- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 ജവാന്മാർ കുടുങ്ങിയത് 500 മാവോവാദികൾക്കു മുന്നിൽ; യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കം ഉപയോഗിച്ച് ആക്രണവും; മുഖ്യസൂത്രധാരനായത് ബസ്തറിന്റെ പേടിസ്വപ്നമായ മധ്വി ഹിദ്മ; ശുഷ്ക്കമായ ശരീരപ്രകൃതിയുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഏരിയ കമാൻഡർ ചോരക്കൊതി മാറാത്ത വ്യക്തി
ന്യൂഡൽഹി: ഛത്തിസ്ഗഡിലെ റായ്പുരിൽ നിന്ന് 500 കിലോമീറ്റർ അകലെ ജോനാഗുഡ്ഡയ്ക്കടുത്തുള്ള വനത്തിലൂടെ നീങ്ങുമ്പോഴാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ.) ബറ്റാലിയനിൽപ്പെട്ട മാവോവാദികൾ ശനിയാഴ്ച ഉച്ചയോടെ വെടിയുതിർത്തത്. രണ്ടു കിലോമീറ്ററോളം നീളമുള്ള വനപാതയിൽ ഇരുനൂറോളം ജവാന്മാർ അഞ്ഞൂറോളം മാവോവാദികൾക്കുമുന്നിൽ കുടുങ്ങുങ്ങയായിരുന്നു. സൈനികരെ മാർക്ക് ചെയ്തു കൊണ്ടായിരുന്നു മാവോയിസ്റ്റുകൾ നീങ്ങിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. കാരണം, റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ജവാന്മാർ പ്രതിരോധിക്കേണ്ടി വന്നത്.
സി.ആർ.പി.എഫിലെ ബസ്തരിയ ബറ്റാലിയനിൽപ്പെട്ട ജവാന്മാരും പ്രത്യേക പരിശീലനം നേടിയ കോബ്ര യൂണിറ്റിലുള്ളവരും ജില്ലാ റിസർവ് ഗാർഡ് അംഗങ്ങളുമാണ് മാവോവാദികളെ നേരിടാൻ പോയത്. തെക്കൻ ബസ്തറിലെ കാടുകളിൽ മാവോവാദി വേട്ടയ്ക്കായി സംയുക്ത സേനയിലെ രണ്ടായിരത്തോളം അംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി നിയോഗിച്ചത്. താരേം, ഉസൂർ, പാമേട്, മിൻപ, നരാസാപുരം എന്നിവിടങ്ങളിലായായിരുന്നു തിരച്ചിൽ.
താരേം സിആർപിഎഫ്. ക്യാമ്പിന്റെ 15 കിലോമീറ്റർ മാത്രം അകലെയാണിത്. യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമാണ് മാവോവാദികൾ ഉപയോഗിച്ചത്. മധ്വി ഹിദ്മ എന്ന ഗറില്ലാ കമാൻഡാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ടാൽ ചോരയോട്ടമുണ്ടോയെന്നു തോന്നിപ്പിക്കുന്ന ശരീരപ്രകൃതമാണെങ്കിലും ചോരമരവിപ്പിക്കുന്ന നിസ്സംഗത കൊല നടത്തുന്നതിൽ അഗ്രഗണ്യനാണ് ഹിദ്മ എന്നാണ് സൈനികർ പറയുന്നത.
27ൽ 14 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ പേടിസ്വപ്നമാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി(പിഎൽജിഎ)യുടെ ഏരിയ കമാൻഡർ മധ്വി ഹിദ്മ എന്ന ഹിദ്മാലു(38). തൊണ്ണൂറുകളുടെ അവസാനത്തോടെ മാവോയിസ്റ്റായി മാറിയ ഹിദ്മ, സംസ്ഥാനം കണ്ട ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളുടെ സൂത്രധാരനാണെന്ന് അധികൃതർ പറയുന്നു. ദണ്ഡകാരണ്യ ദളത്തിലെ അംഗമായിരുന്ന ഹിദ്മ പത്താംക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും പിന്നീട് സ്വയം പഠനത്തിലൂടെ ഇംഗ്ലിഷിൽ പഠനം നേടി. ആക്രമണം നടക്കുമ്പോൾ ഹിദ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
3 വലയങ്ങളുള്ള സുരക്ഷാ സംഘത്തിനു നടുവിലാണ് ഹിദ്മയുടെ സഞ്ചാരം. ഒരു കിലോമീറ്റർ ചുറ്റളവിൽ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈൽ ജാമറുമായി 250 പേരുള്ള ആദ്യ സംഘം. പിന്നീട് 500 മീറ്റർ ചുറ്റളവിൽ മറ്റൊരു സംഘം. 200 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ സംഘം. ശനിയാഴ്ച സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയവർ ഹിദ്മയുടെ ആദ്യ സംഘത്തിലെ അംഗങ്ങളാണോ അതോ ഹിദ്മ അവിടെയുണ്ടെന്നതു കെണിയായിരുന്നോ എന്ന് ആശയക്കുഴപ്പമുണ്ട്.
ഗറില യുദ്ധമുറകളിൽ പരിശീലനം സിദ്ധിച്ച ബസവരാജുവും ഇപ്പോൾ ഹിദ്മയും തലപ്പത്തെത്തിയതോടെ മാവോയിസ്റ്റുകൾ ആക്രമണ രീതികൾ മാറ്റുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. സാധാരണ അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ഇവർ ഇത്തവണ തൊട്ടടുത്തു നിന്നുള്ള വെടിവച്ചതു തെളിവ്. മാവോയിസ്റ്റുകളുടെ കേന്ദ്ര സമിതിയിലെ ഏറ്റവും ചെറു പ്രായക്കാരനായ ഹിദ്മയെപ്പറ്റി കേട്ടുതുടങ്ങിയത് 2013ൽ മുതിർന്ന കോൺഗ്രസ് നേതാക്കളടങ്ങിയ 25 പേരെ കൊലപ്പെടുത്തിയതോടെയാണ്. പിന്നീടിങ്ങോട്ട് ബസ്തർ മേഖലയിലെ പ്രധാന ആക്രമണങ്ങൾക്കു പിന്നിലെല്ലാം ഹിദ്മയുണ്ട്. സുക്മ ജില്ലയിലെ പുർവതി ഗ്രാമത്തിൽ നിന്നുള്ള ഇയാൾക്ക് മാവോയിസ്റ്റുകൾക്കിടയിലെ ഗോത്രവർഗ മുഖം എന്ന പിരഗണനയിലാണ് പലരെയും മറികടന്ന് സ്ഥാനക്കയറ്റം നൽകിയതെന്നു പറയപ്പെടുന്നു.
അതേസമയം 22 ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാൻ ഒരുങ്ങി ഇറങ്ങുകയാണ് സൈന്യം. ഹിദ്മയുടെ അന്ത്യമടുത്തു എന്ന സന്ദേശം സൈന്യം നൽകി കഴിഞ്ഞു. മാവോയിസ്റ്റുകളുടെ പൂർണനിയന്ത്രണത്തിലായിരുന്ന സുക്മബിജാപുർ മേഖലയിൽ സുരക്ഷാ സൈനികർ ആധിപത്യമുറപ്പിക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 'അന്തിമ യുദ്ധ'മെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യം നൽകിയിരിക്കുന്ന പേര്. പൊലീസിനു വിവരം നൽകുന്ന ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്താൻ തുടങ്ങിയത് ഇപ്പോഴാണ്. നേരത്തേ കടുത്ത പീഡനങ്ങൾക്കു ശേഷം വിട്ടയയ്ക്കുമായിരുന്നു. ചെറിയ വിവരം കൈമാറുന്നവരെപ്പോലും കൊലപ്പെടുത്തണമെന്നത് ഹിദ്മയുടെ നിർദ്ദേശമായിരുന്നുവെന്ന് അധികൃതർ പറയുന്നു.
മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന 10,000 ചതുരശ്ര കിലോമീറ്ററോളം സേന പിടിച്ചടക്കിക്കഴിഞ്ഞു. മാവോയിസ്റ്റുകൾക്കു പൂർണ നിയന്ത്രണമുള്ള മേഖലകളിലേക്കും സുരക്ഷാ സേന കടക്കാൻ തുടങ്ങിയതോടെയാണ് ആക്രമണങ്ങൾക്കു മൂർച്ച കൂടിയത്. അടുത്തിടെ ഈ മേഖലകളിൽ 19 പുതിയ സൈനിക ക്യാംപുകൾ സ്ഥാപിച്ചു. സർക്കാർ ആവശ്യപ്പെട്ട 7 സിആർപിഎഫ് ബറ്റാലിയനുകളിൽ 5 എണ്ണം കൂടി വന്നതോടെ ഗ്രാമീണർ കൂടുതലായി മാവോയിസ്റ്റുകളെക്കുറിച്ചു വിവരം നൽകാൻ തുടങ്ങി. പൊലീസിനു വിവരം കൈമാറിയെന്ന സംശയത്തിൽ മോദിയാമി വിജ്ജ എന്ന ഡിവിഷൻ കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നിരുന്നു. 6മാസത്തിനിടെ 30 ഗ്രാമീണരെയാണു മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഇവരിൽ ഭൂരിഭാഗവും ആദിവാസികളാണ്.
ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയാണ് മാവോയിസ്റ്റുകൾ ചെയ്തത്. മാവോയിസ്റ്റ് സംഘം വളഞ്ഞ് ആക്രമിച്ചു. നാലുപാടു നിന്നും ഒരേസമയം ഇവർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ഒരു ഇൻസ്പെക്ടർ തിര നിറയ്ക്കുന്നതിനിടെ ചാടിവീണ അവർ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷമാണ് വെടിയുതിർത്തത്. മരിച്ച സൈനികരുടെ കൈവശമുള്ള രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഷൂസുകൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപോയി. ഗ്രാമപാതയിലും പാടത്തും ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2010 ഏപ്രിൽ 6ന് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 76 സുരക്ഷാ സൈനികരാണു വീരമൃത്യു വരിച്ചത്. തലസ്ഥാനമായ റായ്പുരിൽ നിന്ന് 600 കിലോമീറ്റർ അകലെ, ദന്തേവാഡ ജില്ലയിലെ മുക്റാന വനത്തിൽ രാവിലെ 6 നായിരുന്നു ആക്രമണം. മാവോയിസ്റ്റുകളെ തുരത്താനുള്ള ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ഒരുക്കങ്ങൾക്കായി ഒരു പാത തുറന്നു മടങ്ങുകയായിരുന്ന സിആർപിഎഫ് - പൊലീസ് സംയുക്ത സംഘത്തെ കെണിയിൽ പെടുത്തി ആക്രമിക്കുകയായിരുന്നു.