പത്തനംതിട്ട: ദൈവം തനിക്ക് നൽകിയത് ഏറ്റവും സംതൃപ്തമായ ജീവിതമാണ്. സ്വർഗത്തിൽ ചെല്ലുമ്പോാൾ ദൈവം ഒരു ജനനത്തിന് കൂടിയുള്ള അവസരം തന്നാൽ ഇപ്പോഴത്തെ അതേ ജന്മം തന്നെ ആവർത്തിക്കാനാണത്രെ ഇഷ്ടം. സഫലമായ ജീവിതം. അതാണ് ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത. ഇന്ത്യയിൽ ഇന്നുള്ള യാഥാർത്ഥ മതേത്വര വിശ്വാസി. കർമ്മ മണ്ഡലത്തിൽ നൂറാം വയസ്സ് പിന്നിട്ടിട്ടും ജ്വലിച്ച് നിൽക്കുന്ന ക്രിസോസ്റ്റത്തിന് രാഷട്രം നൽകുന്ന വലിയ അംഗീകരാമാണ് പത്മഭൂഷൺ പുരസ്‌കാരം.

''ഞാൻ പ്രസംഗിക്കുമ്പോൾ ഉറക്കംകൊണ്ടു തല കുനിക്കുന്നവർ എന്റെ ആശയങ്ങൾ അംഗീകരിക്കുകയാണെന്നു തെറ്റിദ്ധരിക്കാൻ മാത്രം ബുദ്ധിഹീനത എനിക്ക് ആയിട്ടില്ല''-ഇങ്ങനെ പറയാനാകുന്ന ഏക വ്യക്തിയാണ് ക്രിസോസ്റ്റം തിരുമേനി. ഒരിക്കൽ നവാഭിഷിക്തരായ ബിഷപ്പുമാർ ഉപദേശം തേടിയെത്തിയപ്പോൾ ഒരു ബിഷപ് ചോദിച്ചു: അന്നും ഇന്നുമായി സഭയിൽ കാണുന്ന വ്യത്യാസമെന്താണ്? മറുപടി ഇങ്ങനെ: പണ്ട് ജനങ്ങൾ അച്ചന്മാർ പറയുന്നതാണ് വിശ്വസിച്ചിരുന്നത്. ഇന്ന് അവർ സത്യമേ വിശ്വസിക്കൂ.-എല്ലാം ഈ മറുപടിയിൽ ഒളിച്ചിരിപ്പുണ്ട്. ആത്മീയതയിലെ കപടമുഖങ്ങളെ തുറന്നെതിർത്ത വൈദിക ശ്രേഷ്ഠനാണ് മോദി സർക്കാർ പത്മഭൂഷൺ നൽകി ആദരിക്കുന്നത്.

ക്രിസ്തുവിൽ നിന്നു ക്രിസോസ്റ്റത്തിലേക്ക് ഒരു ചിരിയുടെ അകലം മാത്രമേയുള്ളൂ. മനസ്സുകളെ ചേർത്തുനിർത്താൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കണ്ടെത്തിയതും ദൈവപുത്രന്റെ മാർഗം തന്നെ. ഉപമകൾക്കു പകരം മേമ്പൊടിയായി ചേർത്തതു തമാശയായിരുന്നു. ആത്മീയ ലോകത്ത് നർമത്തിന്റെ സാധ്യത കണ്ടറിഞ്ഞു വലിയ ഇടയൻ. പള്ളിക്കകത്തു തമാശകേട്ട് ഒന്നു ചിരിച്ചു എന്നുവച്ച് ഒന്നും സംഭവിക്കില്ലെന്നു തെളിയിച്ച ക്രിസോസ്റ്റം. മാർത്തോമ്മാക്കാരെ മാത്രമല്ല എല്ലാ മനുഷ്യരെയും ചിരിക്കാൻ പഠിപ്പിച്ചു ക്രിസോസ്റ്റം. സഭയുടെ മേലധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ 2007 മുതൽ വലിയ മെത്രാപ്പൊലീത്തയായി മാറിയ ക്രിസോസ്റ്റം വിശാല സമൂഹത്തിന്റെ ഭാഗമായി ലയിച്ചു ചേർന്നുവെന്നതാണ് വസ്തുത. മാർത്തോമാ സഭയുടെ മാത്രം ആചാര്യനല്ല ഇന്ന് ക്രിസോസ്റ്റം. അദ്ദേഹത്തെ കേരളീയ പൊതുസമൂഹം തങ്ങളിലൊരുവനായി കരുതുന്നു. കാണാനും കേൾക്കാനും മതത്തിന്റെ അതിർവരമ്പുകൾ വെട്ടിമാറ്റി ഏറവും എത്തുന്നു. സ്‌നേഹം മാത്രമാണ് വലിയ ഇടയന് മലയാളി തിരിച്ചു നൽകുന്നത്.

ഒരിക്കൽ ക്രിസോസ്റ്റം എഴുതി: സഭയുടെ പരമാധ്യക്ഷൻ എന്ന് മെത്രാപ്പൊലീത്തമാരെ ചിലരെങ്കിലും അഭിസംബോധന ചെയ്യും. എന്നാൽ, സഭയുടെ പരമാധ്യക്ഷൻ ക്രിസ്തുവാണ്. സഭാ പ്രതിനിധി മണ്ഡലത്തിനും ആ സ്ഥാനമില്ല-ഇങ്ങനെ തുറന്നു പറഞ്ഞ സത്യങ്ങൾ ഏറെയാണ്. മലങ്കര സഭയിൽ അദ്ദേഹമൊരു ചരിത്രമാണ്- ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്നയാൾ. സഭയെന്നാൽ അദ്ദേഹത്തിനു സമൂഹമാകെയാണ്. എല്ലാ മതങ്ങളുടെയും ചടങ്ങുകളിൽ സന്തോഷത്തോടെ എത്തുന്നു. മറ്റു മതങ്ങളിലെ ആത്മീയ നേതാക്കളുമായി സംഭാഷണം നടത്തുന്നു. എല്ലാ പ്രായക്കാരോടും സംവദിക്കുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിൽ ശ്രീകൃഷ്ണന്റെയും ബുദ്ധന്റെയും ശിൽപങ്ങളുണ്ട്. കൃഷ്ണസങ്കൽപം അദ്ദേഹത്തിനു പ്രിയപ്പെട്ടതുമാണ്. അരമനയ്ക്കു മുന്നിലൂടെ ഒഴുകുന്ന പമ്പ അദ്ദേഹത്തിനു മാരാമൺ കൺവൻഷനു മണൽപുറം നൽകുന്ന നദി മാത്രമല്ല. ആറന്മുള വള്ളംകളിയുടെ നെട്ടായവുമാണ്.

റെയിൽവേ പോർട്ടറിലും നിറച്ചത് നർമ്മം

മൂന്നാംക്ലാസിൽ കണക്കിനു തെറ്റിയപ്പോൾ സാറിന്റെ കൈയിൽ നിന്നും മൂന്നടി വാങ്ങിയതും മൂന്നുമാസം റയിൽവേ പോർട്ടർ ജോലിചെയ്തു ജീവിക്കേണ്ടിവന്ന കാലത്തെ രസകരമായ അനുഭവങ്ങളും തിരുമേനി ഇന്നും മറന്നിട്ടില്ല. അദ്ദേഹം റെയിൽവേ പോർട്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തെ അളന്നെടുക്കാൻ ഒരു കഥ.

പെട്ടിയെടുക്കാൻ ഒരിക്കൽ ഒരു വലിയ ഉദ്യോഗസ്ഥനോട് പ്രതിഫലം ആവശ്യപ്പെട്ടു. നിയമം അനുവദിക്കുമെങ്കിൽ തരാമെന്ന അദ്ദേഹത്തിന്റെ മറുപടി. ആ ഉദ്യോഗസ്ഥന്റെ പെട്ടി എടുത്തു വയ്ക്കാൻ 20 മിനിട്ട് വേണം.ഇതിനായി ഉദ്യോഗസ്ഥൻ 20 മിനിട്ട് ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന വേതനം വേണമെന്നായി തിരുമേനി. ഇത് കേട്ട് ഉദ്യോഗസ്ഥൻ തന്റെ ബുദ്ധിയെ പുകഴ്‌ത്തിയപ്പോൾ പറഞ്ഞ മറുപടിയും രസകരമായി അവതരിപ്പിച്ചു അദ്ദേഹം. ബുദ്ധിയുണ്ടായിരുന്നേൽ സാർ എന്റെ സ്ഥാനത്തും ഞാൻ സാറിന്റെ സ്ഥാനത്തും ഇരുന്നേനെ. സംഭാഷണം അൽപ സമയം നീണ്ടു. ഇതോടെ ചോദിക്കുന്നതെന്തും നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം.

ഇതുകേട്ടതോടെ ഒന്നും വേണ്ട ഈ മനസ്സ് മതിയെന്നായി ഉത്തരം. പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുന്നവരുടെ ലോകം തങ്ങൾക്കിടയിൽ രൂപം കൊണ്ടതായി ഇരുവരും തിരിച്ചറിഞ്ഞു. ഇത്തരത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ തന്റെ ആവശ്യങ്ങളായി കരുതുന്നവരുടെ ലോകം വരണമെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് പറയുന്ന ഡോ മാർ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓർമ്മകളാണെന്നും തിരുമേനി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എല്ലാ മതനേതാക്കളേയും അംഗീകരിക്കുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.

ഫിലിപ്പ് ഉമ്മൻ വലിയ മെത്രോപൊലീത്തയായത്

നൂറു വർഷം മുൻപാണ്. പത്തനംതിട്ട കലമണ്ണിൽ കെ ഈ ഉമ്മൻ കശ്ശീശയുടെ ഭാര്യ കാർത്തികപ്പള്ളി നടുക്കേവീട്ടിൽ ശോശാമ്മ നിറവയറായി ഇരിക്കുകയാണ്. വയറു കണ്ടിട്ട് ഇരട്ടക്കുട്ടികളാണെന്ന് എല്ലാവരും പറഞ്ഞുവത്രെ. പക്ഷെ ശോശാമ്മ പ്രസവിച്ചപ്പോൾ കുട്ടി ഒന്ന്. ഒന്നാണെങ്കിലും രണ്ടുപേരുടെ തടിയുള്ളവനാണ് കുഞ്ഞെന്ന് അപ്പനടക്കം എല്ലാവരും പറഞ്ഞെന്നാണ് സ്വന്തം ജനനത്തെക്കുറിച്ച് മാർ ക്രിസോസ്റ്റം തിരുമേനി പറയാറ്. തന്റെ ജനനം പോലും നർമ്മം ചേർത്ത് പറയുന്ന വൈദികൻ.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിന്റെ അർഥം 'സ്വർണനാവുള്ളവൻ' എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

1999 ഒക്ടോബർ 23 ന് സഭയുടെ 20-മത് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. 2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.