ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായി ഉയർത്തപ്പെട്ട മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങിൽ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്.എം.സി.സി) ദേശീയ നേതാക്കൾ പങ്കെടുക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ഷിക്കാഗോ കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ എസ്.എം.സി.സിയുടെ ദേശീയ നേതാക്കളായ ബോസ് കുര്യൻ, അരുൺ ദാസ്, ലൈസി അലക്‌സ്, ചാക്കോ കുര്യാക്കോസ്, ആന്റണി ചെറു എന്നിവരാണ് എസ്.എം.സി.സിയെ പ്രതിനിധീകരിച്ച് എത്തുകയും പിതാവിന് ആശംസകൾ അർപ്പിക്കുകയും ചെയ്തത്.

സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച എസ്.എം.സി.സിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ ദാസ്, മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തെ സീറോ മലബാർ രൂപതയുടെ വളർച്ചയുടെ വഴികളിലെ ഒരു നാഴികകല്ലായും ഓരോ സീറോ മലബാർ ഇടവകാംഗങ്ങൾക്കും അഭിമാനിക്കാൻ വക നൽകുന്ന ഒരു നേട്ടമാണെന്നും പറഞ്ഞു. മാർ ജോയി ആലപ്പാട്ടുമായി തനിക്കുള്ള മുന്നു പതിറ്റാണ്ടുകാലത്തെ ആത്മബന്ധവും, പിതാവ് തുടങ്ങിവച്ച യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലേക്ക്  27 വർഷം മുമ്പ് താൻ കടന്നുവരാൻ ഇടയായ സാഹചര്യവും അരുൺ ദാസ് അനുസ്മരിച്ചു. ജോയി അച്ചന്റെ ജീവിതത്തിലെ വിനയവും എളിമയുമുള്ള ജീവിതശൈലിയും യുവാക്കളെ സംഘടിപ്പിക്കുന്നതിലുള്ള താത്പര്യവും, അവരെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംഘാടകപാടവവും മാർ ജേക്കബ് അങ്ങാടിയത്തിന്റെ കരങ്ങൾക്ക് കരുത്താകുമെന്നും, സഭയുടെ വളർച്ചയിൽ മുതൽക്കൂട്ടായി തീരുമെന്നും അരുൺദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്‌ളൈറ്റ് കാൻസലായതുമൂലം ചടങ്ങിൽ എത്താൻ സാധിക്കാതെ പോയ എസ്.എം.സി.സിയുടെ ദേശീയ നേതാക്കളായ ജോർകുട്ടി പുല്ലാപ്പള്ളി, മാത്യു തോയൽ എന്നിവർ പിതാവിനെ തങ്ങളടെ ആശംസകളും പ്രാർത്ഥനകളും അറിയിച്ചു. മാർ ജോയി ആലപ്പാട്ടിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സഭയുടെ ഔദ്യോഗിക സംഘടന എന്ന നിലയിലുള്ള എസ്.എം.സി.സിയുടെ എല്ലാവിധ പിന്തുണ അറിയിക്കുകയും ചടങ്ങിൽ പിതാവിന് ബൊക്കെ നൽകി ആദരിക്കുകയും ചെയ്തു. എസ്.എം.സി.സി പി.ആർ.ഒ ജയിംസ് കുരീക്കാട്ടിൽ അറിയിച്ചതാണിത്.