ന്യൂജേഴ്‌സി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒമ്പതിന് വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ സന്ദർശനത്തിനെത്തുന്നു.

സോമർസെറ്റിൽ പുതിയതായി നിർമ്മിച്ച ദേവാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുന്ന മെത്രാപ്പൊലീത്തയെ സ്വീകരിക്കാനായുള്ള തയ്യാറെടുപ്പിലാണ് ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയോടൊപ്പം ഇടവക സമൂഹം.

ഇന്നേ ദിവസം മാതാവിന്റെ ജനന തിരുനാളും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീർവാദ കർമ്മങ്ങളും നടക്കും. ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാദേഴ്‌സും, മരിയൻ മദേഴ്‌സും, യുവജനങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. വൈകീട്ട് ഏഴു മണിയോടെ സ്വീകരണ ചടങ്ങുകൾ ആരംഭിക്കും. തുടർന്നു മെത്രാപ്പൊലീത്തായുടെ മുഖ്യകാർമീകത്വത്തിൽ ആഘോഷമായ തിരുനാൾ കർമങ്ങൾ ദേവാലയത്തിൽ നടക്കും. മാർ ജോർജ് ആലഞ്ചേരി നയിക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഷിക്കാഗോ രൂപത മെത്രാൻ മാർ. ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത്, ഫാ. പോളി തെക്കൻ എന്നിവർ സഹകാർമികത്വം വഹിക്കും.

ദിവ്യ ബലിക്ക് ശേഷം പുതുതായി നിർമ്മിച്ച ഗ്രോട്ടോയുടെ ആശീർവാദവും, പുതിയ അധ്യയന വർഷത്തെ വിശ്വാസ പരിശീലന ക്ലസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നടക്കും.

വെള്ളിയാഴ്‌ച്ച നക്കുന്ന മാതാവിന്റെ ജന്മദിന തിരുനാൾ ആഘോഷങ്ങളിലും, ശ്രേഷ്ഠ മെത്രാപ്പൊലീത്ത കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലും പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും വികാരി ഫാ. തോമസ് കാടുകപ്പിള്ളിയും, ട്രസ്റ്റിമാരും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ് കടുകപ്പിള്ളിൽ (വികാരി) 908 837 9484, റ്റോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828. വെബ്: www. st.thomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.