കൊച്ചി: രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ആക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേന്ദ്രസർക്കാർ തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'വിവാഹത്തിന് 18 വയസ് കനോൻ നിയമപ്രകാരമുള്ളതാണ്. സർക്കാർ അതിൽ മാറ്റം വരുത്തിയാൽ അംഗീകരിക്കും. എത്ര വയസ് എന്ന നിലപാട് സഭയ്ക്ക് ഇപ്പോഴുമില്ല,' അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള നിർദ്ദേശത്തിന് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്നാണ് സൂചന.

2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹപ്രായം ഉയർത്തൽ. വിവാഹ പ്രായം ഉയർത്തുന്നതിനായി 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരും.

സ്‌പെഷ്യൽ മാരേജ് ആക്ടിലും 1955ലെ ഹിന്ദുവിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് തീരുമാനം എന്നാണ് വിവരം. 1955 ലെ ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 5(മൂന്ന്) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസുമാണ്.

കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നീതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിവാഹ പ്രായം ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാൻ അനുമതി നൽകിയത്. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആണ് ശുപാർശകൾ സമർപ്പിച്ചത്.

'1978 ലാണ് 1929ലെ ശാരദാ നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായം 15 വയസ്സിൽ നിന്ന് 18 വയസാക്കി ഉയർത്തിയത്. ശാരദാ നിയമത്തിന് പകരം ബാല വിവാഹ നിരോധന നിയമം 2006ൽ കൊണ്ടുവന്നെങ്കിലും പ്രായ പരിധി മാറ്റിയിരുന്നില്ല. അതേസമയം കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സിപിഎം, മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു