- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവർണ്ണജൂബിലിക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ: പൗരോഹിത്യത്തിന്റെ അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. കത്തീഡ്രലിൽ പിതാവിന്റെ നേതൃത്വത്തിൽ ജനുവരി അഞ്ചാം തീയതി പൗരോഹിത്യത്തിന്റെ വാർഷികദിനത്തിൽ നടന്ന ദിവ്യബലിയിൽ രൂപതയിലെ പന്ത്രണ്ടോളം വൈദീകർ സഹകാർമികരായിരുന്നു.
ദിവ്യബലിക്കുശേഷം വികാരി ഫാ. തോമസ് കടുകപ്പള്ളിയിലും കൈക്കാരന്മാരും ചേർന്ന് പിതാവിന് ബൊക്കെ നൽകി ആദരിക്കുകയുണ്ടായി. പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. പോൾ ചൂരതൊട്ടിയിലിനേയും, മുപ്പതാം വാർഷികം ആഘോഷിക്കുന്ന കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയേയും, ഫാ. ആന്റണി പിട്ടാപ്പള്ളിയേയും പ്രത്യേകം അനുമോദിക്കുയുണ്ടായി.
അങ്ങാടിയത്ത് പിതാവ് തന്റെ പൗരോഹിത്യത്തിന്റെ സിംഹഭാഗവും അമേരിക്കയിലെ വിശ്വാസി സമൂഹത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നത് പ്രത്യേകം അനുസ്മരിക്കേണ്ടതാണ്. പിതാവിന്റെ ശ്രമഫലമായി 45 ഇടവക ദേവാലയങ്ങളും അത്രയും തന്നെ മിഷനുകളും സ്ഥാപിക്കപ്പെട്ടുവെന്നതും ചാരിതാർത്ഥ്യജനകമാണ്. വി. കുർബാനയ്ക്കുശേഷം നടന്ന സ്നേഹവിരുന്നിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.