്ടാവുമെന്ന് നിങ്ങൾക്ക് അറിയുന്നുണ്ടാവുമല്ലോ, വീട്ടിൽ വന്ന റിപ്പോർട്ടർമാരോട് മുഴുവൻ ആകാശിന്റെ ചോദ്യം ഇതായിരുന്നു. രാകേശ്വറിന്റെ ബന്ധുക്കൾ മുഴുവൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും വീട്ടിലെത്തിയിരിക്കുകയാണ്. കുടുംബത്തിന് ആശ്വാസമായിട്ടാണ് ഈ വരവ്. ഏപ്രിൽ 15ന് കുടുംബത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനായി രാകേശ്വർ സിങ് വരേണ്ടതായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ