- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്രാൻ മാർ ജേക്കബ് മുരിക്കന് ഇനി സ്വസ്ഥമായി സന്യാസ ജീവിതം നയിക്കാം; പാലാ രൂപതാ സഹായ മെത്രാന്റെ രാജി അംഗീകരിച്ചു സിനഡ്; സന്മനസുള്ള ദൈവദാസൻ മെത്രാൻ പദവിയിൽ നിന്നും പടിയിറങ്ങുന്നു
കൊച്ചി: സീറോ മലബാർ സഭയിൽ ദൈവസ്നേഹം പറഞ്ഞ് ജനഹൃദയങ്ങളിൽ ഇടംപിടിച്ച പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പദവിയിൽ നിന്നും പടിയിറങ്ങുന്നു. മെത്രാന്റെ രാജി സിനഡ് അംഗീകരിച്ചതോടെ ഇനി അദ്ദേഹത്തിന് സ്വസ്ഥമായി സന്യാസ ജീവിതം നയിക്കാം. കുറച്ചു കാലം മുമ്പ് മറുനാടൻ മലയാളി മാർ ജേക്കബ് മുരിക്കൻ പടിയിറങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവിട്ടിരുന്നു. ആ വാർത്തയാണ് ഇപ്പോൾ സിനഡ് മെത്രാൻ പദവിയിൽ നിന്നും ഇറങ്ങുമ്പോൾ ശരിവെക്കുന്നത്.
സന്യാസ ജീവിതം നയിക്കുന്നതിനായി അദ്ദേഹം നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. നേരത്തെ ഇതിന് പാലാ രൂപത അംഗീകാരം നൽകിയിരുന്നു. ഇപ്പോൾ സിനഡും കൂടി അംഗീകരിച്ചതോടെ ജേക്കബ് മുരിക്കന് സഭാ ഭരണത്തിൽ നിന്ന് വിരമിച്ച് സന്യാസത്തിലേക്ക് പോകാൻ സാധിക്കും. സഭ ആവശ്യപ്പെടുന്ന സമയങ്ങളിലും വിശേഷാൽ ദിവസങ്ങളിലും കുർബാന അർപ്പിക്കുന്നതിന് ഉൾപ്പെടെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. സ്വയം എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രൂപതാ ഭരണത്തിൽ നിന്ന് പൂർണമായും അദ്ദേഹം ഇതോടെ ഒഴിവാകുകയാണ്.
പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട്, ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ രാജിയും സിനഡ് അംഗീകരിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഇവർ രാജിവച്ചത്. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ രൂപത ഭരണത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആർച്ച് ബിഷപ്പ് ആന്റണി കരിയലിന്റെ അഭ്യർത്ഥന സിനഡ് തള്ളി. എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ തീരുമാനം. രണ്ടാഴ്ച്ചയായി ഓൺലൈൻ വഴിയാണ് സിനഡ് നടന്നിരുന്നത്.
സീറോ മലബാർ സഭയിൽ എന്നും വ്യത്യസ്തമായ നിലപാടു കൊണ്ടു ശ്രദ്ധേയനായ വ്യക്തിയാണ് ജേക്കബ് മുരിക്കൻ. രൂപതയിലെ വൈദികരുടെ സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ഗ്രൂപ്പുകളിയിലും ആഡംബര ഭ്രമത്തിലും മുഴുകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജേക്കബ് മുരിക്കന്. കുറച്ചു കാലം മുമ്പ് തന്നെ മുരിക്കൻ സ്ഥാന ത്യാഗം ചെയ്യാൻ അനുവദിക്കാനായി മാർപ്പാപ്പക്ക് കത്തയച്ചിരുന്നു. ആ കത്ത് മാർപ്പാപ്പ സിനഡിന് അയച്ചു കൊടുക്കുകയായിരുന്നു.
ആരോടും ചോദിക്കാതെ ആരുമറിയാതെ തന്റെ കിഡ്നി ഒരു ഹിന്ദുമത വിശ്വാസിക്ക് ദാനം നൽകിയ മുരിക്കൻ അന്നു തന്നെ സഭാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കരുണ, കരുതൽ, സ്നേഹം, ലളിതജീവിതം പ്രാർത്ഥനാജീവിതം എന്നിവയിൽ കടുത്ത നിലപാട്കാരനായിരുന്നു മുരിക്കൻ. സീറോ മലബാർ സഭാ നേതൃത്വവും മെത്രാന്മാരും തങ്ങളുടെ ആഡംബര ജീവിതവും ലൗകികതയും ഒക്കെ കുറക്കാൻ മാർ ജേക്കബ് മുരിക്കന്റെ അസാധാരണവും അത്യൂപൂർവമായ സ്ഥാന ത്യാഗം അവസരമാക്കുമോ എന്നത് തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.
2012 ഓഗസ്റ്റ് 24-ാം തീയതി പാലാ രുപതയുടെ സഹായ മെത്രാനായി നിയമിതനായ മുരിക്കൻ പിതാവ് റബർ ചെരിപ്പിട്ടായിരുന്നു സഹായ മെത്രാനായത്. അതുവരെ അദ്ദേഹം ധരിച്ചിരുന്നതും് സാധാരണ റബർ ചെരുപ്പായിരുന്നു. നിരവധി സമ്മർദങ്ങളുണ്ടായിട്ടും തന്റെ ജീവിത ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. 2038 ജൂൺ മാസം വരെ മെത്രാനായി തുടരാൻ സാധിക്കുമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും അതിലേക്ക് എത്തും മുമ്പ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുകയാണ്.
പണവും പ്രതാപവും സ്വാധീനിക്കാത്ത മുരിക്കൻ
1963 ജൂൺ 16ന് പ്രശസ്ത കത്തോലിക്കാ കുടുംബമായ മുട്ടചിറയിലെ മുരിക്കൻ തറവാട്ടിൽ ജനിച്ച ജേക്കബ് മുരിക്കൻ ഇക്കണോമിക്സിൽ എം എ ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു പാലായിലെ ഗുഡ് ഷെപ്പേർഡ് മെനർ സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്നത്. സാധാരണ ഗതിയിൽ 10-ാം ക്ലാസിന് മുൻപ് തന്നെ മിക്കവരും സെമിനാരിയിൽ ചേരും. എന്നാൽ മുരിക്കനാവട്ടെ പ്രായപൂർത്തിയായ ശേഷം എം എ കഴിഞ്ഞാണ് വൈദികനാകാൻ തീരുമാനിച്ചത്. ബാങ്കു മാനേജരുടെ മകനായ മുരിക്കന്റെ സഹോദരങ്ങൾ കോളേജ് അദ്ധ്യാപകരും ബാങ്ക് മാനേജർമാരും ഒക്കെയാണ്. അതൊന്നും മുരിക്കനെ വൈദികനാകുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. സമ്പന്ന കുടുംബത്തിൽ നിന്നു വന്നതിനാൽ പണവും പ്രതാപവും മുരിക്കനെ ഒട്ടും സ്വാധീനിച്ചതുമില്ല.
1993 ഡിസംബർ 27നാണ് വൈദികനായി തിരുപ്പട്ടം സ്വീകരിച്ച ജേക്കബ് മുരിക്കൻ ആദ്യം കുറവിലങ്ങാട് പള്ളി അസിസ്റ്റന്റ് വികാരിയായി. പിന്നെ നീലൂർ മക്കൻപുഴ പള്ളിയിൽ, അതിന് ശേഷം മൈനർ സെമിനാരി അദ്ധ്യാപകനായി. പിന്നീടാണ് മുരിക്കൻ രുപതാ സ്ഥാപനങ്ങളുടെ കോർപറേറ്റ് സെക്രട്ടറിയാകുന്നത്. രൂപതാ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിലും സ്ഥലം മാറ്റങ്ങളിലും 100% സുതാര്യതയും സത്യസന്ധതയും പുലർത്തിയ ചുരുക്കം ചില സെക്രട്ടറിമാരിൽ ഒരാളായിരുന്നു ജേക്കബ് മുരിക്കൻ. രുപതയുടെ പാസ്റ്ററൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുരിക്കനെ പാലാ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്.
മുരിക്കന്റെ നിയമനം രൂപതയിലെ അധികാര മോഹികളായ വൈദികരിൽ കടുത്ത അമർഷമുണ്ടായിരുന്നു. പാലാ രൂപതയിലെ വൈദികരിൽ പ്രബലരായ ഒരു വിഭാഗം അടുത്ത നാളിൽ പാലാ രൂപതാ വികാരി ജനറലായി നിയമിക്കപ്പെട്ട മാർ കുറവിലങ്ങാട് പള്ളി വികാരി ഫാദർ ജോസഫ് തടത്തിലിനെ സഹായ മെത്രാനാക്കാൻ ഏറെ ശ്രമിച്ചിരുന്നതാണ്. അതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന വൈദിക ലോബിക്ക് സകല സഹായവും ചെയ്തു കൊടുത്തത് പാലായിലെ അന്നത്തെ വികാരി അഞ്ച് വികാരി ജനറൽമാരിൽ മൂന്നുപേരായിരുന്നു. ജേക്കബ് മുരിക്കൻ പാലാ മെത്രാൻ കല്ലറങ്ങാട്ടിന്റെ ഇഷ്ട വൈദികൻ ആയിരുന്നില്ല. പലരിൽ ഒരാൾ മാത്രമായിരുന്നു മുരിക്കൻ.
സഭയിലെ പല ആഡംബര പദ്ധതികൾക്കും എതിരായിരുന്നു മുരിക്കൻ. 500 കോടി രൂപമുടക്കി ചേർപ്പുങ്കൽ എന്ന കുഗ്രാമത്തിൽ ആശുപത്രി നിർമ്മിക്കാനുള്ള നീക്കവുമായി കല്ലറങ്ങാട്ട് എത്തിയത്. ആശുപത്രി നിർമ്മാണ പദ്ധതിക്കെതിരായിരുന്നു മുരിക്കൻ. ആശുപത്രി നിർമ്മാണം കൊണ്ട് ഒരു ദരിദ്രനെ പോലും സഭയോടു ചേർത്തുനിർത്താനാവില്ല എന്ന വൈദഗതിക്കാരനായിരുന്നു മുരിക്കൻ.
മറുനാടന് മലയാളി ബ്യൂറോ