കോട്ടയം: 'ഭാരതത്തിന്റെ പരമ വൈഭവത്തിനായി അഹോരാത്രം പോരാടുന്ന, വികസനത്തിന്റ പുത്തൻ പന്ഥാനുകൾ വെട്ടിത്തുറക്കാൻ അക്ഷീണം യത്‌നിക്കുന്ന ഉലകനായകനായ നരേന്ദ്ര മോദിജീയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ആവേശം വർദ്ധിപ്പിക്കാൻ നമ്മുടെ മുൻ എംഎൽഎയ്ക്ക് സാധിക്കും. നാടിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമായുള്ള പ്രവർത്തനങ്ങളിൽ തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയും ക്രാന്തദർശിയുമായ നമ്മുടെ സ്വന്തം കണ്ണന്താനം മലയാളിക്ക് എന്നും ആവേശമാണ്''- കേന്ദ്ര ടൂറിസം മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിൽ എത്തിയ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം ഒരുക്കുന്നതിനായി തയ്യാറാക്കിയ ക്ഷണപത്രികയിൽ സ്വാഗത സംഘം രക്ഷാധികാരിയായ മാർ മാത്യു അറയ്ക്കൽ കുറിച്ച വാക്കുകളാണ് മേൽപ്പറഞ്ഞത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏത് വാക്കു ഉപയോഗിച്ച് എങ്ങനെ വിശേഷിപ്പിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് ശക്തമായ ആശയക്കുഴപ്പം ഉണ്ടെന്ന് പോലും ഈ കുറിപ്പു വായിച്ചാൽ തോന്നിപ്പോകും. മോദിയോടും ബിജെപിയോടുമുള്ള ആവേശം മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്. മോദി വികസന നായകനാണെന്നും ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ അഭിമാനമാണെന്നും അദ്ദേഹം തുറന്നു പറയുന്നു. കത്തോലിക്കനായ കണ്ണന്താനത്തെ മന്ത്രിയാക്കിയതിന്റെ നന്ദി മുഴുവൻ അടങ്ങിയതാണ് ഈ വാക്കുകൽ എങ്കിലും ഈ അഭിനന്ദനത്തിന് പിന്നിലെ രാഷ്ട്രീയം വായിച്ചെടുക്കുന്നവരും ഏറെയാണ്.

എല്ലാ രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരനാണ് കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വളരെ പ്രശസ്തമാണ്. അങ്ങനെ അധികാര കേന്ദ്രത്തോട് എന്നും അടുത്തു നിൽക്കുന്ന കാഞ്ഞിരപ്പള്ളി മെത്രാനെ കയ്യിലെടുത്താൽ അത് ബിജെപിക്കും ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ് അമിഷ് ഷാ അടക്കമുള്ളവർ. അതുകൊണ്ട് തന്നെയാണ് മെത്രാന്റെ കൂടി പ്രിയങ്കരനായ അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയതും.

ബിജെപി ഉൾപ്പടെ ഒരു പാർട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എൻഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സ്ഥാനലബദ്ധിയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനത്തെ കാണുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

കസ്തൂരിരംഗൻ ഉൾപ്പടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളിൽ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സ്വതസിദ്ധമായ കഴിവുകൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുമെന്നാണ് കരുതുന്നത്. ടൂറിസം വികസിക്കുന്നതുകൊണ്ട് ക്രിസ്ത്യാനിക്കാണോ ഗുണമുണ്ടാകുന്നത്. നാടിനല്ലേ. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷവും കർഷകരാണെന്നും ബിഷപ്പ് പറയുകയുണ്ടായി. അധികാരത്തിലുള്ള ബിജെപിയോട് അടുത്തു നിൽക്കുന്ന തന്ത്രമാണ് മാർ മാത്യു അറയ്ക്കൽ വെച്ചുപുലർത്തിയിരുന്നത്. അതുകൊണ്ട് തന്നെയാണ് മോദിയെ വാനോളം പുകഴ്‌ത്തി അദ്ദേഹം നോട്ടീസ് അടിച്ചത്.

കണ്ണന്താനത്തിന് സ്വീകരണം ഒരുക്കുന്ന ചടങ്ങിലേക്ക് സി.പി.എം-കോൺഗ്രസ് നേതാക്കളെയും ക്ഷണിച്ചിരുന്നു. മന്ത്രി എംഎം മണി ചടങ്ങിൽ നിന്നു വിട്ടു നിന്നെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. പി ജെ ജോസഫ് എംഎൽഎയും കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വച്ച് മന്ത്രി കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിനിടയിലുള്ള പാലമായാണ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു..

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര ടൂറിസം ഐ ടി സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ യോഗം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെത്തിയത്. ട്രസ്റ്റിന്റെ യോഗം അവസാനിച്ച ശേഷമായിരുന്നു ബി.ജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനൊപ്പവുള്ള കണ്ണന്താനത്തിന്റെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച.വിവിധ സഭാ മേലധ്യക്ഷൻ മാർ ചേർന്ന് ഇവിടെ കണ്ണന്താനത്തെ സ്വീകരിച്ചു. തുടർന്ന് ഇവരോടൊപ്പം കണ്ണന്താനവും കുമ്മനം രാജശേഖരനും ഉച്ചഭക്ഷണവും കഴിച്ചു.ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട അൽഫോൻസ് കണ്ണന്താനം എല്ലാവരും ഒന്നിച്ചുള്ള നല്ല കാലം വരണമെന്നതാണ് മോദിയുടെ സ്വപ്നം എന്നും, അത് എല്ലാ വിഭാഗക്കാരുമായി പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

കേന്ദ്ര സർക്കാരിനിടയിലുള്ള പാലമായാണ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് പറഞ്ഞ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ കസ്തൂരി രംഗൻ വിഷയത്തിലും, നാണ്യവിളകളുടെ വിലയിടിവിലും ഇതിലൂടെ പരിഹാരം കാണുവാൻ കഴിയുമെന്ന പ്രതിക്ഷയും പങ്കുവച്ചു. ക്രൈസ്തവ സഭ അർപ്പിക്കുന്ന വിശ്വാസം അതിന്റെ അർഹിക്കുന്ന ഗൗരവത്തിലാണ് ബി' ജെ പി കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സഭയുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ പൗരാവലി ഒരുക്കിയ സ്വീകരണ യോഗത്തിലും അൽഫോൻസ് കണ്ണന്താനം പങ്കെടുത്തു.മഹാ ജൂബിലി ഹാളിൽ നടന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

മൂന്നു ദിവസത്തെ സന്ദർശനത്തിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തിയ വേളയിലും കാഞ്ഞിരപ്പള്ളി മെത്രാന്റെറോൾ നിർണായകമായിരുന്നു. അമിത് ഷായുടെ വരവിൽ കേരളത്തിൽ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും അരങ്ങൊരുക്കയപ്പോൾ അതിന് വേണ്ടി എല്ലാ ഒരുക്കങ്ങളുമായി നിന്നത് മാർ മാത്യു അറയ്ക്കലായിരുന്നു. ഗോവയിൽ ബിജെപിക്ക് ഭരിക്കാമെങ്കിൽ കേരളവും പിടിക്കാമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ. എൻഡിഎക്കാരനായ പിസി തോമസും അൽഫോൻസ് കണ്ണന്താനവും ജോർജ് കുര്യനുമാണ് ക്രൈസ്ത സഭാ നേതൃത്വത്തെ അടുപ്പിക്കാൻ ചരടുവലിക്കുന്നത്. ഇവരുടെ ശ്രമഫലമായാണ് കാഞ്ഞിരപ്പള്ളി മെത്രാനും ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയത്.