സൗത്ത് ഫ്‌ളോറിഡ: 'മറ്റുള്ളവരിലേക്ക് തിരിയാതെ നമ്മിലേക്ക് തിരിയുക, മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ് നമ്മെ തിരുത്തുക'. ഷിക്കാഗോ രൂപതയുടെ ഇടയശ്രേഷ്ഠനായ മാർ ജേക്കബ് അങ്ങാടിയത്ത്  ഫെബ്രുവരി 22-ന് കോറൽസ്പ്രിംഗിലുള്ള ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ ഇടയ ജനങ്ങൾക്ക് നൽകിയ സന്ദേശമാണിത്. മഹത്തായ ഈ ഉപദേശമനുസരിച്ച് നാമെല്ലാവരും ജീവിക്കുകയാണെങ്കിൽ വ്യക്തികൾ തമ്മിലുള്ള- കുടുംബങ്ങൾ തമ്മിലുള്ള -രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എത്ര മാതൃകാപരമായിരിക്കും.

കുടുംബവല്ലരിയിൽ വിരിയുന്ന കുസുമങ്ങളാണ് ഓരോ കുഞ്ഞുങ്ങളെന്നും, നല്ല പ്രവർത്തികൾ ചെയ്ത് നല്ല ഫലം തരുന്ന വൃക്ഷങ്ങളെപ്പോലെ അവരെ വളർത്തിയെടുക്കുന്നതിൽ ഓരോ മാതാപിതാക്കളും ഉത്സുകരായിരിക്കണമെന്നും, 2015 കുടുംബ വർഷമായി ആചരിക്കുന്ന ഈ അവസരത്തിൽ അഭിവന്ദ്യ തിരുമേനി ഓർമ്മിപ്പിക്കുകയുണ്ടായി.

സപ്തതിയിൽ എത്തിനിൽക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത് ലാളിത്യത്തിന്റെ പ്രതീകമാണ്. പ്രാർത്ഥന ഉപാസനയാക്കിയ അദ്ദേഹത്തിന്റെ ജീവിതചര്യകളെക്കുറിച്ച് ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് കുമ്പക്കീൽ സംഗ്രഹിക്കുകയുണ്ടായി. ഈ അജപാലകന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എഴുപത് കുട്ടികൾ റോസാപുഷ്പങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ 35 വർഷങ്ങളായി പത്മശ്രീ കെ.ജെ. യേശുദാസിന്റെ ഗിറ്റാറിസ്റ്റായ അതുല്യ പ്രതിഭ ജോബി തുണ്ടത്തിലിന്റേയും, എൽസി വാത്യേലിലിന്റേയും നേതൃത്വത്തിൽ ഗായകസംഘം ഇടയശ്രേഷ്ഠനുവേണ്ടി പ്രത്യേകം തയാറാക്കിയ മംഗള ഗാനം ആലപിക്കുകയുണ്ടായി. മംഗളഗാനത്തിന്റെ രചയിതാവ് ജോജോ വാത്യേലിലും, ഈണംപകർന്ന് ചിട്ടപ്പെടുത്തിയത് ജോബി തുണ്ടത്തിലുമാണ്. ജോസ്മാൻ കരേടന്റെ തബലയുടെ താളലയം ഈ ഗാനാലാപനത്തിന് ഏറെ ഇമ്പമേകി.

കോറൽസ്പ്രിങ് ഫൊറോനാ ദേവാലയത്തിന്റെ വളർച്ചയുടെ ഭാഗമായി ദേവാലയത്തോടു ചേർന്ന് പണികഴിപ്പിക്കുന്ന സോഷ്യൽ ഹാളിന്റെ കല്ലിടീൽ കർമ്മം മാർ അങ്ങാടിയത്ത് നിർവഹിക്കുകയുണ്ടായി. ഇരുനൂറിലേറെ ഇടവകാംഗങ്ങൾ ഈ ഹാൾ നിർമ്മാണത്തിലേക്കുള്ള ചെക്കും വാഗ്ദാനപത്രികയും പിതാവിനെ ഏൽപിക്കുകയുണ്ടായി. ഈ ദേവാലയത്തിന്റെ വളർച്ചയ്ക്കുപിന്നിൽ തുടക്കംമുതൽ പ്രവർത്തിച്ച റവ.ഫാ. ജയിംസ് പറപ്പള്ളി, റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. സക്കറിയാസ് തോട്ടുവേലിൽ എന്നിവരെ റവ.ഫാ. കുര്യാക്കോസ് കുമ്പക്കീൽ നന്ദിയോടെ സ്മരിക്കുകയുണ്ടായി. റവ.ഫാ. ജോർജ് കിടങ്ങൻ അന്നത്തെ എല്ലാ പരിപാടികളിലും പങ്കെടുത്തു.

പാരീഷ് കൗൺസിൽ അംഗങ്ങളും, ട്രസ്റ്റിമാരായ ജോസ് വെമ്പാല, ജോസ് ചാഴൂർ, ബിനോയ് ജോർജ്, ആന്റണി തോട്ടത്തിൽ എന്നിവരും മുൻ ട്രസ്റ്റിമാരായ തോമസ് പുല്ലാട്ട്, ബെന്നി പാറത്തലയ്ക്കൽ,  പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായ ലൂക്കോസ് പൈനുങ്കൽ, ജയിംസ് മാരൂർ, പാരീഷ് സെക്രട്ടറി ലാലി പാറത്തലയ്ക്കലും എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകി. ജസി പാറത്തുണ്ടിൽ അറിയിച്ചതാണിത്.